Kerala
അമിതാധികാര ശക്തിയെത്തി, തൊടുന്നതെല്ലാം പൊള്ളുന്നു: പി ശശിക്കെതിരെ പ്രതിപക്ഷം
Kerala

'അമിതാധികാര ശക്തിയെത്തി, തൊടുന്നതെല്ലാം പൊള്ളുന്നു': പി ശശിക്കെതിരെ പ്രതിപക്ഷം

Web Desk
|
20 July 2022 2:15 AM GMT

ചടുലമായ നീക്കങ്ങള്‍ക്കായി നിയോഗിച്ച പി ശശിയുടെ തന്ത്രങ്ങള്‍ പാളുന്നത് പ്രതിപക്ഷം ആയുധമാക്കുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളില്‍ വധശ്രമം നടന്നെന്ന കേസില്‍ മുന്‍ എം.എല്‍.എ ശബരീനാഥന് ജയില്‍ പോകാതെ ജാമ്യം ലഭിച്ചത് സര്‍ക്കാരിന് തിരിച്ചടിയായി. ഇന്‍ഡിഗോ റിപ്പോര്‍ട്ടിലെ മാനക്കേട് ഒഴിവാക്കാനായി തിരക്കിട്ട് സര്‍ക്കാര്‍ നടത്തിയ നീക്കം കൂടിയാണ് പൊളിഞ്ഞത്. രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകളില്‍ പൊലീസിന് തുടര്‍ച്ചയായി കോടതിയില്‍ നിന്ന് തിരിച്ചടി ലഭിക്കുന്നത് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കും ക്ഷീണമായി. ചടുലമായ നീക്കങ്ങള്‍ക്കായി നിയോഗിച്ച പി ശശിയുടെ തന്ത്രങ്ങള്‍ പാളുന്നത് പ്രതിപക്ഷവും ആയുധമാക്കുന്നുണ്ട്.

ഒന്നര മാസത്തിനിടെ പൊലീസിനും സര്‍ക്കാരിനും തിരിച്ചടി നേരിടേണ്ടി വന്നത് ഒന്നും രണ്ടും കേസുകളിലല്ല. വിദ്വേഷ പ്രസംഗ കേസില്‍ വലിയ കോലാഹാലം സൃഷ്ടിച്ച് പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അന്ന് വൈകിട്ട് തന്നെ ജാമ്യം കിട്ടി. മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ ചോദ്യംചെയ്യാന്‍ വിളിപ്പിച്ച പി.സി ജോര്‍ജിനെ പീഡന കേസില്‍ അറസ്റ്റ് ചെയ്തു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടും മജിസ്ട്രേറ്റ് കോടതി അപ്പോള്‍ തന്നെ ജാമ്യം നല്‍കി. ഇതോടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിതനായി പി ശശിയിലേക്ക് വിമര്‍ശന ശരങ്ങള്‍ ഉയര്‍ന്നു. എന്നിട്ടും സര്‍ക്കാര്‍ അടങ്ങിയില്ല.

വിമാനത്തില്‍ വെച്ച് മുഖ്യമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ചോര്‍ന്ന് കിട്ടിയ വാട്സ് ആപ് ചാറ്റിന്‍റെ പേരില്‍ അരുവിക്കര മുന്‍ എംഎല്‍എ ശബരീനാഥനെ അറസ്റ്റ് ചെയ്തെങ്കിലും അവിടെയും പാളി. കോടതി ജാമ്യം നല്‍കിയതോടെ അതും സര്‍ക്കാരിന് പ്രഹരമായി. പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി പൊലീസിനെ അനാവശ്യമായി ഉപയോഗിക്കുന്നുവെന്ന ആരോപണത്തിലേക്കാണ് പ്രതിപക്ഷം എത്തുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ ഗൂഢാലോചനയാണെന്നും അമിതാധികാര ശക്തിയെത്തിയതോടെ തൊടുന്നതെല്ലാം പൊള്ളുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. അമിതാധികാര ശക്തി പി ശശിയാണോയെന്ന ചോദ്യത്തിന് അതാരാണെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ എന്നായിരുന്നു വി.ഡി സതീശന്‍റെ മറുപടി.

ശബരീനാഥനെ ജയിലിലാക്കി പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാമെന്ന നീക്കം പൊളിഞ്ഞതോടെ സര്‍ക്കാര്‍ ഇനി ജനങ്ങളോട് കൂടുതല്‍ വിശദീകരിക്കേണ്ടി വരും.

Similar Posts