"സഭയിൽ തല്ലിത്തകർത്ത കസേര എവിടെയാണെന്ന് ഓർമയുണ്ടല്ലോ അല്ലേ.."! ഇപിയെ പരിഹസിച്ച് സതീശൻ
|എങ്ങനെയാണ് നിയമസഭയിൽ പെരുമാറേണ്ടത് എന്ന് ഇപിയെ പോലെയുള്ള ഒരാൾ പ്രതിപക്ഷത്തിന് ക്ലാസെടുക്കുന്ന വിചിത്രമായ ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നതെന്ന് ഓർത്തിട്ട് തനിക്ക് അത്ഭുതം തോന്നുന്നുവെന്നും സതീശൻ പറയുന്നു
തിരുവനന്തപുരം: സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിയമസഭ നടക്കണമെന്ന് തന്നെയാണ് പ്രതിപക്ഷത്തിന്റെ ആഗ്രഹം. സർക്കാർ ആവശ്യങ്ങൾ അംഗീകരിച്ചാൽ വിട്ടുവീഴ്ച ചെയ്യുമെന്നും സതീശൻ പറഞ്ഞു.
കഴിഞ്ഞ ദിവസം ഇപി ജയരാജൻ നടത്തിയ പ്രസ്താവനകളെയും സതീശൻ വിമർശിച്ചു. "നിയമസഭയിൽ എങ്ങനെയാണ് പെരുമാറേണ്ടത് എന്നതിന്റെ ഒരു സ്റ്റഡി ക്ലാസ് തന്നെ ഇപി ജയരാജനെടുത്തു. എംഎൽഎ ആയിരിക്കുമ്പോൾ അദ്ദേഹം തല്ലിത്തകർത്ത സ്‌പീക്കറുടെ കസേര എവിടെയെന്ന് ഞാൻ അന്വേഷിച്ചു. പാലായിലെ ഒരു ഗോഡൗണിൽ കിടക്കുന്നുണ്ടെന്നാണ് വിവരം. ഇക്കാര്യം വിനയപൂർവം ഇപിയെ ഓർമിപ്പിക്കുകയാണ്."; സതീശൻ പറഞ്ഞു.
എങ്ങനെയാണ് നിയമസഭയിൽ പെരുമാറേണ്ടത് എന്ന് ഇപിയെ പോലെയുള്ള ഒരാൾ പ്രതിപക്ഷത്തിന് ക്ലാസെടുക്കുന്ന വിചിത്രമായ ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നതെന്ന് ഓർത്തിട്ട് തനിക്ക് അത്ഭുതം തോന്നുന്നുവെന്നും സതീശൻ പറയുന്നു. പക്ഷേ, കാര്യങ്ങൾ കൗശലത്തോടെ കാണുന്ന പുതിയ ജയരാജനാണോ ഇതെന്ന് സംശയിക്കുന്നുണ്ടെന്നും സതീശൻ ചൂണ്ടിക്കാട്ടി.
ശരിക്കും ഇപി മുഖ്യമന്ത്രിയെ പരിഹസിക്കുകയാണ്. പ്രതിപക്ഷ നേതാക്കളുടെ വാക്ക് ഔട്ട് പ്രസംഗങ്ങളാണ് ഭരണകക്ഷിയെ പ്രകോപിപ്പിക്കുന്നതെന്നാണ് അദ്ദേഹം പറയാതെ പറയുന്നത്. ഞങ്ങൾ മുന്നോട്ട് വെച്ചിരിക്കുന്ന കാര്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ പ്രതിപക്ഷം സഹകരിച്ച് മുന്നോട്ട് പോവുകയുള്ളൂ. സർക്കാർ എതിരാണെങ്കിൽ നാളെ എട്ട് മണിക്ക് തിരുവനന്തപുരത്ത് ചേരുന്ന യുഡിഎഫ് പാർലമെന്ററി യോഗം ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു.
കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിന്റെ പേരിൽ നിയമസഭ നിർത്തിവെച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം വെറും 10 മിനിറ്റ് മാത്രമാണ് സഭ ചേര്‍ന്നത്. ചോദ്യോത്തര വേള റദ്ദാക്കുകയും ചെയ്തു. സഭ നടത്തിക്കൊണ്ട് പോകാൻ കഴിയാത്ത സാഹചര്യമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സ്‌പീക്കറുടെ നടപടി. എന്നാൽ, പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളെ ഭയന്ന് സർക്കാർ ഒളിച്ചോടുകയാണെന്നാണ് പ്രതിപക്ഷ അംഗങ്ങളുടെ ആരോപണം.