'ഞാൻ പറയുന്ന ചിത്രം വ്യാജമല്ല, കേസ് കൊടുക്കട്ടെ, അപ്പോൾ തെളിവ് ഹാജരാക്കാം'; ഇ.പിക്ക് മറുപടിയുമായി വി.ഡി സതീശൻ
|വൈദേകം റിസോർട്ടിൽ ഭാര്യക്ക് ഷെയറുണ്ടെന്നാണ് ഇ.പി ജയരാജൻ ഇന്ന് പറഞ്ഞതെന്നും മുമ്പ് പറഞ്ഞത് ഷെയറുണ്ടെങ്കിൽ തനിക്കും ഭാര്യക്കും തന്നേക്കാമെന്നായിരുന്നുവെന്നും വി.ഡി സതീശൻ
തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖറിനൊപ്പം ത്രിപുരയിലെ വനിതാ ബിജെപി നേതാവ് ഇരിക്കുന്ന സ്ഥാനത്ത് തന്റെ ഭാര്യയുടെ തലവെട്ടി പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. താൻ പറയുന്ന ചിത്രം വ്യാജമല്ലെന്നും വൈദേകം റിസോർട്ട് തന്നെ മാധ്യമങ്ങൾക്ക് നൽകിയ പടമാണെന്നും തനിക്കെതിരെ കേസ് കൊടുക്കുമെന്നാണല്ലോ പറയുന്നതെന്നും അപ്പോൾ തെളിവ് ഹാജരാക്കാമെന്നും വാർത്താസമ്മേളനത്തിൽ വി.ഡി സതീശൻ പറഞ്ഞു. വ്യാജമായി ചിത്രം നിർമിച്ചവരുണ്ടെങ്കിൽ കേസ് കൊടുക്കട്ടെയെന്നും അയ്യങ്കാളിയുടെ ചിത്രം ഹീനമായി പ്രസിദ്ധീകരിച്ചവർക്കെതിരെ പോലും നടപടിയുണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വൈദേകം റിസോർട്ടിൽ തന്റെ ഭാര്യക്ക് ഷെയറുണ്ടെന്നാണ് ഇ.പി ജയരാജൻ ഇന്ന് പറഞ്ഞതെന്നും മുമ്പ് പറഞ്ഞത് ഷെയറുണ്ടെങ്കിൽ തനിക്കും ഭാര്യക്കും തന്നേക്കാമെന്നായിരുന്നുവെന്നും വി.ഡി സതീശൻ പറഞ്ഞു. റിസോർട്ട് ഇടപാട് മുഖ്യമന്ത്രി അറിഞ്ഞില്ലെന്നത് വിശ്വസിക്കാൻ പ്രയാസമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇ.പി ജയരാജൻ ബിജെപി സ്ഥാനാർത്ഥികളെ പുകഴ്ത്തി പറഞ്ഞപ്പോഴാണ് തങ്ങൾ ബിജെപി നേതാവുമായുള്ള ബന്ധം അന്വേഷിച്ച് പോയതെന്നും പറഞ്ഞു. ഇപി ജയരാജൻ പാവമാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നും ബിജെപിയെ സന്തോഷിപ്പിക്കാൻ വേണ്ടി പിണറായി വിജയനാണ് അദ്ദേഹത്തെ കൊണ്ട് ഇതെല്ലാം പറയിപ്പിക്കുന്നതെന്നും സതീശൻ ആരോപിച്ചു.
ബിജെപിയിലേക്ക് ആളുകൾ പോകുന്നത് ആഘോഷിക്കുന്നത് കേരളത്തിലെ സിപിഎമ്മുകരാണെന്നും അൽഫോൻസ് കണ്ണന്താനം ഉൾപ്പടെയുളളവർ പോയപ്പോൾ പിണറായി എന്തെങ്കിലും പറഞ്ഞോയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ അപമാനിക്കുന്ന ബിജെപി വനിത നേതാവ് ശോഭ കരന്തലജയുടെ പ്രസ്താവന അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും കേരള സർക്കാർ പേടിച്ച് മിണ്ടാതിരിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.
വി.ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി ഇ.പി ജയരാജൻ നേരത്തെ രംഗത്തെത്തിയിരുന്നു. അശ്ലീല വീഡിയോ ഇറക്കുന്നതിന് പ്രശസ്തനാണ് വി.ഡി സതീശനെന്നും വൃത്തികെട്ട രാഷ്ട്രീയമാണ് അദ്ദേഹത്തിന്റേതെന്നും ഇ.പി പറഞ്ഞു. തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥിക്കെതിരെ അശ്ലീല വീഡിയോ ഇറക്കിയത് സതീശനാണ്. ഒരു ഫോട്ടോയിൽ തന്റെ ഭാര്യയുടെ തലവെട്ടി സ്വപ്ന സുരേഷിന്റെ തല വെച്ച് പ്രചരിപ്പിച്ചത് പ്രതിപക്ഷ നേതാവാണ്. എറണാകുളത്തെ നേതാവിനെയും ഉപയോഗപ്പെടുത്തിയാണ് വ്യാജ നിർമിതി. ഇപ്പോൾ ഏതോ ഒരു ഫോട്ടോയുമായി വന്ന് തെളിവുണ്ട് എന്ന് പ്രതിപക്ഷ നേതാവ് പറയുന്നു. രാജീവ് ചന്ദ്രശേഖറിനൊപ്പം ത്രിപുരയിലെ വനിതാ ബിജെപി നേതാവ് ഇരിക്കുന്ന സ്ഥാനത്ത് തന്റെ ഭാര്യയുടെ തലവെട്ടി സതീശൻ പ്രചരിപ്പിക്കുന്നുവെന്നും ഇ.പി. ഈ വൃത്തികെട്ട രാഷ്ട്രീയത്തെ എതിർക്കാൻ എല്ലാ നല്ലവരായ മനുഷ്യർക്കും കഴിയണം. ഫോട്ടോ പ്രചരിക്കുന്നതിൽ തന്റെ ഭാര്യ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇങ്ങനെയൊക്കെ ഫോട്ടോ ഉണ്ടാക്കി പ്രചരിപ്പിക്കുന്നതാണ് പ്രതിപക്ഷ നേതാവിന്റെ രാഷ്ട്രീയമെന്നും അദ്ദേഹം പറഞ്ഞു.