'പ്രിൻസിപ്പലിന്റെ മുട്ടുകാൽ തല്ലിയൊടിക്കും എന്ന് ഒരുത്തൻ പറയുമ്പോൾ പൊലീസ് കേട്ടോണ്ട് നിൽക്കുന്നു'; വിമർശനവുമായി വി.ഡി സതീശൻ
|കളമശ്ശേരിയിൽ സെക്യൂരിറ്റി ജീവനക്കാരന്റെ കൈ തിരിച്ചൊടിച്ച എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയെ ജാമ്യത്തിൽവിട്ടുവെന്നും പിറ്റേന്ന് അവൻ പോയി മഹാരാജാസ് പിള്ളേരുടെ കയ്യും കാലും ഒടിച്ചുവെന്നും പ്രതിപക്ഷനേതാവ്
കേരള പൊലീസിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കോളേജ് പ്രിൻസിപ്പലിന്റെ മുട്ടുകാൽ തല്ലിയൊടിക്കുമെന്ന് ഒരുത്തൻ ആവർത്തിച്ചു പറയുമ്പോൾ പൊലീസ് ഉദ്യോഗസ്ഥൻ കേട്ടോണ്ട് നിൽക്കുകയാണെന്നും അവർക്ക് പേടിയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. കളമശ്ശേരിയിൽ യൂണിവേഴ്‌സിറ്റി സെക്യൂരിറ്റി ജീവനക്കാരന്റെ കൈ തിരിച്ചൊടിച്ച എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയെ ജാമ്യത്തിൽവിട്ടു. പിറ്റേന്ന് അവൻ പോയി മഹാരാജാസ് പിള്ളേരുടെ കയ്യും കാലും ഒടിച്ചുവെന്നും അദ്ദേഹം വിമർശിച്ചു. ക്രിമിനലുകൾക്കെതിരെ നിയമ നടപടിയെടുക്കുന്നില്ലെന്നും പൊലീസിന് സ്വതന്ത്രമായി പ്രവർത്തിക്കാനാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തലശ്ശേരിയിൽ കാറിൽചാരിനിന്ന കുട്ടിയെ തൊഴിച്ചയാൾക്കെതിരെ പൊലീസ് ആദ്യം എന്ത് ചെയ്തവെന്നും ആഭ്യന്തരവകുപ്പ് ഉറങ്ങുകയാണെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.
ഉന്നത വിദ്യാഭ്യാസമേഖലയിൽ തുടരുന്ന പ്രതിസന്ധിക്ക് ആക്കം കൂട്ടുന്ന നടപടികളാണ് സർക്കാരിന്റേതെന്നും കേരള സർവകലാശാലക്ക് വിസി വേണ്ടെന്ന നിലാപാടാണ് സർക്കാരിനെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക സർവകലാശാലയിൽ തൽക്കാലിക വിസിയെ അകത്തുകയറ്റത്ത സിപിഎം നിലപാട് സുപ്രിംകോടതി വിധിക്കെതിരാണെന്നും വിധി അനുസരിക്കില്ല എന്നതാണ് സർക്കാരിന്റെയും സിപിഎമ്മിന്റെയും നിലപാടെന്നും വി.ഡി സതീശൻ വിമർശിച്ചു. ഇപ്പോഴത്തെ കുഴപ്പങ്ങൾക്കെല്ലാം കാരണം സംസ്ഥാന സർക്കാരിന്റെ നിലപാടാണെന്നും പറഞ്ഞു.
ആർഎസ്എസുകാരനെ ഗവർണറുടെ ഓഫീസിൽ നിയമിച്ചപ്പോൾ ഇയാൾ ആർഎസ്എസുകാരാനാണെന്ന് കത്തുകൊടുക്കാനുള്ള ധൈര്യം മുഖ്യമന്ത്രിക്ക് ഇല്ലായിരുന്നുവെന്നും അന്ന് ഇവരെല്ലാവരും ഒന്നായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Opposition leader V.D. Satheesan criticized Kerala Police