Kerala
opposition leader vd satheesan on puthuppally by poll
Kerala

തൃക്കാക്കരയിലും എൽഡിഎഫ് പറഞ്ഞത് ജയിക്കുമെന്നല്ലേ?; പോളിങ് ശതമാനം ഉയർന്നാൽ ഗുണം യുഡിഎഫിനെന്ന് വി.ഡി സതീശൻ

Web Desk
|
5 Sep 2023 6:41 AM GMT

ഉപതെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളെ ഭയന്നാണ് എ.സി മൊയ്തീൻ ഇ.ഡിക്ക് മുന്നിൽ ഹാജരാവാതിരുന്നത്.

കോട്ടയം: പുതുപ്പള്ളിയിൽ ഭാഗ്യം തങ്ങൾക്കനുകൂലമാകുമെന്ന മന്ത്രി വി.എൻ വാസവന്റെ പ്രസ്താവനയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്തും ഇതേ രീതിയിലാണ് എൽഡിഎഫ് പറഞ്ഞതെന്നും എന്നിട്ടെന്തുണ്ടായെന്നും സതീശൻ ചോദിച്ചു.

തോൽക്കുമെന്ന് പറയാൻ ആർക്കെങ്കിലും സാധിക്കുമോ, അവരെ പരിഹസിക്കാനില്ലെന്നും സതീശൻ പറഞ്ഞു. വലിയ ഭൂരിപക്ഷത്തിൽ തോറ്റുപോകുമെന്ന് പറഞ്ഞാൽ അവരുടെ പ്രവർത്തകരെല്ലാം മടങ്ങിപ്പോവില്ലേയെന്നും അദ്ദേഹം ചോദിച്ചു. പുതുപ്പള്ളി മണ്ഡലത്തിൽ മീഡിയവണിനോട് പ്രതികരിക്കുകയായിരുന്നു സതീശൻ.

പുതുപ്പള്ളിയിൽ നല്ല ഭൂരിപക്ഷം കിട്ടുമെന്ന് യുഡിഎഫ് പറഞ്ഞത് തങ്ങൾ നടത്തിയ പ്രവർത്തനങ്ങളുടെയും ജനങ്ങളുടെ ഭാഗത്തുനിന്നുള്ള പ്രതികരണത്തിന്റെയും എല്ലാ തലങ്ങളിലും യോഗം ചേർന്ന് നടത്തിയ ആലോചനയുടേയും ഭാഗമായാണ്. പ്രചരണത്തിന് പ്രധാനപ്പെട്ട നേതൃനിര തന്നെയുണ്ടായിരുന്നു. തങ്ങളെല്ലാവരും കൂടി ചേർന്ന് നടപ്പാക്കിയ തെരഞ്ഞെടുപ്പ് സംവിധാനമായിരുന്നു. നാല് തവണ യുഡിഎഫ് പ്രവർത്തകർ എല്ലാ വീടുകളും കയറിയിറങ്ങി മുഴുവൻ വോട്ടർമാരെയും വോട്ടിങ്ങിന് എത്തിക്കാനുള്ള സംവിധാനം ചെയ്തിട്ടാണ് ഈ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. മറ്റേത് കേഡർ സംവിധാനത്തെയും കവച്ചുവയ്ക്കുന്ന പ്രവർത്തനമാണ് നടത്തിയത്.

ഉമ്മൻ ചാണ്ടിയുടെ സ്വാധീനവും സർക്കാർ വിരുദ്ധ വികാരവുമാണ് സ്വപ്‌ന തുല്യമായ ഭൂരിപക്ഷം കിട്ടുമെന്ന പ്രതീക്ഷ തങ്ങൾ പങ്കുവയ്ക്കാൻ കാരണം. ഭൂരിപക്ഷത്തിന്റെ കൃത്യമായ കണക്കുപറയാത്തത് അതിനപ്പുറത്തേക്ക് പോവുമെന്നതു കൊണ്ടാണ്. തൃക്കാക്കര തെരഞ്ഞെടുപ്പ് സമയത്ത് താൻ അശ്ലീലവീഡിയോ പ്രചരിപ്പിച്ചെന്ന് വരെ എൽഡിഎഫ് പറഞ്ഞു. എന്തും പറയാനും പ്രചരിപ്പിക്കാനും യാതൊരു മടിയുമില്ലാത്ത ആളുകളാണ്. തെരഞ്ഞെടുപ്പിൽ വികസനം ചർച്ചയാക്കണമെന്ന് പറഞ്ഞു. എന്നാലവർ നടത്തിയത് അച്ചു ഉമ്മനെതിരായ അധിക്ഷേപമാണ്, പ്രചരണമാണ്.

എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം കൊടുക്കുന്നവർ തുടക്കംമുതൽ പരിഭ്രാന്തിയിലാണ്. എന്ത് പറയണമെന്നും ചർച്ച ചെയ്യണമെന്നും യാതൊരു ഐഡിയയുമില്ലെന്നും സതീശൻ ആരോപിച്ചു. ഇന്ന് ശരിക്ക് ചർച്ചയാവേണ്ടത് എ.സി മൊയ്തീനും കരുവന്നൂർ ബാങ്ക് തട്ടിപ്പുമായിരുന്നു. എന്തുകൊണ്ടാണ് എ.സി മൊയ്തീൻ ഇ.ഡിക്ക് മുന്നിൽ ഹാജരാവാതിരുന്നത്. പുതുപ്പള്ളി തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് പോകാമെന്നാണ് പറഞ്ഞത്. മുമ്പ് പോയിരുന്നെങ്കിൽ ഇന്നത്തെ ചർച്ച അതാകുമായിരുന്നു.

ഏകദേശം 315 കോടി രൂപ അടിച്ചുമാറ്റി ആളുകളെ പറ്റിച്ച് അവരെ ജീവനൊടുക്കലിന്റെ മുനമ്പിലെത്തിച്ചിരിക്കുകയാണ്. ഉപതെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളെ ഭയന്നാണ് എ.സി മൊയ്തീൻ ഇ.ഡിക്ക് മുന്നിൽ ഹാജരാവാതിരുന്നത്. പോളിങ് ശതമാനം ഉയർന്നാൽ അത് ഗുണകരമാവുക യുഡിഎഫിനാണ്. തങ്ങൾ നന്നായി പ്രവർത്തിച്ചതിന്റെ ഫലമാണിതെന്നും സതീശൻ കൂട്ടിച്ചേർത്തു.

Similar Posts