Kerala
സഹോദരപുത്രൻ വീട് തകർത്ത ലീലയ്ക്ക് പ്രതിപക്ഷ നേതാവ് വീട് വെച്ച് നൽകും
Kerala

സഹോദരപുത്രൻ വീട് തകർത്ത ലീലയ്ക്ക് പ്രതിപക്ഷ നേതാവ് വീട് വെച്ച് നൽകും

Web Desk
|
25 Oct 2023 6:13 AM GMT

സ്വത്ത് തർക്കത്തെ തുടർന്ന് വീട് നഷ്ടപ്പെട്ട ലീലയുടെ ദുരിതം മീഡിയവണാണ് പുറത്തെത്തിച്ചത്.

എറണാകുളം: പറവൂരില്‍ സഹോദര പുത്രൻ വീട് തകർത്തതിനെ തുടർന്ന് ദുരിതത്തിലായ ലീലയ്ക്ക് പ്രതിപക്ഷ നേതാവ് വീട് വെച്ച് നൽകും. ലീലയുടെ സഹോദരങ്ങൾ എഴുതി നൽകിയ ആറ് സെന്റ് സ്ഥലത്താണ് വീടൊരുക്കുക.

സന്നദ്ധ സംഘടനയുമായി ചേർന്നാണ് വീട് നിർമാണം. സ്വത്ത് തർക്കത്തെ തുടർന്ന് വീട് നഷ്ടപ്പെട്ട ലീലയുടെ ദുരിതം മീഡിയവണാണ് പുറത്തെത്തിച്ചത്.

പെരുമ്പടന്ന സ്വദേശി ലീല താമസിച്ചിരുന്ന വീടാണ് സഹോദരന്റെ മകൻ രമേഷ് ഇടിച്ച് നിരത്തിയത്. വീടിന്റെ ഉടമസ്ഥത സംബന്ധിച്ച് നേരത്തെ തർക്കമുണ്ടായിരുന്നു. ലീലയെ പുറത്താക്കാൻ രമേശ് പല തവണ ശ്രമിച്ചിരുന്നു. വീട്ടിൽ നിന്നും ലീല ഇറങ്ങാൻ തയാറാകാത്തതിനെ തുടർന്നാണ് അവർ ജോലിക്ക് പോയ സമയത്ത് രമേശ് ജെ.സി.ബി ഉപയോഗിച്ച് വീട് തകർത്തത്. ഇതോടെ പോകാൻ മറ്റൊരു ഇടമില്ലാത്തതിനാൽ വെയിലും മഴയും കൊണ്ട് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കഴിയേണ്ട അവസ്ഥയിലായിരുന്നു ലീല.

സംഭവത്തിന് പിന്നാലെ വീട് രമേശിനെതിരെ പറവൂർ പൊലീസ് കേസെടുത്തിരുന്നു. അതിക്രമിച്ച് കയറിയതിനും, വീട്ടിൽ നാശനഷ്ടം വരുത്തിയത്തിനുമാണ് കേസ്. അതേസമയം, കേട്ടുകേൾവിയില്ലാത്ത ദുരനുഭവമാണ് ലീലക്കുണ്ടായതെന്നും ലീല അനാഥയാവില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അന്ന് വ്യക്തമാക്കിയിരുന്നു.




Related Tags :
Similar Posts