നവകേരള സദസിനെതിരായ പ്രതിപക്ഷ പ്രതിഷേധം; തിരുവനന്തപുരത്ത് കനത്ത സുരക്ഷ
|അഞ്ച് ജില്ലകളിൽ നിന്ന് അഞ്ഞൂറിലധികം പൊലീസിനെ തിരുവനന്തപുരത്തെത്തിച്ചു
തിരുവനന്തപുരം: നവകേരള സദസിനെതിരായ പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുത്ത് തിരുവനന്തപുരത്ത് കനത്ത സുരക്ഷയൊരുക്കി പൊലീസ്. അഞ്ച് ജില്ലകളിൽ നിന്ന് അഞ്ഞൂറിലധികം പൊലീസിനെ തിരുവനന്തപുരത്തെത്തിച്ചു.
കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തിയ മന്ത്രിസഭയുടെ നവകേരള സദസ് ഇന്ന് അവസാനിക്കും. വട്ടിയൂർക്കാവ് മണ്ഡലത്തിലാണ് നവകേരള സദസ്സിന്റെ പര്യടനം അവസാനിക്കുന്നത്.
ജനങ്ങളിലേക്ക് ഇറങ്ങി സർക്കാരിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുക എന്നതിനൊപ്പം മറ്റു ചില രാഷ്ട്രീയ നേട്ടങ്ങളും ലക്ഷ്യം വെച്ചാണ് ഇടതുമുന്നണി സർക്കാർ നവ കേരള സദസ് സംഘടിപ്പിച്ചത് . കേന്ദ്രസർക്കാരിന്റെ സംസ്ഥാന വിരുദ്ധ നയങ്ങളും പ്രതിപക്ഷത്തിന്റെ വികസനവിരുദ്ധ സമീപനങ്ങളും തുറന്നു കാട്ടുകയായിരുന്നു യാത്രയുടെ ലക്ഷ്യം.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് മുന്നണി സംവിധാനത്തെ ചലിപ്പിക്കാൻ വേണ്ടിയുള്ള രാഷ്ട്രീയ ലക്ഷ്യവും യാത്രയ്ക്ക് പിന്നിലുണ്ട്. അത് വിജയിച്ചു എന്നാണ് ഒരു മാസത്തിലേറെ നീണ്ടുനിന്ന യാത്ര അവസാനിക്കുമ്പോൾ മുന്നണി നേതൃത്വത്തിന്റെ കണക്ക് കൂട്ടൽ.