പ്രതിപക്ഷ പ്രതിഷേധം: നടപടികൾ വെട്ടിച്ചുരുക്കി നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു
|മാർച്ച് 30 വരെ നടക്കേണ്ടിയിരുന്ന സഭാ നടപടികളാണ് പ്രതിപക്ഷ പ്രതിഷേധം കാരണം വെട്ടിച്ചുരുക്കിയത്
തിരുവനന്തപുരം: നടപടികൾ വെട്ടിച്ചുരുക്കി നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. മാർച്ച് 30 വരെ നടക്കേണ്ടിയിരുന്ന സഭാ നടപടികളാണ് പ്രതിപക്ഷ പ്രതിഷേധം കാരണം വെട്ടിച്ചുരുക്കിയത്. പ്രധാന ബില്ലുകളായ ധന ബില്ലും ധനവിനിയോഗ ബില്ലും പാസാക്കിയാണ് സഭ പിരിഞ്ഞത്. ഭരണപക്ഷം പരമാവധി ശ്രമിച്ചിട്ടും ചർച്ചയ്ക്ക് പോലും പ്രതിപക്ഷം തയ്യാറാകുന്നില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. ആവശ്യങ്ങള്‍ നിയമസഭ ചർച്ചചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ അനിശ്ചിതകാലസത്യഗ്രഹം ആരംഭിച്ചിരുന്നു
സഭയിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നാവശ്യപ്പെട്ട് തുടർച്ചയായ ആറാം ദിവസവും പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി നൽകിയെങ്കിലും മുഖ്യമന്ത്രി ഇക്കാര്യത്തിൽ മറുപടി പറയാതെ ഒഴിഞ്ഞുമാറുകയായിരുന്നു. ഇത് പ്രതിപക്ഷത്തെ ഏറെ ചൊടിപ്പിച്ചിരുന്നു. തുടർന്നാണ് സത്യഗ്രഹ സമരത്തിലേക്ക് പ്രതിപക്ഷ എം.എല്‍.എമാര്‍ പ്രതിഷേധപരിപാടികളിക്ക് കടന്ന്.
ഉമാ തോമസ്, അൻവർ സാദത്ത്, കെ.കെ.എം അഷ്റഫ്, ടി.ജെ വിനോദ്, കുറുക്കോളി മൊയ്തീൻ എന്നിങ്ങനെ അഞ്ച് എം.എൽ.എമാരാണ് നടുത്തളത്തിൽ സത്യഗ്രഹമിരുന്നത്. അന്തരിച്ച മുൻ ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കാനായി സഭയിലേക്കെത്തിയപ്പോൾ അന്നത്തെ പ്രതിപക്ഷം സഭയിലുണ്ടാക്കിയ സംഘർഷത്തിന്റെ ചിത്രങ്ങളടങ്ങിയ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ചാണ് ഇന്ന് പ്രതിപക്ഷം സഭയിലെത്തിയത്.
സഭ നടക്കുന്ന സമയത്ത് സമാന്തര സഭ നടത്തിയതിനെതിരെ സ്പീക്കർ ഇന്നലെ റൂളിങ് നൽകിയിരുന്നു. നടപടി സഭയുടെ അന്തസിന് ചേർന്നതല്ലെന്നും മേലിൽ ആവർത്തിച്ചാൽ നടപടി സ്വീകരിക്കുമെന്നുമായിരുന്നു സ്പീക്കറുടെ റൂളിങ്. ഇത് വകവെക്കാതെയാണ് ഇന്നത്തെ പ്രതിപക്ഷ സമരം.
സഭാ നടപടികൾ നടത്താൻ അനുവദിക്കില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. പ്രതിപക്ഷത്തിന്റെ സമീപനം കേരള നിയമസഭക്ക് ചേർന്നതല്ലെന്ന മുന്നറിയിപ്പും സ്പീക്കർ നൽകി. പ്രതിപക്ഷത്തെ എന്തുകൊണ്ടാണ് സ്പീക്കർ ചർച്ചക്ക് വിളിക്കുന്നില്ലെന്നായിരുന്നു പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ ചോദ്യം. എന്നാൽ ചർച്ചക്ക് വിളിച്ചിട്ടും പ്രതിപക്ഷം വരുന്നില്ലെന്നായിരുന്നു സ്പീക്കറുടെ മറുപടി. പ്രതിപക്ഷത്തിന്റെ സമീപനം ശരിയല്ലെന്നും സ്പീക്കർ ആവർത്തിച്ചു.