Kerala
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം; അടിയന്തര പ്രമേയത്തിന് അനുമതിയില്ല
Kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം; അടിയന്തര പ്രമേയത്തിന് അനുമതിയില്ല

Web Desk
|
23 July 2021 5:13 AM GMT

ബാങ്കില്‍ 104.37 കോടിയുടെ ക്രമക്കേട് നടന്നതായി സഹകരണ മന്ത്രി

കരുവന്നൂർ ബാങ്ക് തട്ടിപ്പ് സംബന്ധിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഷാഫി പറമ്പില്‍ എം.എൽ.എയാണ് നോട്ടീസ് നൽകിയത്. കേട്ടുകേള്‍വി പോലുമില്ലാത്ത തട്ടിപ്പ് പരമ്പരയാണ് കരുവന്നൂര്‍ ബാങ്കിൽ നടന്നതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.

ഒരു രൂപയുടെ വായ്പ പോലും എടുക്കാത്തവരോടാണ് മൂന്നു കോടിയുടെ വായ്പ തിരിച്ചടയ്ക്കാൻ ബാങ്ക് ആവശ്യപ്പെട്ടത്. ഇത്തരം നിരവധി കേസുകൾ ബാങ്കിൽ ഉണ്ടായി. വർഷങ്ങളായി ഈ തട്ടിപ്പ് നടക്കുന്നു. സി.പി.എം നടത്തിയ അന്വേഷണത്തിൽ തന്നെ തട്ടിപ്പ് വെളിപ്പെട്ടിരുന്നു എന്നിട്ടും ഭരണസമിതിയെ പിരിച്ചുവിടുക പോലുമുണ്ടായില്ലെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി. തട്ടിപ്പിനെ സർക്കാർ വ്യവസായവത്ക്കരിച്ചുവെന്നും ഗോവിന്ദച്ചാമിക്ക് ആളൂർ എന്ന പോലെയാണ് തട്ടിപ്പു കേസിൽ പെട്ട ക്രിമിനലുകൾക്ക് സർക്കാർ ഹോൾസെയിലായി വക്കാലത്ത് പോകുന്നതെന്നും ഷാഫി പറമ്പില്‍ പരിഹസിച്ചു.

അതേസമയം, വ്യാജവിലാസത്തിൽ വായ്പ നൽകിയതടക്കം നിരവധി ക്രമക്കേടുകൾ ബാങ്കില്‍ നടന്നതായും വിഷയത്തില്‍ ക്രൈബ്രാഞ്ച് അന്വേഷണം തുടരുകയാണെന്നും സഹകരണവകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. 104.37 കോടിയുടെ ക്രമക്കേടാണ് നടന്നത്. ഏഴു ജീവനക്കാരെ ഇതിനോടകം സസ്പെന്‍ഡ് ചെയ്തതായും കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തെറ്റു ചെയ്തവര്‍ ആരായാലും നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

Similar Posts