ഇ.ഡി പറയുന്നത് എല്ലാം വിശ്വസിക്കാന്‍ കഴിയില്ല; സ്വര്‍ണക്കടത്തു കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം
|സ്വർണക്കടത്തു കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് ഇ.ഡി പറയുന്നു
തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടു. ഇ.ഡി പറയുന്നത് എല്ലാം വിശ്വസിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാരിന്‍റെ നിരപരാധിത്വം തെളിയിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.
സ്വർണക്കടത്തു കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് ഇ.ഡി പറയുന്നു. സർക്കാരിനും പൊലീസിനുമെതിരെ ആരോപണമുണ്ട്. ഉന്നതരുടെ പേര് പറയാതിരിക്കാൻ പൊലീസ് ഭീഷണിപ്പെടുത്തി. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ ഇ.ഡി ശ്രമിക്കുന്നു എന്നാരോപണം ഉണ്ട്. ഇ.ഡിക്കെതിരെ രാജ്യവ്യാപകമായി ആരോപണം ഉണ്ട്. കോൺഗ്രസിനും ഇതേ ആരോപണമാണ്. അധികാര പരിധി കടന്ന് പ്രവർത്തിക്കുന്നു എന്നാരോപണം ഉണ്ട്. കേരളത്തിൽ നിന്നും ബംഗളൂരുവിലേക്ക് മാറ്റുന്നത് കേസ് അട്ടിമറിക്കാനാണോ എന്നും സതീശന്‍ ചോദിച്ചു.
ഇ.ഡിയെക്കുറിച്ചുള്ള നിലപാട് പ്രതിപക്ഷം മാറ്റിയതില്‍ നന്ദിയെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ഇ.ഡി. രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷം പറഞ്ഞത് ശരിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ഏജൻസികൾക്ക് പരിമിതി ഉണ്ട്. ആ പരിമിതി സി.ബി.ഐക്കുമുണ്ട്. കേന്ദ്ര സർക്കാരിന്‍റെ നിലപാട് അനുസരിച്ച് ഏജൻസികളും മാറുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇ.ഡിയുടെ അന്വേഷണത്തിന് സംസ്ഥാനം തടസപ്പെടുത്തുന്നുവെന്ന് ഇതുവരെ സംസ്ഥാനത്തെ അറിയിച്ചിട്ടില്ല. കേന്ദ്ര ഏജൻസികൾ സ്വർണക്കടത്ത് കാര്യക്ഷമമായി അന്വേഷിക്കണമെന്നാണ് സർക്കാർ നിലപാട്. സ്വർണക്കടത്തിന്‍റെ ഉറവിടവും അവസാന വിനിയോഗവും പുറത്ത് വരണം. എന്നാൽ സർക്കാരിലെ പേരുകൾ പറയാൻ നിർബന്ധിക്കുന്നു എന്ന പ്രതികളുടെ വോയ്സ് ക്ലിപ്പ് പുറത്തു വന്നിട്ടുണ്ട്. അന്വേഷണത്തിന് എല്ലാ സഹായവും നൽകാൻ സർക്കാർ തയ്യാറാണ്. അന്വേഷണം തടസപ്പെടുത്താൻ സർക്കാരിന് കഴിയില്ല. പ്രതികളുടെ താല്‍പര്യങ്ങൾക്കും വാർത്തകൾക്കും അടിസ്ഥാനത്തിൽ നടത്തേണ്ടതല്ല അന്വേഷണം. കേന്ദ്ര ഏജൻസികളെ കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുകയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സാങ്കൽപ്പിക കഥകൾ കെട്ടി ചമയ്ക്കുന്നു. മറ്റ് സംസ്ഥാനങ്ങളിലേത് പോലെ കേന്ദ്ര ഏജൻസികൾ ഇവിടെയും ചില ഇടപെടലുകൾക്ക് ശ്രമിക്കുന്നു. ഇരയ്ക്കൊപ്പം നിൽക്കുകയും വേട്ടക്കാരനൊപ്പം ഓടുകയും ചെയ്യുന്നത് ശരിയല്ല. സാക്ഷികൾക്ക് നോട്ടീസ് ലഭിക്കും മുൻപ് മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.