സംസ്ഥാനത്ത് 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്; തിരുവനന്തപുരത്തും വയനാടും യെല്ലോ അലർട്ട്
|അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരും; മലയോര മേഖലകളിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് മtന്ത്രി
തിരുവനന്തപുരം: അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിച്ചതിനാൽ സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. കാലവർഷം ഇന്ന് ആൻഡമാൻ കടലിൽ എത്തും. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.കൊല്ലം മുതൽ കണ്ണൂർ വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് നൽകിയത്. തൃശൂർ മലപ്പുറം കോഴിക്കോട് കണ്ണൂർ ജില്ലകളിലാണ് പുതിയതായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരത്തും വയനാടും യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്.
അതേ സമയം ജില്ലാ ഭരണകൂടങ്ങളോട് മുൻകരുതലെടുക്കാൻ റവന്യു വകുപ്പ് നിർദേശം നൽകി. മലയോര മേഖലകളിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് റവന്യൂമന്ത്രി കെ.രാജൻ പറഞ്ഞു. എല്ലാ താലൂക്കുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ ആരംഭിച്ചു. പൊൻമുടി,മങ്കയം,കല്ലാർ,നെയ്യാർ,കോട്ടൂർ,പേപ്പറ അടക്കമുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചിട്ടു. തിരുവനന്തപുരം ജില്ലയിൽ ക്വാറി.ഖനന പ്രവർത്തനങ്ങളും നിരോധിച്ചിട്ടുണ്ട്.
കനത്ത മഴയിൽ സംസ്ഥാനത്ത് ഉടനീളം വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. കോഴിക്കോട് നാദാപുരം എടച്ചേരിയിൽ രണ്ടു വീടുകൾ തകർന്നു. കച്ചേരി കൂമുള്ളി ജാനുവിന്റെ ഇരുനില വീടും ബീനയുടെ വീടുമാണ് തകർന്നത്.
പത്തനംതിട്ടയിൽ രാത്രി ശക്തമായ മഴ തുടരുകയാണ്. ഇന്നലെ മാത്രം ജില്ലയിൽ രേഖപ്പെടുത്തിയത് 70 സെന്റീമീറ്ററിലധികം മഴയാണ്. മലയോര മേഖലകളിലും നദീ തീരങ്ങളിലും താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അച്ചൻകോവിലാറ്റിൽ കോന്നി, കല്ലേലി ഭാഗങ്ങളിൽ ജലനിരപ്പ് വാർണിഗ് ലെവലിലേക്ക് അടുത്തു. മഴ തുടർന്നാൽ മണിയാർ ഡാമിന്റെ ഷട്ടറുകൾ 100 സെന്റീമീറ്റർ വരെ ഉയർത്തുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.