Kerala
ഇടുക്കിയിൽ ഇന്ന് മുതൽ ഓറഞ്ച് അലർട്ട്; രാത്രിയാത്രാ നിരോധനം നീട്ടി
Kerala

ഇടുക്കിയിൽ ഇന്ന് മുതൽ ഓറഞ്ച് അലർട്ട്; രാത്രിയാത്രാ നിരോധനം നീട്ടി

Web Desk
|
20 Oct 2021 1:24 AM GMT

കോട്ടയം-കുമളി റോഡിൽ ആവശ്യ സർവീസുകൾ മാത്രമായി ഗതാഗതം നിജപ്പെടുത്തിയിട്ടുണ്ട്.

മഴ ശക്തമാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ കനത്ത ജാഗ്രതാ നിർദേശം. ജില്ലയിൽ ഈ മാസം 24 വരെ രാത്രി യാത്ര നിരോധിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ സ്ഥലങ്ങളിൽ അതീവ ശ്രദ്ധ പുലർത്താൻ തീരുമാനമായി. ഇന്ന് മുതൽ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടാണുള്ളത്. ഇതിന്റെ പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ദുരന്തനിവാരണ സമിതി യോഗം ചേർന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും ഉണ്ടായ ഇടങ്ങളിൽ അതീവ ശ്രദ്ധ പുലർത്താൻ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി.

കോട്ടയം-കുമളി റോഡിൽ ആവശ്യ സർവീസുകൾ മാത്രമായി ഗതാഗതം നിജപ്പെടുത്തിയിട്ടുണ്ട്. ദേവികുളം ഗ്യാപ് റോഡ് സ്ഥിതിഗതികൾ വിലയിരുത്തി മാത്രം തുറക്കും. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരെ ക്യാമ്പുകളിലേക്ക് മാറ്റും. ആവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാൻ മണ്ണുമാന്തി യന്ത്രങ്ങൾ തയാറാക്കും. ജില്ലയിൽ പാറമടകളും മണ്ണെടുപ്പും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചു.

അപകടനിലയിലുള്ള മരങ്ങൾ ഇനിയുമുണ്ടെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾ ഇടപെട്ട് അവ വെട്ടിമാറ്റാൻ നിർദേശം നൽകി. മാങ്കുളം, ആനവിരട്ടി പോലെ അതീവ അപകട സാധ്യതാ മേഖലകളിൽ കർശന ജാഗ്രത പുലർത്തും. മുല്ലപ്പെരിയാർ സാന്നിധ്യ മേഖലയായ മഞ്ചുമലയിൽ പ്രത്യേക നിരീക്ഷണം ഉണ്ടായിരിക്കുമെന്നും ജില്ലാ കലക്ടർ ഷീബ ജോർജ് ഐഎഎസ് അറിയിച്ചു. നിലവിൽ തുറന്ന അണക്കെട്ടുകളുടെ പരിസരത്ത് താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാനും നദികളിലെ ജലനിരപ്പ് നിരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്.








Similar Posts