ഡോക്ടറുടെ കൊലപാതകം; പ്രതിയെ പരിശോധിക്കുമ്പോള്‍ പൊലീസ് മാറിനില്‍ക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ചര്‍ച്ചയാകുന്നു
|പ്രതിയെ ഡോക്ടർ പരിശോധിക്കുമ്പോൾ പൊലീസ് അടുത്തുനിൽക്കരുതെന്ന ഉത്തരവ് കഴിഞ്ഞ വര്‍ഷമാണ് പുറത്തിറങ്ങിയത്
കോഴിക്കോട്: ഡ്യൂട്ടിക്കിടെ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ടതിന്‍റെ നടുക്കത്തിലാണ് കേരളം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ ഡോ.വന്ദന ദാസാണ് വൈദ്യപരിശോധനക്ക് എത്തിച്ച പ്രതിയുടെ കുത്തേറ്റ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഡ്യൂട്ടിക്കിടെ ഡോക്ടര്‍മാര്‍ക്കെതിരെ ആക്രമണമുണ്ടാകുന്നത് ഇതാദ്യമല്ലെങ്കിലും ഇത്തരത്തില്‍ ഒരു ഡോക്ടര്‍ കൊല്ലപ്പെടുന്നത് ആദ്യമായിരിക്കും. അഞ്ചിലധികം തവണയാണ് വന്ദനക്ക് കുത്തേറ്റത്. ഡ്രസിംഗ് റൂമിലേക്ക് കയറിയ പ്രതി അക്രമാസക്തനാവുകയും മുന്നില്‍ അകപ്പെട്ട ഡോക്ടറുടെ മുകളില്‍ കയറി ഇരുന്ന് കുത്തി പരിക്കേല്‍പ്പിക്കുകയുമായിരുന്നു.
ഡോക്ടറുടെ കൊലപാതകത്തില്‍ കേരളം ഞെട്ടിനില്‍ക്കുമ്പോള്‍ ഒരു സര്‍ക്കാര്‍ ഉത്തരവാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പ്രതിയെ ഡോക്ടർ പരിശോധിക്കുമ്പോൾ പൊലീസ് അടുത്തുനിൽക്കരുതെന്ന ഉത്തരവ് കഴിഞ്ഞ വര്‍ഷമാണ് പുറത്തിറങ്ങിയത്. അറസ്റ്റിലായ വ്യക്തികളെ ആശുപത്രിയിലെത്തിച്ചു വൈദ്യപരിശോധനയ്ക്കു വിധേയമാക്കുമ്പോൾ ഒപ്പംവരുന്ന പോലീസുദ്യോഗസ്ഥർ ഡോക്ടറും പ്രതിയും തമ്മിലുള്ള സംസാരം കേൾക്കാതെ ദൂരെ മാറിനിൽക്കണമെന്നാണ് ഉത്തരവ്.
ഡോക്ടർ-പ്രതി ആശയവിനിമയത്തിന് സ്വകാര്യത ഉറപ്പുവരുത്താനാണ് നടപടി. എന്നാൽ പ്രതിക്ക് രക്ഷപ്പെടാൻ കഴിയാത്തത്ര അകലം പൊലീസ് പാലിക്കണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു. പൊലീസ് കസ്റ്റഡിയിൽ മർദനമേറ്റിട്ടുണ്ടെങ്കിൽ പ്രതിയോട് ചോദിച്ചുമനസ്സിലാക്കാൻ ഇതനുസരിച്ച് ഡോക്ടർക്ക് അവസരമുണ്ട്. പ്രതികളുടെ മുൻകാല രോഗവിവരങ്ങൾ ചോദിച്ചറിഞ്ഞ് റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്യാം. കസ്റ്റഡി പീഡനങ്ങൾ കണ്ടെത്തുന്നതിന് ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് കമ്മിഷൻ മുന്നോട്ടുവെച്ച നിർദേശങ്ങളിൽപെട്ടതായിരുന്നു പ്രതികളെ പരിശോധിക്കുമ്പോൾ പോലീസ് സാന്നിധ്യം ഒഴിവാക്കണമെന്നത്. താനൂർ സ്വദേശിയും താനാളൂർ കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസറുമായ ഡോ. കെ. പ്രതിഭ ഇതു നടപ്പാക്കിക്കിട്ടാൻ പലവട്ടം സർക്കാരിനെ സമീപിച്ചു. ഒടുവിലവർ ഹൈക്കോടതിയെ സമീപിച്ചു. കോടതി ഡോക്ടറുടെ ആവശ്യം അംഗീകരിച്ചതോടെയാണ് ഉത്തരവിറക്കാൻ സർക്കാർ നിർബന്ധിതമായത്.
2018-ൽ കണ്ണൂർ ജില്ലാ ആശുപത്രിയിൽ അത്യാഹിതവിഭാഗത്തിൽ സേവനം ചെയ്യവേ പ്രതികളുടെ വൈദ്യപരിശോധന ചട്ടപ്രകാരം നടത്തിയതിന് പോലീസ് തന്നോട് പ്രതികാരം കാട്ടിയെന്ന് ഡോ. പ്രതിഭ വെളിപ്പെടുത്തിയിരുന്നു. പരിശോധനയിൽ കണ്ടെത്തിയ പരിക്കുകളും രോഗവിവരങ്ങളും വിശദമാക്കി കോടതിക്ക് നൽകിയതാണ് പോലീസിനെ ചൊടിപ്പിച്ചത്. തുടർന്നാണ് ഡോ. പ്രതിഭ സർക്കാരിനെയും കോടതിയെയും സമീപിച്ചത്.