നവകേരള സദസ്സിന് പണം അനുവദിക്കാനുള്ള ഉത്തരവ് നിയമവിരുദ്ധം
|തനത് ഫണ്ടിൽ നിന്ന് പണം അനുവദിക്കാനുള്ള അധികാരം തദ്ദേശ സ്ഥാപന അധ്യക്ഷന് മാത്രമാണുള്ളത്
കൊച്ചി: നവകേരള സദസ്സിന് വേണ്ടി തദ്ദേശസ്ഥാപനങ്ങൾക്ക് പണം അനുവദിക്കാൻ അനുമതി നൽകിയ സർക്കാർ ഉത്തരവ് നിയമവിരുദ്ധം. തനത് ഫണ്ടിൽനിന്ന് തദ്ദേശ സെക്രട്ടറിക്കും പണം അനുവദിക്കാൻ സർക്കാർ ഉത്തരവ് അധികാരം നൽകുന്നുണ്ട്. എന്നാൽ തനത് ഫണ്ടിൽ നിന്ന് പണം അനുവദിക്കാൻ അധികാരം തദ്ദേശ സ്ഥാപന അധ്യക്ഷന് മാത്രമാണുള്ളത്.
തദ്ദേശ സ്ഥാപന സെക്രട്ടറിക്കും പണം അനുദിക്കാൻ അധികാരം നൽകിയത് മുൻസിപ്പൽ ആക്ടിന് വിരുദ്ധമാണ്. ഉത്തരവ് പ്രകാരം പണം അനുവദിച്ച പറവൂർ നഗരസഭ സെക്രട്ടറിക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് യുഡിഎഫ് ഭരണസമിതി. അതേസമയം, നവകേരള സദസ്സിന് പണം അനുവദിക്കാന്‍ തദ്ദേശസ്ഥാപനങ്ങളോട് നിർദേശിച്ച് സർക്കാർ ഇറക്കിയ ഇത്തരവ് എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ നട്ടം തിരിയുകയാണ് യു.ഡി.എഫ് ഭരണസമിതികള്‍ . സർക്കാർ ഉത്തരവ് നിയമവിരുദ്ധമാണെന്ന അഭിപ്രായം ശക്തമായിരിക്കെ അതിനെ നിയമപരമായി ചോദ്യം ചെയ്യുന്നതിലും യു.ഡി.എഫ് നേതൃത്വം പരാജയപ്പെട്ടു.
യു.ഡി.എഫ് നിയന്ത്രണത്തിലുള്ള തദ്ദേശ സ്ഥാപനങ്ങള്‍ സർവത്ര ആശയക്കുഴപ്പത്തിലായതിനു പുറമേ വലിയ രാഷ്ട്രീയ തിരിച്ചടിയും നേരിടേണ്ട ഗതികേടിലാണ്. തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നും നവകേരള സദസ്സിന് യഥേഷ്ടം പണമനുവദിക്കാന്‍ നിർദേശിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനാണ് ഉത്തരവ് ഇറക്കിയത് . തനതു ഫണ്ടില്‍ നിന്നും പണമനുവദിച്ച് ഭരണസമിതികള്‍ക്കോ സെക്രട്ടറിക്കോ തീരുമാനമെടുക്കാമെന്നും ഉത്തരവില്‍ പറയുന്നു. പ്രദേശിക സർക്കാർ കൂടിയായ തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം കവരുന്ന ഉത്തരവാണിതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഈ മാസം ഒന്നാം തിയതി ഇറങ്ങിയ ഉത്തരവിനെ രാഷ്ട്രീയമായി വിമർശിച്ച യു.ഡി.എഫ് നേതാക്കള്‍ അതിന്‍റെ നിയമസാധുത ഒരിക്കല്‍ പോലും ചോദ്യം ചെയ്തില്ല. യു.ഡി.എഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളിലും സെക്രട്ടറിമാർക്ക് പണമനുവദിക്കാനുള്ള പഴുത് ഉത്തരവിലുണ്ടായിരിക്കെ അക്കാര്യവും യു.ഡി.എഫ് ശ്രദ്ധിച്ചില്ല. പറവൂരിലടക്കം യു.ഡി.എഫ് ഭരണസമിതികളെ നാണംകെടുത്തിയാണ് സെക്രട്ടറിമാർ പണമനുവദിച്ചത്.