Kerala
ലക്ഷദ്വീപിലെ സർക്കാർ ഡയറി ഫാമുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്
Kerala

ലക്ഷദ്വീപിലെ സർക്കാർ ഡയറി ഫാമുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്

Web Desk
|
24 May 2021 5:20 AM GMT

ഫാമുകൾ അടയ്ക്കുന്നതോടെ ലക്ഷദ്വീപിൽ സർക്കാർ തലത്തിലെ പാല്‍, പാല്‍ ഉല്‍പന്ന വിപണനം നിലയ്ക്കും.

ലക്ഷദ്വീപിലെ സർക്കാർ ഡയറി ഫാമുകള്‍ അടച്ചുപൂട്ടാന്‍ മൃഗസംരക്ഷണ ഡയറക്ടറുടെ ഉത്തരവ്. പശുക്കളെ ഈ മാസം 31ഓടെ വിറ്റഴിക്കാന്‍ ഉത്തരവിൽ പറയുന്നു. ഫാമുകൾ അടക്കുന്നതോടെ ലക്ഷദ്വീപിൽ സർക്കാർ തലത്തിലെ പാല്‍, പാലുല്‍പ്പന്ന വിപണനം നിലയ്ക്കും. പാലുല്‍പ്പാദക കമ്പനിയായ അമുലിന് വേണ്ടിയാണ് നടപടിയെന്ന് ലക്ഷദ്വീപ് എംപി പി പി മുഹമ്മദ് ഫൈസല്‍ ആരോപിച്ചു.

ദ്വീപില്‍ സർക്കാർ മേഖലയില്‍ പ്രവർത്തിക്കുന്ന എല്ലാ ഡയറി ഫാമുകളും ഉടന്‍ പൂട്ടണം. ഫാമിലെ പശുക്കളെ ഈ മാസം 31നകം ലേലം ചെയ്ത് വില്‍ക്കണം. ലക്ഷദ്വീപ് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഈ മാസം 21ന് പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്. കവരത്തി, മിനിക്കോയി ദ്വീപുകളിലാണ് സർക്കാർ മേഖലയില്‍ വലിയ ഡയറി ഫാമുകളുള്ളത്. മറ്റു ദ്വീപുകളില്‍ ചെറിയ ഫാമുകളുണ്ട്. ഇവയിലുള്ള പശുക്കളുടെ പാല്‍ പഞ്ചായത്ത് തലത്തിലാണ് വിതരണം ചെയ്യുന്നത്. സർക്കാർ തലത്തിലെ പാല്‍ വിതരണം പൂർണമായി നിലക്കുകയാകും പുതിയ നടപടിയോടെ ഉണ്ടാവുക. സ്വാഭാവികമായും സ്വകാര്യ പാലുല്‍പ്പാദക കമ്പനിയാകും ആ സ്ഥലത്തേക്ക് വരിക.

നിരവധി സ്ഥിര, താല്‍ക്കാലിക ജീവനക്കാർ ഡയറി ഫാമിലുണ്ട്. ഡയറി ഫാം അടച്ചുപൂട്ടുന്നതോടെ അവരുടെ ജോലിയും അനിശ്ചിതത്വത്തിലാകും. സർക്കാർ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ സാധ്യതയുണ്ടെന്ന ആശങ്ക വർധിപ്പിക്കുന്നതാണ് ഈ നടപടിയും. സ്വകാര്യ മേഖലയിലെ പാലുല്‍പ്പാദനത്തിനും നിയന്ത്രണം ഏർപ്പെടുത്തുമോ എന്ന ആശങ്ക ദ്വീപ് നിവാസികള്‍ക്കുണ്ട്. അഡ്മിനിസ്ട്രേറ്റർ തുടർച്ചയായി കൈകൊള്ളുന്ന ജനദ്രോഹ നടപടികളുടെ ഭാഗമായാണ് ഇതിനെയും ദ്വീപുകാർ കാണുന്നത്.

കേരളത്തിലും വ്യാപക പ്രതിഷേധം

ലക്ഷദ്വീപില്‍ ഫാഷിസ്റ്റ് അജണ്ട നടപ്പാക്കാനുള്ള പുതിയ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നയങ്ങള്‍ക്കെതിരെ കേരളത്തിലും വ്യാപക പ്രതിഷേധമാണുയരുന്നത്. ബിജെപി അജണ്ട നടപ്പാക്കാന്‍ അനുവദിക്കില്ലെന്നാണ് ഇ ടി മുഹമ്മദ് ബഷീര്‍ എംപി ട്വിറ്ററില്‍ പ്രതികരിച്ചത്. പുതിയ നീക്കം തടയണമെന്നാവശ്യപ്പെട്ട് എളമരം കരിം എംപി രാഷ്ട്രപതിക്ക് കത്തയച്ചിട്ടുണ്ട്. വി ടി ബല്‍റാം അടക്കമുള്ളവരും വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. കേന്ദ്ര ഭരണ പ്രദേശമായ ദ്വീപില്‍ ബിജെപി സർക്കാർ നിക്ഷിപ്ത താത്പര്യങ്ങളോട് കൂടിയ ഇടപെടലുകൾ നടത്തുന്നത് ആശങ്കാകരമാണ്. ലക്ഷദ്വീപിനെ മറ്റൊരു കശ്മീരാക്കാനാണോ സംഘ് പരിവാർ ശ്രമം എന്ന് സംശയിക്കേണ്ടതുണ്ടെന്ന് വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

സോളിഡാരിറ്റി, ഫ്രട്ടേണിറ്റി മൂവ്മെന്‍റ്, മുസ്‍ലിം ജമാഅത്ത് കൌണ്‍സില്‍, എസ്കെഎസ്എസ്എഫ്, വിസ്ഡം സംഘടനകളും പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ലക്ഷദ്വീപിലെ വിദ്യാര്‍ഥികള്‍ നടത്തിയ ഓണ്‍ലൈന്‍ പ്രതിഷേധത്തിന് കേരളത്തില്‍ നിന്നും എസ്എഫ്ഐ പിന്തുണ പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്തിന്റെ അധികാര പരിധിയില്‍ വരുന്ന വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം തുടങ്ങിയവയൊക്കെ അഡ്മിനിസ്ട്രേറ്ററുടെ കീഴിലാക്കി ഏകാധിപത്യ ഭരണത്തിനാണ് ശ്രമമെന്നാണ് ലക്ഷദ്വീപുകാരുടെ പരാതി.

Related Tags :
Similar Posts