ഉദുമയിൽ ഡി.വൈ.എഫ്.ഐ നിർമ്മിച്ച വെയ്റ്റിംഗ് ഷെഡ് പൊളിച്ച് നീക്കാൻ ഉത്തരവ്
|കെ.എസ്.ടി.പി റോഡിൽ ഡി.വൈ.എഫ്.ഐ ഇരുപത് വര്‍ഷം മുമ്പ് നിര്‍മിച്ച ബസ് വെയ്റ്റിംഗ് ഷെഡ് കഴിഞ്ഞ വർഷം പൊളിച്ച് നീക്കിയിരുന്നു
കാസർകോട് ഉദുമയിൽ ഡി.വൈ.എഫ്.ഐ നിർമ്മിച്ച വെയ്റ്റിംഗ് ഷെഡ് പൊളിച്ച് നീക്കാൻ ഉത്തരവ്. കെ.എസ്.ടി.പി റോഡിൽ ഡി.വൈ.എഫ്.ഐ ഇരുപത് വര്‍ഷം മുമ്പ് നിര്‍മിച്ച ബസ് വെയ്റ്റിംഗ് ഷെഡ് കഴിഞ്ഞ വർഷം പൊളിച്ച് നീക്കിയിരുന്നു. ഇതിന് സമീപത്ത് അന്ന് തന്നെ നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രവും പൊളിച്ച് നീക്കാനാണ് കോടതി ഇപ്പോൾ ഉത്തരവിട്ടിരിക്കുന്നത്.
റോഡ് ഗതാഗതത്തിന് തടസമാണെന്ന പരാതിയെ തുടർന്നാണ് ഡി.വൈ.എഫ്.ഐയുടെ വെയ്റ്റിംഗ് ഷെഡ് പൊളിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. മുസ്ലിം യൂത്ത് ലീഗ് നല്‍കിയ ഹരജിയെ തുടര്‍ന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. കലക്ടറുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ വർഷം നവംബർ 18 ന് പുലര്‍ച്ചെ ഉദ്യോഗസ്ഥ സംഘം ബസ് വെയ്റ്റിംഗ് ഷെഡ് പൊളിച്ചു മാറ്റുകയായിരുന്നു. പൊളിച്ച് മാറ്റിയ കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം അന്ന് തന്നെ പ്രവര്‍ത്തകര്‍ മറ്റൊരു ഷെഡ് നിര്‍മിച്ചു. ഇതിനെതിരെയും യൂത്ത് ലീഗ് കോടതിയെ സമീപിച്ചു. ഇതോടെയാണ് പുതിയ കാത്തിരിപ്പ് കേന്ദ്രവും പൊളിച്ച് നീക്കാൻ ഉത്തരവ് നൽകിയത്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കാനാണ് ഡി.വൈ.എഫ്.ഐയുടെ തീരുമാനം.
തിങ്കളാഴ്ച 12 മണിക്ക് മുൻപ് പൊളിക്കാനായിരുന്നു ജില്ലാ കലക്ടറുടെ നിർദേശം. ഇതേ തുടർന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ ഡി.വൈ.എഫ്.ഐ നേതാക്കളുമായി ചർച്ച നടത്തി. ഷെഡ് പൊളിക്കുന്നതിന് ഇന്ന് വൈകുന്നേരം വരെ സമയം നൽകി. ഉദ്യോഗസ്ഥരെത്തുന്ന വിവരം അറിഞ്ഞ് പ്രതിഷേധവുമായി പ്രവർത്തകരുമെത്തിയിരുന്നു.