Kerala
Order to prevent drug use in police Action against superiors if not prevented
Kerala

പൊലീസിലെ ലഹരി ഉപയോഗം തടയാൻ ഉത്തരവ്; തടഞ്ഞില്ലെങ്കിൽ മേലധികാർക്കെതിരെ നടപടി

Web Desk
|
25 Sep 2023 3:26 AM GMT

വീഴ്ചയുണ്ടായാൽ യൂണിറ്റ് മേധാവിമാർക്കും മേൽനോട്ടം വഹിക്കുന്ന മറ്റുള്ളവർക്കുമെതിരെ വകുപ്പുതല നടപടി സ്വീകരിക്കും.

തിരുവനന്തപുരം: പൊലീസുകാരിലെ ലഹരി ഉപയോഗം തടയാൻ നടപടിയുമായി സേന. പൊലീസ് ഉദ്യോഗസ്ഥർ ലഹരി ഉപയോഗിച്ച് ഡ്യൂട്ടിക്ക് വന്നാൽ ഉത്തരവാദിത്തം മേലുദ്യോ​ഗസ്ഥർക്കാണെന്ന് ഉത്തരവിൽ പറയുന്നു. പെരുമാറ്റ ദൂഷ്യമുള്ള ഉദ്യോഗസ്ഥരെ യൂണിറ്റ് മേധാവിമാർ തിരിച്ചറിയണമെന്നും ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പിയുടെ ഉത്തരവിൽ പറയുന്നു.

കൂടാതെ അവർക്ക് കൗൺസിലിങ് നൽകണം. അവരെ ശരിയായ മാർഗത്തിൽ കൊണ്ടുവരണം. ഉദ്യോ​ഗസ്ഥരിലെ ലഹരി ഉപയോ​ഗം ശ്രദ്ധിക്കാത്തത് മേൽനോട്ട വീഴ്ചയാണ്. അങ്ങനെ വീഴ്ചയുണ്ടായാൽ യൂണിറ്റ് മേധാവിമാർക്കും മേൽനോട്ടം വഹിക്കുന്ന മറ്റുള്ളവർക്കുമെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

ഉദ്യോ​ഗസ്ഥർ മദ്യപിച്ച് ജോലിക്ക് വരുന്നതും പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറുകയും വാക്കേറ്റത്തിലേർപ്പെടുകയും സംഘർഷത്തിന് കാരണമാവുകയും ചെയ്തിട്ടുള്ള സാഹചര്യത്തിലാണ് ഇത് തടയാനുള്ള നീക്കവുമായി മേലുദ്യോ​ഗസ്ഥർ രം​ഗത്തെത്തിയത്. ഏത് ഉദ്യോ​ഗസ്ഥരാണോ മദ്യപിച്ച് ഡ്യൂട്ടിക്ക് വരുന്നത് അതിന്റെ ഉത്തരവാദിത്തം മേലധികാരികൾക്കാണ്.

സ്റ്റേഷനിലെ കീഴു​ദ്യോ​ഗസ്ഥരുടെ ഉത്തരവാദിത്തം യൂണിറ്റ് മേധാവികൾക്കും സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കുമാണ്. അതിൽ വീഴ്ചയുണ്ടായാൽ ഇവർക്കെതിരെ വകുപ്പുതല നടപടിയുണ്ടാവും. ഇനി ഇവർ മദ്യപിച്ച് വന്നാൽ അതിന്റെ ഉത്തരവാദിത്തം ഡിവൈഎസ്പി ഉൾപ്പെടെയുള്ളവർക്കാണ്. അവർക്കെതിരെയായിരിക്കും നടപടി.

Similar Posts