Kerala
അവയവമാറ്റ ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവം:  അസ്വാഭാവിക മരണത്തിന് കേസെടുത്തു
Kerala

അവയവമാറ്റ ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവം: അസ്വാഭാവിക മരണത്തിന് കേസെടുത്തു

Web Desk
|
21 Jun 2022 1:29 AM GMT

മരിച്ച കാരക്കോണം സ്വദേശി സുരേഷ്‌കുമാറിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടം ചെയ്യും

തിരുവനന്തപുരം: മെഡിക്കൽ കോളജിൽ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് കേസ്. മരിച്ച കാരക്കോണം സ്വദേശി സുരേഷ്‌കുമാറിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടം ചെയ്യും. ഡോക്ടർമാരുടെ സസ്‌പെൻഷൻ ചോദ്യം ചെയ്ത് മെഡിക്കൽ കോളജ് അധ്യാപകരുടെ സംഘടന രംഗത്തെത്തിയിട്ടുണ്ട്.

സുരേഷ്‌കുമാറിന്റെ സഹോദരൻ നൽകിയ പരാതിയിലാണ് മെഡിക്കൽ കോളജ് പൊലീസെടുത്തത്. ബന്ധുക്കളുടെ മൊഴി പൊലീസ് അന്ന് രേഖപ്പെടുത്തും. സുരേഷ്‌കുമാറിന്റെ മൃതേദഹം ഇന്ന് പോസ്റ്റ്‌മോർട്ടം ചെയ്യും. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ മരണകാരണം അറിഞ്ഞ ശേഷമായിരിക്കും പൊലീസ് കൂടുതൽ അന്വേഷണങ്ങളിലേക്ക് നീങ്ങുക.

ആശുപത്രി അധികൃതർ നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ യൂറോളജി, നെഫ്രോളജി മേധാവികളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഡോ. വാസുദേവൻ പോറ്റി, ഡോ. ജേക്കബ് ജോർജ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

എന്നാൽ ഡോക്ടർമാരെ ബലിയാടാക്കുകായണെന്ന ആരോപണവുമായി മെഡിക്കൽ കോളജ് അധ്യാപകരുടെ സംഘടനായ കെ.ജി.എം.സി.ടി.എ രംഗത്തുവന്നു. ശരിയായ അന്വേഷണം നടത്താതെയുള്ള സസ്‌പെൻഷൻ പിൻവലിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. ഇല്ലെങ്കിൽ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും ഡോക്ടർമാരുടെ ബലിയാടാക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും സംഘടന സർക്കാറിന് മുന്നറിയിപ്പ് നൽകി.

എറണാകുളം രാജഗിരി ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന മസ്തിഷ്‌ക മരണം സംഭവിച്ച 34 കാരന്റെ വൃക്കയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവന്നത്. മൂന്ന് മണിക്കൂറുകൊണ്ടാണ് എറണാകുളത്ത് നിന്ന് മാറ്റിവെക്കേണ്ട വൃക്കയുമായി ആംബുലൻസ് മെഡിക്കൽ കേളേജിലെത്തിയത്. മെഡിക്കൽകോളജിൽ നാല് മണിക്കൂർ കഴിഞ്ഞാണ് ശസ്ത്രിക്രിയ നടന്നത്. ശസ്ത്രക്രിയ വൈകിയതിനാലാണ് കാരണക്കോണം സ്വദേശിയായ സുരേഷ് കുമാർ മരിച്ചതെന്നാണ് ആക്ഷേപം. ഏകോപനത്തിൽ പിഴവുണ്ടായിരുന്നുവെന്ന് സമ്മതിച്ച മന്ത്രി വീണാജോർജ് സമഗ്രാന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

Similar Posts