'ഓരോ വ്യക്തിയുടെയും ജീവൻ വിലപ്പെട്ടതാണ്, ഡോക്ടർമാർക്കല്ലെങ്കിൽ വേറെയാർക്കാണ് ഉത്തരവാദിത്തം..'; വീണാ ജോർജ്
|യൂറോളജി, നെഫ്രോളജി മേധാവികളെ സസ്‌പെന്റ് ചെയ്തത് അന്വേഷണ വിധേയമാണ്, ശിക്ഷാനടപടിയല്ല
തിരുവനന്തപുരം: സർക്കാർ ആശുപത്രിയിലെത്തുന്ന ഓരോ രോഗിയുടെയും ജീവൻ വിലപ്പെട്ടതാണെന്നും മെഡിക്കൽ കോളജിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവത്തിലെ വീഴ്ചയുടെ ഉത്തരവാദിത്തം ഡോക്ടർമാർക്കാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. ഇത്തരത്തിലുള്ള അനാസ്ഥ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
'മെഡിക്കൽ കോളേജുകൾ എങ്ങനെ പ്രവർത്തിക്കണമെന്ന് ക്യത്യമായ മാർഗ നിർദേശം നൽകിയിട്ടുള്ളതാണ്. ഉത്തരവാദിത്തപ്പെട്ടവർ ഉത്തരവാദിത്തം കാണിക്കണം. ഇല്ലെങ്കിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകും.ഡോക്ടര്‍മാരല്ലാതെ വിദ്യാര്‍ഥികളാണോ ഉത്തരവാദിത്തം കാണിക്കേണ്ടതെന്നും മന്ത്രി ചോദിച്ചു.
'കാലാകാലമായി തുടർന്നുവരുന്ന രീതിയിൽ ഇനിയും മുന്നോട്ട് പോകാൻ സർക്കാർ അനുവദിക്കില്ല.യൂറോളജി, നെഫ്രോളജി മേധാവികളെ സസ്‌പെന്റ് ചെയ്തത് അന്വേഷണ വിധേയമാണ്. അല്ലാതെ ശിക്ഷാനടപടിയല്ല. അന്വേഷണ റിപ്പോർട്ട് വന്നാൽ നടപടിയെടുക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മേധാവികളെ സസ്‌പെൻഡ് ചെയ്തതതിൽ പ്രതിഷേധിക്കും എന്ന് പറയുന്നത് എന്ത് പ്രവണതയാണെന്നും മന്ത്രി ചോദിച്ചു.
'വൃക്കയുമായി എത്തിയ ആംബുലൻസിൽ ഉണ്ടായിരുന്നത് രണ്ട് ഡോക്ടർമാരും ആംബുലൻസ് ഡ്രൈവറും ഉൾപ്പെടെ മൂന്ന് പേരായിരുന്നു. അവയവം കൊണ്ട് വന്ന പെട്ടി ആശുപത്രിയ്ക്ക് അകത്തേയ്ക്ക് കൊണ്ട് പോയത് ആരെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു. ഡോക്ടർമാർ ആംബുലൻസിൽ നിന്നിറങ്ങുന്നതിന് മുന്നെ പുറത്തുനിന്നുള്ള ആളുകൾ പെട്ടിയുമായി പോയി. ഇതാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഇതെല്ലാം സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കും. ആളുകളുടെ ജീവന് ഒരു വിലയും ഇല്ലാതെ മുന്നോട്ട് പോകാൻ കഴിയില്ല. സർക്കാർ ലക്ഷ്യമിടുന്നത് ഓരോ രോഗിക്കും നല്ല ചികിത്സ ലഭിക്കണമെന്നാണ്. വീഴ്ച ആരുടെ ഭാഗത്ത് നിന്നാണെങ്കിലും നടപടി ഉറപ്പാക്കും. ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് ഇവ പ്രവർത്തിക്കുന്നത്. എല്ലാവർക്കും മികച്ച ചികിത്സ ലഭിക്കണമെന്നും വീണാ ജോർജ് പറഞ്ഞു.
അതേമയം, മെഡിക്കൽ കോളജിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ഏകോപനത്തിൽ പിഴ ഉണ്ടായെന്നും റിപ്പോർട്ട് പറയുന്നു. ശസ്ത്രക്രിയ നടത്തുമ്പോൾ സീനിയർ സർജൻമാർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നില്ല. യുറോളജി, നെഫ്രോളജി ഡോക്ടർമാരെ മേധാവികൾ നിയോഗിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്. വൃക്ക എത്തി രണ്ടര മണിക്കൂറിനു ശേഷമാണ് സർജൻമാരെ വിളിച്ചുവരുത്തിയത്. ശസ്ത്രക്രിയക്കിടെ ഒരു സർജനെ കൂടി വിളിച്ചുവരുത്തി.കൂടുതൽ വിശദമായി അന്വേഷിക്കണമെന്ന് റിപ്പോർട്ടിൽ നിർദേശമുണ്ട്.