കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ അവയവം മാറി ശസ്ത്രക്രിയ; വിദഗ്ധ സംഘം അന്വേഷണം തുടങ്ങി
|ഡി.എം.ഇ നിയോഗിച്ച സംഘമാണ് അന്വേഷണം നടത്തുന്നത്
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ വിദഗ്ധ സംഘം അന്വേഷണം തുടങ്ങി.ഡി.എം.ഇ നിയോഗിച്ച സംഘമാണ് അന്വേഷണം നടത്തുന്നത്.കുട്ടിയുടെ രക്ഷിതാക്കളിൽ നിന്ന് നാളെ വിവരം തേടും.
മഞ്ചേരി, വയനാട് മെഡിക്കൽ കോളജുകളിലെ മൂന്ന് ഡോക്ടർമാർ അടങ്ങുന്ന സംഘമാണ് വകുപ്പുതല അന്വേഷണം നടത്തുന്നത്. മെഡിക്കൽ വിദ്യാഭ്യാസവകുപ്പ് ഡയരക്ടറ്ററേറ്റാണ് സംഘത്തെ നിയോഗിച്ചത്. ഇന്നലെ മെഡിക്കൽ കോളജിൽ എത്തിയ സംഘം, ഓപറേഷൻ തിയേറ്ററിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർമാർ, നഴ്സുമാർ, നഴ്സിങ് അസിസ്റ്റന്റുമാർ തുടങ്ങിയവരിൽ നിന്ന് മൊഴിയെടുത്തു.
കുട്ടിയുടെ രക്ഷിതാക്കളോടും ഒപ്പമുണ്ടായിരുന്ന ബന്ധുക്കളോട് നാളെ രാവിലെ 10ന് മെഡിക്കൽ കോളജിൽ എത്താൻ നിർദേശിച്ചിട്ടുണ്ട്. കുട്ടിയ്ക്ക് ശസ്ത്രക്രിയ നടത്തിയ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബിജോണ്‍ ജോണ്‍സന്റെ മൊഴിയും അടുത്ത ദിവസമെടുക്കും. നിലവിൽ സസ്പെൻഷനിലാണ് ഡോക്ടർ.
മെഡിക്കൽ നെഗ്ലിജൻസ് ആക്ട് പ്രകാരം ഡോക്ടർക്കെതിരെ കേസ്സെടുത്തതിനാൽ മെഡിക്കൽ കോളേജ് എ.സി.പിയാണ് കുട്ടിയുടെ രക്ഷിതാവിന്റെ പരാതി അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാൻ ജില്ലാ മെഡിക്കല്‍ ഓഫീസർക്ക് അന്വേഷണോദ്യാഗസ്ഥൻ കത്ത് നൽകി. കേസിൽ മതാപിതാക്കളുടെയും ഒപ്പമുണ്ടായിരുന്ന ബന്ധുക്കളുടെയും മൊഴി മെഡി.കോളജ് പെലീസ് രേഖപ്പെടുത്തി.ഡോക്ടറുടെ ഭാഗത്തുനിന്ന് അബദ്ധം സംഭവിച്ചു എന്നാണ് സൂപ്രണ്ട് നൽകിയ പ്രാഥമിക അന്വേഷണ റിപ്പോർട്ട്.