സ്വകാര്യ ആശുപത്രികളിലെ അവയവമാറ്റം: സര്‍ക്കാരിന്റെ കൈവശം കണക്കില്ലെന്ന് വിവരാവകാശ രേഖ
|സര്‍ക്കാര്‍ ആശുപത്രികളില്‍ ഇത്രയധികം അവയവമാറ്റം നടക്കുമ്പോള്‍ സ്വകാര്യ ആശുപത്രികളില്‍ നടക്കുന്നത് സംബന്ധിച്ച് വ്യക്തമായ കണക്കുകളില്ലാത്തത് ദുരൂഹമാണ്
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ നടക്കുന്ന അവയവമാറ്റ ശസ്ത്രക്രിയകളെക്കുറിച്ചുള്ള കണക്കും വിവരങ്ങളും ആരോഗ്യ വകുപ്പ് സൂക്ഷിക്കാറില്ലെന്ന് വിവരാവകാശ രേഖ. അവയവ ദാനത്തിലൂടെ നടന്ന ശസ്ത്രക്രിയകളെകുറിച്ചുള്ള കണക്കുകള്‍ കേരള നെറ്റ്വര്‍ക്ക് ഓര്‍ഗന്‍ ഷെയറിങ്ങിന്റെ കൈവശമില്ലെന്നും രേഖയില്‍ പറയുന്നു. കാക്കനാട് സ്വദേശി രാജുവാഴക്കാലക്കാണ് വിവരാവകാശ നിയമപ്രകാരം മറുപടി ലഭിച്ചത്. അതെ സമയം സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ വഴി നടന്ന അവയവദാന ശസ്ത്രക്രിയകളുടെയും മൃതസഞ്ജീവനി പദ്ധതി വഴി നടക്കുന്നവയുടെയും കണക്കുകള്‍ ആരോഗ്യ വകുപ്പ് സൂക്ഷിച്ചിട്ടുണ്ട്.
അവയവമാറ്റ ശസ്ത്രക്രിയ നടത്താന്‍ ലൈസന്‍സുള്ളത് നാല് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്കും 19 സ്വകാര്യ ആശുപത്രികള്‍ക്കുമാണ്. എന്നാല്‍ സ്വകാര്യ ആശുപത്രികളിലെ അവയമാറ്റം സംബന്ധിച്ച് കണക്കുകള്‍ സര്‍ക്കാരിന്റെ കൈവശമില്ല.
സംസ്ഥാനത്തെ പ്രധാനപ്പെട്ട നാല് മെഡിക്കല്‍ കോളജുകളിലായി കഴിഞ്ഞ 10 വര്‍ഷത്തിനിടെ 707 വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയകളും ഏഴ് ഹൃദയ മാറ്റവും ഒരു കരള്‍ മാറ്റ ശസ്ത്രക്രിയകളുമാണ് നടന്നത്. കോഴിക്കോട് 455ഉം ആലപ്പുഴയില്‍ 15ഉം വ്യക്ക മാറ്റിവെച്ചപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ 139 വൃക്കയും ഏഴ് ഹൃദയവും തിരുവനന്തപുരത്ത് 98 വൃക്കയും ഒരു കരള്‍ മാറ്റവുമാണ് ഇക്കാലയളവില്‍ നടന്നത്. മൃതസഞ്ജീവനി നെറ്റ് വര്‍ക്കിലൂടെ മസ്തിഷ്ക മരണം സംഭവിച്ചവരുടെതായി 261 കരള്‍മാറ്റവും 368 വൃക്ക ശസ്ത്രക്രിയയും 58 ഹൃദയ ശസ്ത്രക്രിയയും നടന്നിട്ടുണ്ട്.
സര്‍ക്കാര്‍ ആശുപത്രികളില്‍ ഇത്രയധികം അവയവമാറ്റം നടക്കുമ്പോള്‍ സ്വകാര്യ ആശുപത്രികളില്‍ നടക്കുന്നത് സംബന്ധിച്ച് വ്യക്തമായ കണക്കുകളില്ലാത്തത് ദുരൂഹമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ നടന്ന അവയവമാറ്റ ശസ്ത്രക്രിയയുടെ പല മടങ്ങാണ് സ്വകാര്യ മേഖലയില്‍ നടക്കുന്നതെന്നാണ് അനൗദ്യോഗിക കണക്കുകള്‍. പല സ്വകാര്യ ആശുപത്രികള്‍ക്കുമെതിരെ അവയവ കച്ചവടം, ഉയര്‍ന്ന ഫീസ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ആരോഗ്യവകുപ്പ് മെല്ലെപോക്ക് തുടരുകയാണ്. അവയവമാറ്റ ശസ്ത്രക്രിയകളുടെ ഫീസ് ഏകീകരണ നടപടികള്‍ പ്രാവര്‍ത്തികമാക്കാത്തതും ചൂഷണങ്ങള്‍ക്ക് വഴി വെക്കുന്നുണ്ട്. സംസ്ഥാന പല പ്രമുഖ സ്വകാര്യ ആശുപത്രികളും ദശലക്ഷകണക്കിന് രൂപയാണ് ശസ്ത്രക്രിയകള്‍ക്കായി ഈടാക്കുന്നത്.