കാന്തപുരവും ഓർത്തോഡോക്‌സ് സഭ അധ്യക്ഷനും കൂടിക്കാഴ്ച്ച നടത്തി
|തീവ്രവാദത്തിനെതിരെ കാന്തപുരം സ്വീകരിച്ച നിലപാടുകൾ പ്രശംസിക്കപ്പെടേണ്ടതാണെന്ന് കതോലിക്കാ ബാവയും ന്യൂനപക്ഷങ്ങൾടയിൽ ധ്രുവീകരണമുണ്ടാക്കുന്ന പ്രവണതക്കെതിരെ കാതോലിക്ക ബാവ നടത്തിയ ഇടപെടലുകൾ ഏറെ ഗുണം ചെയ്തെന്ന് കാന്തപുരവും പറഞ്ഞു.
കോഴിക്കോട്: ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരും ഓർത്തോഡോക്‌സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയും കൂടിക്കാഴ്ച്ച നടത്തി. കാരന്തൂർ മർകസിൽ നടന്ന കൂടിക്കാഴ്ചയിൽ നിലവിലെ സാമൂഹ്യ സാഹചര്യത്തെയും, ഇരു സമുദായങ്ങൾക്കിടയിൽ ശക്തിപ്പെടേണ്ട സൗഹാർദത്തെയും കുറിച്ച് ഇരുവരും സംസാരിച്ചു.
വ്യത്യസ്ത സാമുദായിക പശ്ചാത്തലത്തിൽ നിന്നുള്ളവരുടെ കൂടിക്കാഴ്കകൾ സമൂഹത്തിന് ഒരുമയുടെ സന്ദേശം നൽകുമെന്ന് ഇരുനേതാക്കളും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. അടുത്തിടെയായി ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ അസ്വസ്ഥതയുണ്ടാക്കാൻ ചിലർ നടത്തുന്ന ശ്രമങ്ങളെ തടയിടാൻ എല്ലാവരും രംഗത്തിറങ്ങണം. പലപ്പോഴും പരസ്പരം തെറ്റിദ്ധരിപ്പിച്ച് തമ്മിലടിപ്പിക്കാനാണ് ശ്രമങ്ങളുണ്ടാവുന്നത്. സോഷ്യൽ മീഡിയയിലും മറ്റും ഇതിനായി നിരന്തര ശ്രമങ്ങൾ ഉണ്ടാവുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് തിരിച്ചറിഞ്ഞ് സാമുദായിക ഐക്യത്തിനും നാടിന്റെ സ്വസ്ഥതക്കുംവേണ്ടി ഏവരും നിലകൊള്ളണം. മതങ്ങൾ തമ്മിലും സമുദായങ്ങൾ തമ്മിലും പരസ്പരം അറിയാൻ സംവിധാനങ്ങളില്ല എന്നത് പല തെറ്റിദ്ധാരണകളും വിശ്വാസികൾക്കിടയിൽ ഉണ്ടാക്കുന്നു. ഈ അറിവില്ലായ്മയാണ് തത്പര കക്ഷികൾ മുതലെടുക്കുന്നതും. അതിനാൽ പരസ്പരം അറിയാനും സന്ദേശങ്ങൾ കൈമാറാനുമുള്ള വേദികൾ ഒരുക്കുന്നതിന് ഇരു സമുദായങ്ങൾക്കുമിടയിൽ സംവിധാനമുണ്ടാക്കും. പരസ്പര സ്‌നേഹത്തിനും സാഹോദര്യത്തിനും ഭംഗം വരുത്തുന്ന ചർച്ചകളിൽ നിന്നും പ്രചാരണങ്ങളിൽ നിന്നും വിട്ടു നിൽക്കാൻ എല്ലാ വിഭാഗങ്ങളും തയ്യാറാകണമെന്നും പ്രസ്താവനയിൽ പറഞ്ഞു.
നമ്മുടെ സമൂഹത്തിൽ മദ്യത്തിന്റെയും ലഹരിയുടെയും മയക്കുമരുന്നിന്റെയും ഉപയോഗം വ്യാപകമാവുന്നുണ്ട്. സമീപകാലത്ത് കേരളത്തെ ഞെട്ടിച്ച കൊലപാതകങ്ങളുടെയെല്ലാം പ്രധാന പ്രേരകം ലഹരിയാണ്. വിദ്യാർഥികൾ പോലും മാരക ലഹരികൾക്ക് അടിമപ്പെടുന്നു. ലഹരിയുടെ പ്രത്യാഘാതങ്ങളെ കുറിച്ച് ജനങ്ങളെയും വിദ്യാർത്ഥികളെയും ബോധവത്കരിക്കാൻ സംവിധാനങ്ങളുണ്ടാക്കും. ലഹരി എന്ന വിപത്തിനെ തുരത്താൻ അടിയന്തരമായി ഇടപെടേണ്ടതിന്റെ ആവശ്യകത സർക്കാരിനെ ഉണർത്തും. മദ്യ, ലഹരി നിരോധനത്തിനും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് ശക്തമായ ശിക്ഷകൾ നൽകാനും അധികാരികൾ ഇടപെടണം. ഉന്നത വിഭ്യാഭ്യാസ മേഖലയിൽ ഇരു സമുദായങ്ങൾക്കുമുള്ള സംവിധാനങ്ങൾ പരസ്പരം ഉപയോഗപ്പെടുത്തുന്നതിനും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും സാധാരണക്കാർക്കും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനും യോജിച്ച് പ്രവർത്തിക്കുമെന്നും പ്രസ്താവന വ്യക്തമാക്കുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയും പൊതു ഇടങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും പരസ്പര സഹൃദം നിലനിർത്തുന്നതിന് ക്രിയാത്മകമായ വേദികൾ പ്രോത്സാഹിപ്പിക്കും. നാടിന്റെ പൂർവ്വകാല സഹോദര്യ അന്തരീക്ഷം നിലനിർത്തുന്നതിന് മഹല്ല്, ഇടവക സംവിധാനങ്ങളിലൂടെ സമുദായങ്ങൾക്കിടയിൽ സന്ദേശങ്ങൾ എത്തിക്കും. നാടിന്റെയും സമൂഹത്തിന്റെയും, പുരോഗതിക്ക് ആവശ്യമായ മേഖലകളിൽ ഒരുമിച്ചു പ്രവർത്തിക്കാനുള്ള ഇടങ്ങൾ കണ്ടെത്തും. ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ കാലങ്ങളായി നിലനിൽക്കുന്ന ഐക്യവും നന്മയും കൂടുതൽ സജീവമാക്കാൻ വിവിധ ഉദ്യമങ്ങൾക്ക് തുടക്കമിടുമെന്നും ഇരുവരും പ്രസ്താവിച്ചു.
വർഗീയതക്കെതിരെ ഒന്നിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. തീവ്രവാദത്തിനെതിരെ കാന്തപുരം സ്വീകരിച്ച നിലപാടുകൾ പ്രശംസിക്കപ്പെടേണ്ടതാണെന്ന് കതോലിക്കാ ബാവയും ന്യൂനപക്ഷങ്ങൾടയിൽ ധ്രുവീകരണമുണ്ടാക്കുന്ന പ്രവണതക്കെതിരെ കാതോലിക്ക ബാവ നടത്തിയ ഇടപെടലുകൾ ഏറെ ഗുണം ചെയ്തെന്ന് കാന്തപുരവും പറഞ്ഞു. കൂടിക്കാഴ്ചയിൽ സുന്നിയുവജന സംഘം സംസ്ഥാന സെക്രട്ടറി ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി, മർകസ് പ്രൊ ചാൻസിലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, കെയർ &ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാദർ താമസ് കുര്യൻ മരോട്ടിപ്പുഴ, ജിതിൻ മാത്യു ഫിലിപ്പ് സംബന്ധിച്ചു.