ഓർത്തഡോക്സ്-യാക്കോബായ പള്ളിതർക്കം; സർക്കാരിനും സഭകൾക്കും ഹൈക്കോടതി വിമർശനം
|കോടതി ഉത്തരവ് നടപ്പാക്കാത്തവർ കോടതിയലക്ഷ്യമാണ് നടത്തുന്നതെന്ന് വിമർശനം
കൊച്ചി: ഓർത്തഡോക്സ്-യാക്കോബായ പള്ളിതർക്കത്തിൽ സർക്കാറിനും സഭകൾക്കും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പള്ളിത്തർക്കവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവേയാണ് കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്.
സർക്കാരിനോട് എന്തുകൊണ്ട് സുപ്രിംകോടതി ഉത്തരവ് നടപ്പിലാക്കുന്നില്ലെന്ന് ചോദിച്ച കോടതി ബല പ്രയോഗത്തിലൂടെയല്ലാതെ വിധി നടപ്പാക്കാൻ കഴിയില്ലെന്നാണോ സർക്കാർ പറയുന്നതെന്നും വിമർശിച്ചു. കോടതി ഉത്തരവ് നടപ്പാക്കാൻ പല മാർഗങ്ങളുണ്ടെന്നും അത് നടപ്പാക്കാൻ അറിയില്ലേ എന്നും സർക്കാരിനോട് ചോദിച്ചു.
പള്ളിയിൽ പ്രവേശിക്കാനനുവദിക്കാത്തത് കോടതിയലക്ഷ്യമല്ലേ എന്ന് യാക്കോബായ സഭയോട് പറഞ്ഞ കോടതി പൊലീസിന് ബലം പ്രയോഗിക്കേണ്ട രീതിയിലേക്ക് സാഹചര്യത്തെ കൊണ്ടെത്തിക്കുന്നതെന്തിനെന്നും ചോദിച്ചു. പൊലീസ് ബലം പ്രയോഗിച്ചാൽ കാര്യങ്ങൾ എവിടെ എത്തും എന്ന് ഓർക്കണമെന്നും കോടതി ഓർമിപ്പിച്ചു.
കോടതി ഉത്തരവ് നടപ്പാക്കണമെന്ന് പറയുന്നവർ എന്തിനാണ് പള്ളികളിൽ വന്ന് നിൽക്കുന്നതെന്നായിരുന്നു ഓർത്തഡോക്‌സ് സഭയോട് കോടതി ചോദിച്ചത്. എന്തിനാണ് മനപ്പൂർവം പ്രശ്‌നമുണ്ടാക്കുന്നതെന്ന് ചോദിച്ച കോടതി, ഉത്തരവ് നടപ്പാക്കാത്തവർ കോടതിയലക്ഷ്യമാണ് നടത്തുന്നതെന്ന് വിമർശിച്ചു.
പൊലീസിന് ആൾക്കൂട്ടത്തെ നിയന്ത്രിക്കാനറിയില്ലേ എന്നും നാളെ സെക്രട്ടേറിയേറ്റിൽ ഇതേ അവസ്ഥ ഉണ്ടായാൽ പൊലീസ് എന്ത് നടപടി സ്വീകരിക്കുമെന്നും കോടതി ചോദിച്ചു. അടുത്ത തവണ ഹരജി പരിഗണിക്കുമ്പോൾ പുരോഗതി അറിയിക്കാനും ഉത്തരവ് നടപ്പാക്കാൻ തടസം നിൽക്കുന്നത് ആരാണെന്നും അറിയിക്കണമെന്നും സർക്കാരിന് കോടതി നിർദേശം നൽകിയിട്ടുണ്ട്.