പൊട്ടിത്തെറിയുണ്ടായത് തെയ്യത്തിനിടെ; കാണാനെത്തിയത് നിരവധി പേർ
|നാട്ടുകാര്‍ മാത്രമല്ല, പുറത്തുനിന്നുള്ളവരും തെയ്യം കാണാനെത്തിയിരുന്നു
കാസര്‍കോട്: ഉത്തര മലബാറില്‍ തെയ്യക്കാലമായിരുന്നതുകൊണ്ട് നിരവധി വിശ്വാസികളാണ് നീലേശ്വരത്തെ വീരർകാവ് ക്ഷേത്രത്തിലെത്തിയിരുന്നത്. നാട്ടുകാര്‍ മാത്രമല്ല, പുറത്തുനിന്നുള്ളവരും തെയ്യം കാണാനെത്തിയിരുന്നു. തെയ്യക്കാലമായതുകൊണ്ട് വെടിക്കെട്ടിന് വലിയ പ്രാധാന്യമൊന്നുമില്ല, അതാണ് ജാഗ്രതക്കുറവുണ്ടായതെന്ന് നീലേശ്വരം ടൗണ്‍ കൗണ്‍സിലര്‍ ഇ.ഷജീര്‍ പറഞ്ഞു.
യുട്യൂബര്മാരുമൊക്കെയായി നിരവധി ചെറുപ്പക്കാരും തെയ്യം കാണാനെത്തിയിരുന്നു. അതുകൊണ്ടു തന്നെ പൊലീസും നാട്ടുകാരും ചേര്‍ന്ന് പരിക്കേറ്റവരെ പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിക്കാന്‍ സാധിച്ചു. വലിയ ശബ്ദത്തോടെ വെടിപ്പുരയില്‍ സ്ഫോടനമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് തീ പടര്‍ന്നുപിടിക്കുകയായിരുന്നു. ഇതുമൂലമാണ് ഭൂരിഭാഗം പേര്‍ക്കും പൊള്ളലേറ്റതെന്ന് ഷജീര്‍ വ്യക്തമാക്കി.
ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടം. 154 പേർക്ക് പരിക്കേറ്റു. 97 പേർ ചികിത്സയിലാണ്. അപകടത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ക്ഷേത്ര പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ കസ്റ്റഡിയിലെടുത്തു.പടക്കം കൈകാര്യം ചെയ്തത് അലക്ഷ്യമായിട്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.