പ്രധാനാധ്യാപകരില്ല; 1700ഓളം സര്‍ക്കാര്‍ സ്കൂളുകള്‍ ഇപ്പോള്‍ നാഥനില്ലാ കളരി
|എല്‍.പി, യു.പി സ്കൂളുകളില്‍ പ്രധാനാധ്യാപകരാകാനുള്ള ടെസ്റ്റ് ഒഴിവാക്കി നിയമനം നടത്താനായി സർക്കാർ നടത്തിയ നീക്കമാണ് നിയമകുരുക്കിലേക്കെത്തിച്ചത്.
നിയമനയോഗ്യതാ തർക്കത്തെതുടർന്ന് സംസ്ഥാനത്ത് പ്രധാനാധ്യാപകരില്ലാതെ 1700ഓളം സർക്കാർ പ്രൈമറി സ്കൂളുകള്‍. എല്‍.പി, യു.പി സ്കൂളുകളില്‍ പ്രധാനാധ്യാപകരാകാനുള്ള ടെസ്റ്റ് ഒഴിവാക്കി നിയമനം നടത്താനായി സർക്കാർ നടത്തിയ നീക്കമാണ് നിയമകുരുക്കിലേക്കെത്തിച്ചത്. കോവിഡ് പ്രതിസന്ധി മാറി സ്കൂളുകള്‍ തുറക്കാനിരിക്കെയാണ് പകുതിയലധികം സർക്കാർ സ്കൂളുകള്‍ നാഥനില്ലാകളരിയായി തുടരുന്നത്.
സംസ്ഥാനത്ത് സർക്കാർ മേഖലയില്‍ 2749 ലോവർ പ്രൈമറി സ്കൂളുകളും 865 അപ്പർ പ്രൈമറി സ്കൂളുകളുമാണുള്ളത്. ആകെ 3614 സ്കൂളുകള്‍. ഇതില്‍ 1596 സ്കൂളിലും പ്രധാനാധ്യാപകരലില്ലെന്ന് നിയമസഭയില്‍ തന്നെ സർക്കാർ അറിയിച്ചിട്ടുണ്ട്. പുതിയ ഒഴിവുകൂടി കണക്കാക്കിയാല്‍ 1700 സ്കൂളുകളില്‍ നിലവില്‍ പ്രധാനാധ്യാപകരില്ല
വിദ്യാഭ്യാസ അവകാശ നിയമം വന്നതോടെ പ്രധാനധ്യാപകരാകാന്‍ 12 വർഷത്തെ പ്രവർത്തന പരിചയവും പ്രത്യേക പരീക്ഷ എഴുതി വിജയിക്കുകയും വേണം. എന്നാല്‍ 50 വയസുകഴിഞ്ഞവർക്ക് ഈ യോഗ്യത ബാധകമാക്കേണ്ടെന്ന് സർക്കാർ തീരുമാനിച്ചതോടെ യോഗ്യത നേടിയ അധ്യാപകർ കോടതി കയറി. പ്രതിരോധിക്കാന്‍ സർക്കാരും പുറപ്പെട്ടു. ഇതോടെയാണ് പ്രധാനാധ്യപക നിയമനം ഇപ്പോഴത്തെ മരവിച്ച സ്ഥിതിയിലെത്തിയത്.
ഹൈക്കോടതിയും സുപ്രിം കോടതിയും അഡ്മിനസ്ട്രേറ്റീവ് ട്രൈബ്യുണലും കയറിയിറങ്ങിയെങ്കിലും അന്തിമ പരിഹാരമായില്ല. യോഗ്യത നേടിയ അധ്യാപകരെ നിയമിക്കാമെങ്കിലും സർക്കാർ അതിന് തയാറാകുന്നില്ലെന്നാണ് പരാതി. അധ്യാപകസംഘനടനാ നേതാക്കള്‍ക്ക് അവസരമൊരുക്കാനാണ് സർക്കാർ ശ്രമമെന്നും ആക്ഷേപമുണ്ട്