ഓയൂർ തട്ടിക്കൊണ്ടുപോകൽ കേസ്: പ്രതികൾ റിമാൻഡിൽ
|ഡിസംബർ പതിനഞ്ചു വരെയാണ് റിമാൻഡ്
കൊല്ലം: ഓയൂർ തട്ടിക്കൊണ്ടുപോകൽ കേസിൽ പ്രതികളെ രണ്ടായഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ചാത്തനൂർ സ്വദേശി പത്മകുമാർ ഭാര്യ അനിതകുമാരി മകൾ അനുപമ എന്നിവരാണ് കേസിലെ പ്രതികൾ. തിങ്കളാഴ്ച പ്രോസിക്യൂഷൻ കസ്റ്റഡി അപേക്ഷ സമർപ്പിക്കും. കസ്റ്റഡി അപേക്ഷ സമർപ്പിച്ച ശേഷം പൊലീസ് ഇവരെ തെളിവെടുപ്പിന് വേണ്ടി വാങ്ങും. അനിത കുമാരിയെയും മകൾ അനുപമയെയും അട്ടകുളങ്ങര വനിത ജയിലേക്കും പത്മകുമാറിനെ കൊട്ടാരക്കര സബ്ജയിലിലേക്കും മാറ്റും.
പ്രതികളെ കസ്റ്റഡിയിൽ കിട്ടിയാൽ ഉടനെ തന്ന തെളിവെടുപ്പ് പൂർത്തിയാക്കും. ഇതിന് പിന്നാലെ കുടുതൽ ചോദ്യം ചെയ്യലിലേക്ക് പൊലീസ് കടക്കും. ഇതിന് മുമ്പ് ഇത്തരത്തിലുള്ള തട്ടിക്കൊണ്ടുപോകാനുള്ള ശ്രമങ്ങൾ പ്രതികൾ നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കിയത്. ഇതിനെ സംബന്ധിച്ച കാര്യങ്ങളെല്ലാം ഇവരിൽ നിന്നും ചോദിച്ചറിയേണ്ടതുണ്ട്. പ്രതികൾക്ക് കോടതിമുറിയിൽ യാതൊരുവിധ ഭാവ വ്യത്യാസവുമുണ്ടായിരുന്നില്ലെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
പൊലീസ് കസ്റ്റഡി അപേക്ഷ സമർപ്പിച്ച് പ്രതികളെ കസ്റ്റഡിയിൽ വിട്ട ശേഷമാണ് ജാമ്യാപേക്ഷ നൽകുകയെന്ന് പ്രതിഭാഗത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കി. ഗൂഢാലോചന, മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകൽ, രഹസ്യമായി തടവിൽ വെക്കൽ, കൂടാതെ ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് കുറ്റം ചുമത്തിയത്. ഉദ്യോഗസ്ഥർ ക്ഷീണിതരായതുകൊണ്ടാണ് ഒരു ദിവസത്തെ ബ്രേക്ക് എടുക്കാൻ പൊലീസ് തീരുമാനിച്ചത്.