നടത്തിയത് 'ട്രയൽ കിഡ്നാപ്പിങ്'; പല കുട്ടികളെയും തട്ടിക്കൊണ്ടുപോകാൻ ശ്രമം
|ഓയൂരിലെ കുട്ടിയെ മാത്രം മൂന്ന് തവണ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടത്തിയെന്നും കസ്റ്റഡിയിലുള്ളവരുടെ മൊഴി
കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയത് ട്രയൽ കിഡ്നാപ്പിങ് എന്ന് കസ്റ്റഡിയിലുള്ളവരുടെ നിർണായക മൊഴി. പല കുട്ടികളെയും തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയെന്നും ഓയൂരിലെ കുട്ടിയെ മാത്രം മൂന്ന് തവണ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടത്തിയെന്നും ഇവർ മൊഴി നൽകി.
ഒരു വർഷത്തെ തയ്യാറെടുപ്പാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലുണ്ടായിരുന്നത്. പണം തന്നെയായിരുന്നു ഇതിന് പിന്നിലെ ലക്ഷ്യം. കൃത്യത്തിൽ ഭാര്യക്കും മകൾക്കും പങ്കുണ്ട്. പാരിപ്പള്ളിയിൽ നിന്ന് ഫോൺ വിളിച്ചത് പത്മകുമാറിന്റെ ഭാര്യയാണെന്ന് പൊലീസ് കണ്ടെത്തി. ഇവരുടെ ശബ്ദം ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ തിരിച്ചറിഞ്ഞു.
കുട്ടിയുടെ അച്ഛനോടുള്ള വൈരാഗ്യമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നും കുടുംബത്തെ ഭയപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യമെന്നുമായിരുന്നു പത്മകുമാർ ഇന്നലെ മൊഴി നൽകിയിരുന്നത്. എന്നാൽ ഇത് അന്വേഷണം വഴി തിരിക്കാൻ ഇയാൾ നടത്തിയ നീക്കമാണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
കേസിൽ പത്മകുമാറിന്റെയും കുടുംബത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. പത്മകുമാർ, ഭാര്യ അനിതകുമാരി, മകൾ അനുപമ എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
പാരിപ്പള്ളിയിൽ നിന്ന് കുട്ടിയുടെ അമ്മയെ ഫോണിൽ വിളിച്ചത് അനിതകുമാരിയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അനിതകുമാരിയുടെ ശബ്ദം ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ തിരിച്ചറിഞ്ഞു. പ്രതികളെ ഉടൻ പൂയപ്പള്ളി പൊലീസ് സ്റ്റേഷനിലെത്തിക്കും.