കേരള ബാങ്ക് ഡയറക്ടർബോർഡ്: പി. അബ്ദുൽ ഹമീദ് മാസ്റ്ററെ ഡയറക്ടറായി തെരഞ്ഞെടുത്തു
|മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരളാ ബാങ്കിൽ ലയിപ്പിച്ചതിനെതിരായ ഹരജി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലാണ്
മലപ്പുറം: മുസ്ലിം ലീഗ് എം.എൽ.എയും ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയുമായ പി. അബ്ദുൽ ഹമീദ് മാസ്റ്ററെ കേരള ബാങ്ക് ഡയറക്ടറായി തെരഞ്ഞെടുത്തു. ഇതാദ്യമായാണ് യുഡിഎഫ് എംഎൽഎ കേരള ബാങ്കിൽ ഡയറക്ടറാകുന്നത്. പട്ടിക്കാട് സഹകരണ ബാങ്ക് പ്രസിഡന്റായ അബ്ദുൽ ഹമീദ് മാസ്റ്റർ തിരുവനന്തപുരത്ത് ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ പങ്കെടുത്തു.
കേരളാ ബാങ്ക് ഡയറക്ടർ ബോർഡിലേക്ക് പി. അബ്ദുൽ ഹമീദ് എം.എൽ.എയെ മുസ്ലിം ലീഗ് നാമനിർദേശം ചെയ്തിരുന്നു. തുടർന്നാണ് എംഎൽഎ ഡയറക്ടറായത്. ഇതിന് മുമ്പ് മലപ്പുറം ജില്ലയിൽനിന്ന് കേരളാ ബാങ്കിൽ ഡയറക്ടർമാരുണ്ടായിരുന്നില്ല.
എന്നാൽ വിഷയത്തിൽ ലീഗിലും ഭിന്നാഭിപ്രായങ്ങളുണ്ട്. സി.പി.എം നടപടി ദുരുദ്ദേശ്യത്തോടെയാണ് എന്നാണ് ഒരു വിഭാഗം നേതാക്കൾ ആരോപിക്കുന്നത്. മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരളാ ബാങ്കിൽ ലയിപ്പിച്ചതിനെതിരായ ഹരജി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലാണ്. മലപ്പുറം ജില്ലാ ബാങ്ക് മുൻ പ്രസിഡന്റായ യു.എ ലത്തീഫാണ് സർക്കാർ നടപടി ചോദ്യം ചെയ്ത് കോടതിയിൽ ഹരജി നൽകിയത്.
ജനറൽബോഡി തീരുമാനത്തിന് വിരുദ്ധമായി ജില്ലാ ബാങ്കിനെ കേരളാ ബാങ്കിൽ ലയിപ്പിച്ചതിനെിരെ യു.ഡി.എഫ് നിയമപോരാട്ടം തുടരുമ്പോൾ ലീഗ് എം.എൽ.എയെ ഡയറക്ടർ ബോർഡിലേക്ക് കൊണ്ടുവരുന്നത് കേസിനെ ദുർബലപ്പെടുത്താനാണെന്നാണ് ആരോപണം. നിലവിൽ സി.പി.എം നേതാക്കളോ എൽ.ഡി.എഫ് ഘടകകക്ഷി പ്രതിനിധികളോ മാത്രമാണ് കേരളാ ബാങ്ക് ഡയറക്ടർ ബോർഡിലുള്ളത്. ലീഗ് എം.എൽ.എ സി.പി.എം നിയന്ത്രിക്കുന്ന കേരളാ ബാങ്ക് ഡയറക്ടർ ബോർഡിൽ അംഗമായത് യു.ഡി.എഫ് രാഷ്ട്രീയത്തിലും വലിയ കോളിളക്കമുണ്ടാക്കും.
എന്നാൽ കേരള ബാങ്ക് ഡയറക്ടർ ബോർഡിലേക്ക് തന്നെ നാമനിർദേശം ചെയ്തതിൽ രാഷ്ട്രീയ നീക്കമില്ലെന്നാണ് ലീഗ് എം.എൽ.എ പി. അബ്ദുൽ ഹമീദ് പറയുന്നത്. 'യു.ഡി.എഫിന്റെയും ലീഗിന്റെയും അനുമതിയോടെയാണ് നോമിനേറ്റ് ചെയ്ത്. സഹകരണ മേഖലയിൽ ഒന്നിച്ച് മുന്നോട്ട് പോകുമെന്നും സഹകരണ മേഖലയെ തകർക്കാനാണ് കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നതെന്നും പി. അബ്ദുൽ ഹമീദ് മീഡിയവണിനോട് പറഞ്ഞു.
അതേസമയം കേരള ബാങ്ക് ഭരണസമിതിയിലെ ലീഗ് പ്രതിനിധി വിവാദമാക്കേണ്ട കാര്യമില്ലെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ പറഞ്ഞു. നോമിനേറ്റ് ചെയ്തത് സർക്കാറാണ്, കേരള ബാങ്കിനെതിരായ നിയമ പോരാട്ടം ഇനിയും തുടരുമെന്നും എം.എം ഹസൻ പറഞ്ഞു.