'വലിയപെരുന്നാളിന് ലൈലത്തുൽ ഖാദിർ ദിവസം അലി സഹോദരൻമാരുടെ ഉമ്മ നൽകിയ വസ്ത്രത്തിന് ഗാന്ധിജിയിട്ട പേരാണ് ഖദർ': പി. ബാലചന്ദ്രൻ
|"ഖദർ എന്ന പേര് എങ്ങനെ കിട്ടിയെന്ന് അറിയുന്ന ഒരു കോൺഗ്രസുകാരനെങ്കിലും സഭയിലുണ്ടോ?"
തിരുവനന്തപുരം: വലിയ പെരുന്നാളിന് (ബലിപെരുന്നാൾ) ലൈലത്തുൽ ഖാദിർ ദിവസം അലി സഹോദരൻമാരുടെ ഉമ്മ നൽകിയ വസ്ത്രത്തിന് ഗാന്ധിജിയിട്ട പേരാണ് ഖദർ എന്ന് പി.ബാലചന്ദ്രൻ എം.എൽ.എ. ഗാന്ധിജിയുടെ വിശുദ്ധിയിൽനിന്ന് കോൺഗ്രസുകാർ ഏറെ അകന്നു പോയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ബജറ്റിന്റെ ധനാഭ്യർഥന ചർച്ചയിൽ ഇടപെട്ട് നിയമസഭയിൽ സംസാരിക്കവെയാണ് തൃശൂർ എം.എൽ.എയുടെ പരാമർശം. മുസ്‌ലിംലീഗ് അംഗം നജീബ് കാന്തപുരം ചെയറിലുണ്ടായിരുന്ന വേളയിലാണ് ബാലചന്ദ്രൻ ഖാദിയെ കുറിച്ച് വിശദമായി സംസാരിച്ചത്.
'ഖദറിലും മദ്യത്തിലും റായ്പൂർ (കോൺഗ്രസ്) സമ്മേളനം എടുത്ത തീരുമാനങ്ങളിൽ കോൺഗ്രസിന് അകത്തുനിന്നു തന്നെ വിമർശനം ഉയർന്നു കഴിഞ്ഞു. ഗാന്ധിയെ അൽപ്പമെങ്കിലും ഇവർ മനസ്സിൽ കൊണ്ടുനടക്കുന്നത് ഖദറിന്റെ കാര്യത്തിലായിരിക്കും. ആ ഖദർ ഒരു ജീവിതചര്യയാകേണ്ട എന്ന് റായ്പൂർ സമ്മേളനം തീരുമാനിച്ചു എന്നു വായിച്ചു. ലീഗുമായി ഖദറിന് ഒരു ബന്ധമുണ്ട്. ഖദറിന് ഖദർ എന്ന പേര് എങ്ങനെ കിട്ടിയെന്ന് അറിയുന്ന ഒരു കോൺഗ്രസുകാരനെങ്കിലും സഭയിലുണ്ടോ? ആലി സഹോദരൻമാരുടെ വീട്ടിൽ സ്വാതന്ത്ര്യ സമരക്കാലത്ത് ഗാന്ധിജി പോകുമായിരുന്നു. അങ്ങനെ വലിയപെരുന്നാൾ ദിനത്തിൽ, ലൈലത്തുൽ ഖാദിർ (ലൈലത്തുൽ ഖദ്ർ) ദിവസം, ആയിരം വെള്ളക്കുതിരകളെ പൂട്ടിയ തേരിൽ സാക്ഷാൽ പൊന്നുതമ്പുരാൻ വന്ന് ഭക്തജനങ്ങളെ തൊടുന്ന ദിവസം, നൊയമ്പെടുത്ത ദിവസം, അതാണ് ലൈലത്തുൽ ഖാദിർ. ആ ദിവസം അലി സഹോദരൻമാരുടെ വീട്ടിലെത്തിയ ഗാന്ധിജിക്ക് അവിടത്തെ ചർക്കയിൽ നൂറ്റ ഒരു വസ്ത്രം അവരുടെ അമ്മ കൊടുത്തു. അതിന്റെ വിശേഷമെന്താണെന്ന് ചോദിച്ചപ്പോൾ ഇന്ന് ലൈലത്തുൽ ഖാദിറാണ്. ഞങ്ങളുടെ പെരുന്നാൾ ദിവസത്തെ എറ്റവും പുണ്യപ്പെട്ട ദിവസമാണെന്ന് പറഞ്ഞു. ഗാന്ധിജി ആ വസ്ത്രം നെഞ്ചോട് ചേർത്ത് ഖാദിർ, ഖദർ എന്ന് പേരിട്ടു. അങ്ങനെയാണ് ചരിത്രത്തിൽ ഖദർ എന്ന പേരുണ്ടായത്. സംസ്‌കാരങ്ങളുടെ സമന്വയമുണ്ടതിൽ. മതങ്ങളുടെ സമന്വയമുണ്ടതിൽ. ഗാന്ധിയുടെ സംസ്‌കാരത്തിന്റെ വിശുദ്ധി അതായിരുന്നു. അതിൽനിന്ന് കോൺഗ്രസ് ഇന്ന് എത്ര അകന്നുപോയിരിക്കുന്നു.'- ബാലചന്ദ്രൻ പറഞ്ഞു.
ഖാദിയുടെ പിറവിയെ കുറിച്ച് ഗാന്ധി പറഞ്ഞത്
ഖാദിയുടെ പിറവിയുമായി ബന്ധപ്പെട്ട് ബാലചന്ദ്രൻ എംഎൽഎ നിയമസഭയിൽ പറഞ്ഞ കാര്യങ്ങളല്ല മഹാത്മാഗാന്ധിയുടെ ആത്മകഥയിലുള്ളത്. എന്റെ സത്യാന്വേഷണ പരീക്ഷണകഥയിൽ അതേക്കുറിച്ച് ഗാന്ധി എഴുതുന്നത് ഇങ്ങനെയാണ്.
'1915ൽ ദക്ഷിണാഫ്രിക്കയിൽനിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയപ്പോൾ സത്യത്തിൽ ഞാനൊരു ചർക്ക കണ്ടിരുന്നില്ല. സാബർമതിയിൽ സത്യാഗ്രഹാശ്രമം സ്ഥാപിച്ചപ്പോൾ ഞങ്ങളവിടെ ഏതാനും കൈത്തറികൾ നടപ്പാക്കി... ഞങ്ങളാരും കൈത്തറിവേല ശീലിച്ചിരുന്നില്ല. തറികൾ പ്രവർത്തിക്കുന്നതിന് മുമ്പായി ഞങ്ങളെ നെയ്ത്തു പഠിപ്പിക്കാൻ ഒരു നെയ്ത്തുവിദഗ്ധന്റെ ആവശ്യം നേരിട്ടു. പാലൻപൂരിൽനിന്ന് ഒടുവിൽ ഒരാളെ കിട്ടി.... സ്വന്തം കൈ കൊണ്ട് നിർമിച്ച വസ്ത്രത്താൽ പൂർണമായി വസ്ത്രധാരണം ചെയ്യാൻ കഴിയണമെന്ന ലക്ഷ്യമാണ് ഞങ്ങൾ മുന്നിൽവച്ചത്. അതിനാൽ മിൽത്തുണി ഉപയോഗിക്കുന്നത് ഞങ്ങൾ ഉടനെ നിർത്തുകയും ഇന്ത്യൻ നൂലു കൊണ്ട് കൈത്തറിയിൽ നെയ്ത വസ്ത്രങ്ങൾ മാത്രമേ ധരിക്കൂ എന്ന് തീരുമാനിക്കുകയും ചെയ്തു....ഞങ്ങളുടെ ആവശ്യങ്ങൾക്കുള്ള തുണിയെല്ലാം ഉണ്ടാക്കാവുന്ന അവസ്ഥയിലേക്ക് ഞങ്ങൾ പെട്ടെന്ന് എത്തിയില്ല. അതിനുള്ള പരിഹാരം കൈത്തറി നെയ്ത്തുകാരിൽ നിന്ന് വസ്ത്രം വാങ്ങിക്കുകയായിരുന്നു... എന്നാൽ അതെളുപ്പമായിരുന്നില്ല. നെയ്ത്തുകാരുണ്ടാക്കിയ നല്ല വസ്ത്രങ്ങളെല്ലാം വിദേശനൂൽ കൊണ്ടുള്ളതായിരുന്നു. ഇന്ത്യൻ മില്ലുകൾ നേർത്ത, മികച്ച നൂൽ ഉണ്ടാക്കിയിരുന്നില്ല. വളരെയധികം ശ്രമിച്ചിട്ടാണ് സ്വദേശി നൂലുകൊണ്ടു വസ്ത്രം നെയ്തുതരാമെന്ന് സദയം സമ്മതിച്ച കുറേ നെയ്ത്തുകാരെ ഒടുവിൽ കണ്ടെത്തിയത്. അതുതന്നെയും അവരുണ്ടാക്കുന്ന വസ്ത്രങ്ങളെല്ലാം ആശ്രമത്തിലേക്ക് വാങ്ങിക്കൊള്ളാമെന്ന വ്യവസ്ഥയിൽ....'
'ബുദ്ധിമുട്ടുകൾ പിന്നെയും അഭിമുഖീകരിച്ചു. ഞങ്ങൾക്ക് ഒരു ചർക്കയോ ചർക്കയിൽ നൂൽ നൂൽക്കുന്നത് പഠിപ്പിക്കാൻ ഒരാളെയോ കിട്ടിയില്ല.... ബ്രോച്ച് വിദ്യാഭ്യാസ സമ്മേളനത്തിൽ ആദ്ധ്യക്ഷം വഹിക്കാനായി 1917ൽ എന്റെ ഗുജറാത്തി സ്‌നേഹിതന്മാർ എന്നെ കൂട്ടിക്കൊണ്ടുപോയി. അവിടെയാണ് ഗംഗാബഹൻ മജുംദാർ എന്ന ശ്രദ്ധേയയായ സ്ത്രീയെ ഞാൻ കണ്ടെത്തിയത്.... അവരോട് ചർക്കയുടെ കാര്യത്തിലുള്ള എന്റെ ദുഃഖം ഞാൻ വെളിപ്പെടുത്തി. ആ നൂൽപ്പു ചക്രത്തിനായി കാര്യക്ഷമവും നിരന്തരവുമായ അന്വേഷണം നടത്താമെന്ന വാഗ്ദാനം കൊണ്ട് അവർ എന്റെ ദുഃഖഭാരം ലഘൂകരിച്ചു.'
ഗാഗാബഹൻ ബറോഡയിൽനിന്ന് നൂൽപ്പുയന്ത്രം കണ്ടെത്തിയതിനെ കുറിച്ച് ഗാന്ധി വിശദീകരിക്കുന്നത് ഇങ്ങനെ;
'ഗുജറാത്തിലെ അനന്തമായ അലഞ്ഞുതിരിയലുകൾക്ക് ശേഷം ഗംഗാബഹൻ ഒടുവിൽ, ബറോഡാ രാജ്യത്തു വിജാപൂരിൽ നൂൽപുചക്രം കണ്ടെത്തി. അവിടെ ധാരാളം പേർക്ക് നൂൽപുചക്രങ്ങൾ ഉണ്ടായിരുന്നു. എന്നാൽ വളരെ നാളായി അവ മച്ചിൻപുറത്തിട്ടിരിക്കുകയായിരുന്നു. അവർക്ക് നൂൽ നൂൽക്കാൻ വേണ്ട പരുത്തിത്തിരികൾ കൃത്യമായി എത്തിച്ചുകൊടുക്കുകയും നൂറ്റ നൂൽ വാങ്ങുകയും ചെയ്യുമെന്ന് ആരെങ്കിലും ഏൽപ്പിക്കുകയാണെങ്കിൽ അവർ വീണ്ടും നൂൽപു തുടങ്ങാനൊരുക്കമാണെന്ന് ഗംഗാബഹനോട് പറഞ്ഞു... തന്റെ മില്ലിൽ നിന്ന് വേണ്ടത്ര തിരികൾ തരാമെന്ന് ഉമർ സൊബാനി ഏറ്റു. തുടർന്ന് ഞങ്ങൾക്ക് നെയ്തുതീർക്കാനാവാത്ത നൂലുകൾ എത്താൻ തുടങ്ങി... മിൽതിരികൾ ഉപയോഗിക്കാമെങ്കിൽ എന്തുകൊണ്ട് മിൽനൂൽ കൂടി ഉപയോഗിച്ചു കൂടാ? പണ്ടത്തെ ആളുകൾക്ക് തീർച്ചയായും യാതൊരു മില്ലും തിരികൾ കൊടുത്തിരിക്കുകയില്ലല്ലോ. അവരപ്പോൾ എങ്ങനെയാണ് സ്വന്തം ആവശ്യത്തിന് തിരികൾ ഉണ്ടാക്കിയത്. മനസ്സിൽ ഈ ചിന്തകളുമായി ഞാൻ ഗംഗാബഹനോട് പഞ്ഞി കടയുന്ന ആർക്കെങ്കിലും തിരികൾ തരാൻ കഴിയുമോ എന്നന്വേഷിക്കാൻ പറഞ്ഞു. അവർ ആത്മവിശ്വാസത്തോടെ ആ ചുമതല ഏറ്റെടുത്തു. പഞ്ഞികടയുന്ന ഒരാളെ അവർ അതിനുപയോഗിച്ചു. അയാൾ പ്രതിമാസം മുപ്പത്തഞ്ചുരൂപയോ മറ്റോ ആവശ്യപ്പെട്ടു.... കടഞ്ഞ പഞ്ഞിയിൽ നിന്ന് തിരികൾ ഉണ്ടാക്കാൻ ഗംഗാബഹൻ ഏതാനും ചെറുപ്പക്കാരെ പരിശീലിപ്പിച്ചു. പരുത്തിക്കു വേണ്ടി ഞാൻ ബോംബെയിൽ അപേക്ഷിച്ചു. ശ്രീ യശ്വന്ത് പ്രസാദ് ദേശായി ഉടനെ പ്രതികരിച്ചു. ഗംഗാബഹന്റെ ഉദ്യമം അങ്ങനെ പ്രതീക്ഷിച്ചതിലേറെ ഫലവത്തായി. വിജാപൂരിൽ നൂൽക്കുന്ന നൂൽ നെയ്യാൻ അവർ നെയ്ത്തുകാരെയും കണ്ടെത്തി. വൈകാതെ വിജാപൂർ ഖാദിക്കു പ്രസിദ്ധിയാർജ്ജിക്കുകയും ചെയ്തു.'
ഖാദി സ്വന്തം വസ്ത്രമായി ഉപയോഗിക്കാൻ ആരംഭിച്ചതിനെ കുറിച്ച് ഗാന്ധി എഴുതുന്നത് ഇങ്ങനെ;
'എന്റെ ധോത്തി മിൽത്തുണി തന്നെയായിരുന്നു. ആശ്രമത്തിലും വിജാപ്പൂരിലും ഉത്പാദിപ്പിച്ചിരുന്ന പരുക്കൻ ഖാദിക്ക് മുപ്പത്തിയഞ്ചു മീറ്റർ വീതിയേ ഉണ്ടായിരുന്നുള്ളൂ. നാൽപ്പത്തിയഞ്ച് ഇഞ്ചു വീതിയുള്ള ഖാദി ധോത്തി ഒരുമാസത്തിനകം ഉണ്ടാക്കിത്തന്നില്ലെങ്കിൽ വീതി കുറഞ്ഞ പരുക്കൻ ഖാദി ധോത്തി ഉടുത്തു തുടങ്ങുമെന്ന് ഗംഗാബഹന് ഞാൻ നോട്ടീസ് നൽകി. ഈ അന്ത്യശാസനം അവരെ ഞെട്ടിച്ചുകളഞ്ഞു....45 വീതിയുള്ള ഒരു ജോഡി ഖാദി ധോത്തി ആ മാസത്തിനകം തന്നെ അവരെനിക്ക് എത്തിച്ചുതരികയും അന്ന എനിക്ക് ബുദ്ധിമുട്ടുണ്ടാകുമായിരുന്ന ഒരു സാഹചര്യത്തിൽനിന്ന് എന്നെ രക്ഷിക്കുകയും ചെയ്തു.'
എന്താണ് ലൈലത്തുൽ ഖദ്ർ?
പ്രസംഗത്തിൽ ലൈലത്തുൽ ഖദ്‌റിനെ കുറിച്ച് ബാലചന്ദ്രൻ നടത്തിയ പരാമർശത്തിലും വസ്തുതാപരമായ പിശകുകൾ ഉണ്ട്.
ഇസ്‌ലാം മതവിശ്വാസ പ്രകാരം റമസാൻ മാസത്തിലെ അവസാന പത്തിൽ പ്രതീക്ഷിക്കപ്പെടുന്ന വിശുദ്ധ ദിനമാണ് ലൈലത്തുൽ ഖദ്ർ. ആയിരം മാസത്തേക്കാൾ വിശുദ്ധമായ ദിനമാണ് ഇതെന്നാണ് മുസ്ലിംകൾ വിശ്വസിക്കുന്നത്. റമസാനിലെ അവസാന പത്തിൽ ഒറ്റപ്പെട്ട രാവുകളിലാണ് ലൈലത്തുൽ ഖദ്ർ എന്നാണ് വിശ്വാസം. ഈ ദിവസത്തിന് ബലിപെരുന്നാളുമായി ബന്ധങ്ങളൊന്നുമില്ല.