ന്യൂനപക്ഷ ക്ഷേമ പദ്ധതി: കോടതി വിധി ന്യായം, സര്‍ക്കാര്‍ നടപ്പാക്കണമെന്ന് പി ജെ ജോസഫ്
|സമുദായങ്ങള്‍ പറയുന്നത് പോലെ അല്ലല്ലോ കാര്യങ്ങൾ നടപ്പാക്കേണ്ടതെന്ന് പി ജെ ജോസഫ്
ന്യൂനപക്ഷ വിദ്യാഭ്യാസ, ക്ഷേമ പദ്ധതി സംബന്ധിച്ച 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി ന്യായമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ്. സർക്കാർ ഹൈക്കോടതി ഉത്തരവ് നടപ്പാക്കണം. പിന്നോക്കാവസ്ഥയെ പറ്റി കൂടുതൽ പഠനം പിന്നീട് നടത്താം. ജനസംഖ്യാ ആനുപാതികമായാണ് നടപ്പാക്കേണ്ടത്. സമുദായങ്ങള്‍ പറയുന്നത് പോലെ അല്ലല്ലോ കാര്യങ്ങൾ നടപ്പാക്കേണ്ടതെന്നും പി ജെ ജോസഫ് പറഞ്ഞു.
അതേസമയം മുസ്‍ലിം ലീഗ് എതിര്‍പ്പുമായി രംഗത്തെത്തി. സംസ്ഥാന സർക്കാർ പുനപ്പരിശോധനാ ഹരജി നൽകണം. അല്ലെങ്കിൽ സുപ്രീംകോടതിയില്‍ അപ്പീൽ പോകണമെന്ന് ലീഗ് ആവശ്യപ്പെട്ടു.
ന്യൂനപക്ഷ ക്ഷേമ പദ്ധതിയില്‍ 80:20 അനുപാതം നിശ്ചയിച്ചത് പാലോളി കമ്മീഷനാണെന്ന് ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും പറഞ്ഞു. ഉത്തരവ് ഇറക്കിയത് 2011ൽ വിഎസ് സര്‍ക്കാരിന്‍റെ കാലത്താണ്. 80:20 എന്ന സ്കീം അന്നത്തെ സർക്കാറിന് പറ്റിയ അബദ്ധമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തും ഇത് ചർച്ചയായിരുന്നു. 80:20 യുഡിഎഫിന്റെ പണിയാണെന്ന പ്രചാരണം നടത്തി. പഴി മുഴുവൻ യുഡിഎഫിന്റെ തലയിലിട്ടെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. ഇനി എന്ത് ചെയ്യണമെന്ന് സർക്കാർ തീരുമാനിക്കണം. മുസ്‍ലിം ന്യൂനപക്ഷത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള പദ്ധതിയാണിത്. മറ്റ് ന്യൂനപക്ഷങ്ങൾക്കായി വേറെ പദ്ധതി കൊണ്ടുവരണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
ന്യൂനപക്ഷ ക്ഷേമ പദ്ധതിയിലെ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോകുന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കണമെന്ന് മുതിർന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ്കുട്ടി ആവശ്യപ്പെട്ടു. ജനസംഖ്യാടിസ്ഥാനത്തിൽ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിനോട് യോജിപ്പില്ല. സാമൂഹ്യ, സാമ്പത്തിക സാഹചര്യം പരിഗണിച്ച് തീരുമാനമെടുക്കണം. 80:20 അനുപാതം നടപ്പാക്കിയത് യുഡിഎഫ് സർക്കാറാണെന്നും പാലോളി മുഹമ്മദ് കുട്ടി മീഡിയവണിനോട് പറഞ്ഞു.