Kerala
ആ ബോര്‍ഡ് കണ്ട് സന്തോഷിക്കുന്നത് ആര്‍എസ്എസും തീവ്രസലഫികളും: പി ജയരാജന്‍
Kerala

ആ ബോര്‍ഡ് കണ്ട് സന്തോഷിക്കുന്നത് ആര്‍എസ്എസും തീവ്രസലഫികളും: പി ജയരാജന്‍

Web Desk
|
17 April 2021 3:54 PM GMT

സൗഹാർദപരമായ തീരുമാനം കൈക്കൊള്ളുമെന്ന് ക്ഷേത്ര കമ്മറ്റി പറഞ്ഞിട്ടുണ്ട്. ആ തീരുമാനം സ്വാഗതം ചെയ്യുന്നു- പി ജയരാജന്‍

കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവില്‍ വിഷുവിളക്കിനോട് അനുബന്ധിച്ച് 'മുസ്‍ലിംകൾക്ക് പ്രവേശനമില്ല' എന്ന ബോര്‍ഡ് വെച്ചതില്‍ മനസാ സന്തോഷിക്കുന്നത് ആര്‍എസ്എസുകാരും മുസ്‍ലിം സമുദായത്തിലെ തീവ്ര സലഫികളുമാണെന്ന് സിപിഎം നേതാവ് പി ജയരാജന്‍. മനുഷ്യരെ വ്യത്യസ്ത അറകളിലാക്കി മാറ്റുന്നതിലാണ് അവർക്ക് താത്പര്യം. സൗഹാർദപരമായ തീരുമാനം കൈക്കൊള്ളുമെന്ന് ക്ഷേത്ര കമ്മറ്റി പറഞ്ഞിട്ടുണ്ട്. ആ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നും പി ജയരാജന്‍ പറഞ്ഞു.

ക്ഷേത്ര കമ്മറ്റിയിൽ പല രാഷ്ട്രീയമുള്ളവരുമുണ്ട്. എന്നിട്ടും സിപിഎം നിയന്ത്രണത്തിലുള്ള കാവ് കമ്മറ്റി എന്ന് പറയുന്നതിന്റെ പിന്നിലുള്ള രാഷ്ട്രീയ ദുഷ്ടലാക്ക് എല്ലാവര്‍ക്കും മനസിലാകുമെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.

അതേസമയം വിഷു വിളക്ക് ആഘോഷ സമയത്ത് കഴിഞ്ഞ 75 വര്‍ഷമായി അത്തരത്തില്‍ ബോര്‍ഡ് വെയ്ക്കാറുണ്ടെന്ന് ക്ഷേത്ര കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ആരെയും ബോധപൂര്‍വം വിലക്കാറില്ല. ഒരു തരത്തിലുമുള്ള മതസ്പര്‍ധയുടെയും പ്രശ്നം ഇതില്‍ ഇല്ലെന്നും ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞെന്ന് ദേശാഭിമാനിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പി ജയരാജന്‍റെ കുറിപ്പിന്‍റെ പൂര്‍ണരൂപം

കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവിലെ വിഷുവിളക്കിനോട് അനുബന്ധിച്ച് സ്ഥാപിച്ച ബോർഡ് സംബന്ധിച്ച് വിവാദമുണ്ടായിരിക്കുകയാണല്ലോ. അവിടെ പ്രവർത്തിക്കുന്ന കമ്മറ്റിയിൽ നാനാ രാഷ്ട്രീയ അഭിപ്രായക്കാരുണ്ട്. എന്നാലും സിപിഐ(എം) നിയന്ത്രണത്തിലുള്ള കാവ് കമ്മറ്റി എന്ന് പറയുന്നതിന്റെ പിന്നിലുള്ള രാഷ്ട്രീയ ദുഷ്ടലാക്ക് എല്ലാവര്‍ക്കും മനസിലാകും.

മഹാഭൂരിപക്ഷം ക്ഷേത്രങ്ങളിലും കാവുകളിലും എല്ലാ മതത്തിലും സമുദായത്തിൽ പെട്ടവരും ഉത്സവങ്ങളിൽ പങ്കെടുക്കാറുണ്ട്. ഉറൂസുകളിലും നേർച്ചകളിലും ഇത് തന്നെ അനുഭവം. ശ്രീനാരായണ ഗുരു ശിലയിട്ട തലശേരി ജഗന്നാഥ ക്ഷേത്രത്തിൽ ഉത്സവ സമയങ്ങളിൽ "അഹിന്ദുക്കൾക്ക് പ്രവേശനമില്ല" എന്ന ബോർഡുണ്ടായിരുന്നു. അത് നീക്കം ചെയ്യാൻ വേണ്ടി സ്വാമി ആനന്ദ തീർത്ഥ സത്യാഗ്രഹമിരുന്നത് ചരിത്രം. ക്ഷേത്ര കമ്മറ്റി അദ്ദേഹം ഉൾപ്പടെയുള്ള ശ്രീനാരായണീയരുടെ ആവശ്യം ശ്രദ്ധയോടെ കേട്ടു. അതനുസരിച്ച് പ്രവർത്തിച്ചു. ഇപ്പോൾ അവിടെ ആ ബോർഡ് നിലവിലില്ല. "മുസ്‍ലിംകൾക്ക് പ്രവേശനമില്ല" എന്ന ബോർഡ് വെച്ചതിൽ മനസാ സന്തോഷിക്കുന്നവർ ആർഎസ്എസുകാരും മുസ്‍ലിം സമുദായത്തിലെ തീവ്ര സലഫികളും മറ്റുമാണ്. കാരണം മനുഷ്യരെ വ്യത്യസ്ത അറകളിലാക്കി മാറ്റുന്നതിലാണ് അവർക്ക് താല്പര്യം.

സൗഹാർദ്ദപരമായ തീരുമാനം കൈക്കൊള്ളുമെന്ന് ഇപ്പോൾ ക്ഷേത്ര കമ്മറ്റി പ്രസ്താവിച്ചിരിക്കുകയാണ്. ആ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു.

കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവിലെ വിഷുവിളക്കിനോടനുബന്ധിച്ച് സ്ഥാപിച്ച ബോർഡ് സംബന്ധിച്ച്...

Posted by P Jayarajan on Saturday, April 17, 2021

Related Tags :
Similar Posts