Kerala
P Jayarajan against nss on Shamseer speech
Kerala

യുവമോർച്ചക്കാർക്ക് മനസിലാകുന്ന മറുപടിയാണ് നൽകിയത്; സംഘ്പരിവാറിനെ ഇനിയും തുറന്നെതിർക്കും-പി. ജയരാജൻ

Web Desk
|
28 July 2023 9:24 AM GMT

'എന്നെ കാണാൻ ആർക്കും എത്ര വട്ടം വേണെങ്കിലും ഇവിടേക്ക് വരാവുന്നതാണ്. ഓണത്തിനോ പെരുന്നാളിനോ ക്രിസ്തുമസിനോ എപ്പോൾ വന്നാലും സന്തോഷം തന്നെ. അനീതിക്കും അക്രമത്തിനുമെതിരെ പൊരുതിക്കൊണ്ടിരിക്കുന്ന ചുവന്ന കണ്ണൂരിലേക്ക് സ്വാഗതം.'

കണ്ണൂർ: യുവമോർച്ചയ്‌ക്കെതിരായ ഭീഷണിപ്രസംഗത്തിൽ വിശദീകരണവുമായി സി.പി.എം നേതാവ് പി. ജയരാജൻ. യുവമോർച്ചക്കാർക്ക് മനസിലാകുന്ന മറുപടിയാണ് താൻ പറഞ്ഞത്. സംഘ്പരിവാറുകാരുടെ അശാസ്ത്രീയ വിഡ്ഢിത്തങ്ങളും വിധ്വംസകമായ ആശയങ്ങളും ഇനിയും തുറന്നെതിർക്കും. അതിന്റെ പേരിൽ സ്പീക്കർ ഷംസീർ ഉൾപ്പെടെ ഒരാളെയും ഭീഷണിപ്പെടുത്തി ഭയപ്പെടുത്താമെന്ന് കരുതേണ്ടെന്നും ജയരാജൻ വ്യക്തമാക്കി.

പുഷ്പകവിമാനത്തെ കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുമൊക്കെയുള്ള പലതരം മണ്ടത്തരങ്ങൾ പ്രധാനമന്ത്രി പൊതുപരിപാടിയിൽ വിളിച്ചുപറഞ്ഞിട്ടുണ്ട്. ബഹുമാനപ്പെട്ട നിയമസഭാ സ്പീക്കർ സഖാവ് എ.എൻ ഷംസീർ കുട്ടികൾക്കുള്ള ഒരു പൊതുപരിപാടിയിൽ വച്ച് ആ അശാസ്ത്രീയമായ വാചകങ്ങളെയാണ് വിമർശിച്ചത്. ശാസ്ത്രീയമായ വീക്ഷണമാണ് അവതരിപ്പിച്ചത്. അതിൽ വിശ്വാസിയായ ഒരു മനുഷ്യനും വേദന തോന്നാൻ ഇടയില്ല, അതിന്റെ ആവശ്യവുമില്ല. വിശ്വാസവും വിശ്വാസത്തെ മറയാക്കിയുള്ള മുതലെടുപ്പുകളും നന്നായി അറിയുന്നവരാണ് മലയാളികൾ-ജയരാജൻ ഫേസ്ബുക്ക് കുറിപ്പിൽ വിശദീകരിച്ചു.

സ്പീക്കർ എ.എൻ ഷംസീറിനുനേരെ കൈയോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്ന് ഒരു പൊതുപരിപാടിയിൽ ജയരാജൻ പ്രസംഗിച്ചിരുന്നു. ഇതിനെതിരെ യുവമോർച്ച പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. യുവമോർച്ച കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി അർജുൻ മാവിലക്കണ്ടിയാണ് ജയരാജനെതിരെ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയത്. ജയരാജന്റെ ഭീഷണി രാഷ്ട്രീയസംഘർഷത്തിന് വഴിവയ്ക്കുമെന്ന് പരാതിയിൽ പറയുന്നു. നേരത്തെ, യുവോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഗണേഷ് ആണ് ഷംസീറിനെതിരെ ഭീഷണിയുമായി രംഗത്തെത്തിയത്.

കൈവെട്ടുകേസിലെ ജോസഫ് മാഷിന്റെ അനുഭവം ഓർമിപ്പിച്ചായിരുന്നു യുവമോർച്ച ജനറൽ സെക്രട്ടറി കെ. ഗണേഷിന്റെ വെല്ലുവിളി. ഹിന്ദുദൈവങ്ങളെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് എ.എൻ ഷംസീറിന്റെ ഓഫീസിലേക്ക് യുവമോർച്ച നടത്തിയ പ്രതിഷേധ മാർച്ചിലായിരുന്നു പരാമർശം. ജൂലൈ 21ന് കുന്നത്തുനാട് മണ്ഡലത്തിൽ നടന്ന ഒരു പരിപാടിയിൽ സ്പീക്കർ നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പിയും ഹിന്ദുത്വ സംഘടനകളും സ്പീക്കർക്കെതിരെ രംഗത്തെത്തിയത്.

പി. ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ദൈവവിശ്വാസികൾക്ക് ഭൂരിപക്ഷമുള്ള രാജ്യമാണ് നമ്മളുടേത്. ആർക്കും അവരവരുടെ മതവിശ്വാസം പുലർത്താനുള്ള ജനാധിപത്യ അവകാശവും ഈ രാജ്യത്തുണ്ട്. പക്ഷേ ഭൂരിപക്ഷം ഈശ്വര വിശ്വാസികൾ ജീവിക്കുന്ന രാജ്യത്തും ഒരു പരീക്ഷയിൽ പ്രപഞ്ചത്തെ കുറിച്ചുള്ള ചോദ്യം വന്നാൽ, മതവിശ്വാസം മുന്നോട്ടുവയ്ക്കുന്ന പ്രപഞ്ച സങ്കല്പം ആരും ഉത്തരമായി എഴുതില്ല. കാരണം, യുക്തിസഹമായ ശാസ്ത്രീയ വിശദീകരണം അവിടെ ആവശ്യമാണ്.

വിശ്വാസതലവും പ്രായോഗികതലവും തമ്മിൽ യുക്തിസഹമായ ഈ അതിർവരമ്പുണ്ട്. ഒരു കാൽ ഭൂമിയിൽ ഉറച്ചുവച്ചും മറുകാൽ പകുതിമാത്രം ഭൂമിയിൽ തൊടുന്ന നിലയിൽ പിണച്ചുവച്ചും നിൽക്കുന്ന ശ്രീകൃഷ്ണന്റെ വിഗ്രഹങ്ങളുടെ നിൽപ്പിനെ കുറിച്ച് മനോഹരമായൊരു ആഖ്യാനമുണ്ട്. 'ഭൗതികതയിൽ ഉറച്ചുനിൽക്കുക-ആത്മീയതയിൽ തൊട്ടുനിൽക്കുക' എന്ന്. നിർഭാഗ്യവശാൽ നേർവിപരീതമാണ് നമ്മുടെ നാട്ടിൽ നടന്നുകൊണ്ടിരിക്കുന്നത്.

പൗരന്മാരിൽ ശാസ്ത്രചിന്തകൾ വളർത്തുക എന്നത് നമ്മുടെ ഭരണഘടനാ പ്രകാരം മൗലികകർത്തവ്യമാണ്. ആ നാട്ടിലാണ് ആ ഭരണഘടന കാക്കേണ്ടുന്ന പ്രധാനമന്ത്രി 'ഗണപതിയുടെ തല മാറ്റിവച്ചത് ലോകത്തിലേ ആദ്യത്തെ പ്ലാസ്റ്റിക് സർജറിയാണെ'ന്ന് ഗൗരവകരമായ ഒരു പൊതുപരിപാടിയിൽ പ്രസംഗിച്ചത്. അതിനെ ആ കാലത്ത് തന്നെ രാജ്യത്തിന് അകത്തും പുറത്തുമുള്ള ശാസ്ത്ര സമൂഹവും ഉൽപതിഷ്ണുക്കളും വിമർശിച്ചിട്ടുണ്ട്, അന്താരാഷ്ട്ര മാധ്യമങ്ങൾ പോലും രാജ്യ പ്രധാനമന്ത്രിയുടെ ഈ പരിഹാസ്യമായ പ്രസ്താവന വാർത്തയാക്കി.

ഇത് മാത്രമല്ല, പുഷ്പകവിമാനത്തെ കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുമൊക്കെയുള്ള പലതരം മണ്ടത്തരങ്ങൾ പ്രധാനമന്ത്രി പൊതുപരിപാടിയിൽ വിളിച്ചുപറഞ്ഞിട്ടുണ്ട്. ബഹുമാനപ്പെട്ട നിയമസഭാ സ്പീക്കർ സഖാവ് എ.എൻ ഷംസീർ കുട്ടികൾക്കുള്ള ഒരു പൊതുപരിപാടിയിൽ വച്ച് ആ അശാസ്ത്രീയമായ വാചകങ്ങളെയാണ് വിമർശിച്ചത്, ശാസ്ത്രീയമായ വീക്ഷണമാണ് അവതരിപ്പിച്ചത്. അതിൽ വിശ്വാസിയായ ഒരു മനുഷ്യനും വേദന തോന്നാൻ ഇടയില്ല, അതിന്റെ ആവശ്യവുമില്ല. വിശ്വാസവും വിശ്വാസത്തെ മറയാക്കിയുള്ള മുതലെടുപ്പുകളും നന്നായി അറിയുന്നവരാണ് മലയാളികൾ.

സഖാവ് ഷംസീറിനെതിരെ യുവമോർച്ചക്കാർ 'ജോസഫ് മാഷിന്റെ അനുഭവം വരാതിരിക്കില്ല' എന്ന നിലയിലുള്ള ഭീഷണിയാണ് നടത്തിയത്. പ്രതികാരം തീർത്ത പോപ്പുലർ ഫ്രണ്ട് ഭീകരവാദികളോടാണ് യുവമോർച്ചക്കാർ സ്വയം ഉപമിക്കുന്നത്. അതേതായാലും ആ യുവമോർച്ചക്കാർക്ക് മനസിലാകുന്ന മറുപടിയാണ് ഞാൻ പറഞ്ഞതും.

സംഘ്പരിവാറുകാരുടെ അശാസ്ത്രീയ വിഡ്ഢിത്തങ്ങളും വിധ്വംസകമായ ആശയങ്ങളും ഇനിയും തുറന്നെതിർക്കും. ആ കാരണത്താൽ സഖാവ് ഷംസീറിനെയെന്നല്ല ആരെയും ഭീഷണിപ്പെടുത്തി ഭയപ്പെടുത്താമെന്ന് ആർ.എസ്.എസ് കരുതേണ്ട.

പിന്നെ എന്നെ കാണാൻ ആർക്കും എത്ര വട്ടം വേണെങ്കിലും ഇവിടേക്ക് വരാവുന്നതാണ്. ഓണത്തിനോ പെരുന്നാളിനോ ക്രിസ്തുമസിനോ എപ്പോൾ വന്നാലും സന്തോഷം തന്നെ. അനീതിക്കും അക്രമത്തിനുമെതിരെ പൊരുതിക്കൊണ്ടിരിക്കുന്ന ചുവന്ന കണ്ണൂരിലേക്ക് സ്വാഗതം.

Summary: I gave an answer that the Yuva Morcha people would understand. Unscientific nonsense and destructive ideas of the Sangh Parivar will be exposed again - P Jayarajan

Similar Posts