ഷുക്കൂർ വധക്കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് പി. ജയരാജൻ സി.ബി.ഐ ഡയറക്ടർക്ക് കത്ത് നൽകി
|കോൺഗ്രസ് നേതാവായ ബി.ആർ.എം ഷെഫീർ നടത്തിയ വെളിപ്പെടുത്തൽ ചൂണ്ടിക്കാട്ടിയാണ് ജയരാജന്റെ പരാതി.
തിരുവനന്തപുരം: അരിയിൽ ഷൂക്കൂർ വധക്കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് സി.പി.എം നേതാവ് പി. ജയരാജൻ സി.ബി.ഐ ഡയറക്ടർക്ക് കത്ത് നൽകി. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് പി. ജയരാജനെയും ടി.വി രാജേഷിനെയും കേസിൽ പ്രതിയാക്കിയതെന്ന് കോൺഗ്രസ് നേതാവ് ബി.ആർ.എം ഷഫീർ പൊതുയോഗത്തിൽ പ്രസംഗിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ജയരാജന്റെ പുനരന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.
കെ.പി.സി.സിയുടെ സംസ്ഥാനത്തെ പ്രമുഖനായ നേതാവാണ് അരിയിൽ കേസിൽ സുധാകരൻ നടത്തിയ ഇടപെടലിനെക്കുറിച്ച് വെളിപ്പെടുത്തിയതെന്ന് ജയരാജൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സാധാരണ അന്വേഷണസംഘമാണ് പ്രതികളെ നിശ്ചയിക്കുന്നത്. എന്നാൽ ഷുക്കൂർ കേസിൽ സുധാകരൻ പൊലീസിനെ വിരട്ടിയാണ് തങ്ങളെ പ്രതിയാക്കിയത് എന്നാണ് ഷെഫീർ പറഞ്ഞത്.
സി.ബി.ഐക്ക് വിട്ടപ്പോൾ ഡൽഹിയിൽ പോയും സ്വാധീനം ചെലുത്തിയെന്ന് അദ്ദേഹം പറഞ്ഞു. കൃത്യമായ രാഷ്ട്രീയ ഇടപെടലിലൂടെയാണ് സി.പി.എം നേതാക്കളെ പ്രതിയാക്കിയതെന്ന് അന്നേ പറഞ്ഞതാണ്. ഷെഫീറിന്റെ വെളിപ്പെടുത്തലിലൂടെ അത് തെളിഞ്ഞെന്നും ജയരാജൻ പറഞ്ഞു.