Kerala
വാർത്ത‌ തള്ളാതെ പി ജയരാജൻ; തെറ്റായ പ്രവണതകൾക്കെതിരായ ഉൾപാർട്ടി സമരം നടക്കുമെന്നും പ്രതികരണം
Kerala

വാർത്ത‌ തള്ളാതെ പി ജയരാജൻ; തെറ്റായ പ്രവണതകൾക്കെതിരായ ഉൾപാർട്ടി സമരം നടക്കുമെന്നും പ്രതികരണം

Web Desk
|
24 Dec 2022 9:07 AM GMT

സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ ഇ.പിക്കെതിരെ സംസ്ഥാന കമ്മിറ്റിയിലാണ് പി ജയരാജൻ സാമ്പത്തിക ആരോപണം ഉന്നയിച്ചത്.

കണ്ണൂർ: സിപിഎം സംസ്ഥാന കമ്മിറ്റിയിൽ ഇ.പി ജയരാജനെതിരായ സാമ്പത്തിക ആരോപണം ഉന്നയിച്ച വാർത്ത നിഷേധിക്കാതെ പി. ജയരാജൻ. സമൂഹത്തിലെ തെറ്റായ പ്രവണതകൾ പാർട്ടിക്കുള്ളിലും വരാം. തെറ്റായ പ്രവണതകൾക്കെതിരായ ഉൾപാർട്ടി സമരം നടക്കും.

സംസ്ഥാന കമ്മിറ്റിയിൽ എന്തുനടന്നുവെന്ന് മാധ്യമങ്ങളോട് പങ്കുവയ്ക്കാനാകില്ലെന്നും പി. ജയരാജന്‍ പറഞ്ഞു. ഇ.പി ജയരാജനെതിരെ സംസ്ഥാന കമ്മിറ്റിയിൽ സാമ്പത്തിക ആരോപണം ഉയർന്നത് വ്യാജവാർത്തയാണോയെന്ന ചോദ്യത്തിനായിരുന്നു ഈ മറുപടി.

വ്യക്തിപരമായ ആക്ഷേപം സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിക്കാറില്ലെന്നും പി ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ ഇപിക്കെതിരെ സംസ്ഥാന കമ്മിറ്റിയിലാണ് പി ജയരാജൻ ആരോപണം ഉന്നയിച്ചത്.

കണ്ണൂരിലെ റിസോർട്ട് നിർമാണത്തിന്റെ മറവില്‍ സാമ്പത്തിക തിരിമറിയും അനധികൃത സ്വത്ത് സമ്പാദനവും നടന്നതായാണ് ആരോപണം ഉയർന്നത്. ആന്തൂർ നഗരസഭയിലെ നാലാം വാർഡായ ഉടുപ്പക്കുന്നിലെ ആയുർവേദ റിസോർട്ടുമായി ബന്ധപ്പെട്ടാണ് ആരോപണം.

ഇ.പി ജയരാജന്റെ മകൻ ജെയ്‌സന്റെ പേരിൽ അനധികൃതമായി കുന്നിടിച്ച് ആയുർവേദ റിസോർട്ട് നിർമിക്കുന്ന വാർത്ത 2018ൽ 'മീഡിയവൺ' പുറത്തുവിട്ടിരുന്നു. പി. ജയരാജൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന സമയത്തായിരുന്നു ഇത്.

ഈ റിസോർട്ടിന്റെ മറവിൽ വൻ സാമ്പത്തിക ക്രമക്കേടുകൾ നടക്കുകയും അനധികൃതമായ സ്വത്തുക്കള്‍ സമ്പാദിക്കുകയും ചെയ്തെന്നാണ് ആരോപിക്കപ്പെടുന്നത്. തെളിവിന്‍റെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിക്കുന്നതെന്നും അന്വേഷണം വേണമെന്നും കമ്മിറ്റിയില്‍ ജയരാജന്‍ ആവശ്യപ്പെട്ടു.

അതേസമയം, രേഖാമൂലം എഴുതിത്തന്നാല്‍ ആരോപണത്തില്‍ അന്വേഷണം നടത്താമെന്നാണ് യോഗത്തില്‍ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പ്രതികരിച്ചത്. ജെയ്‌സൻ ചെയർമാനായ സ്വകാര്യ കമ്പനിയാണ് റിസോർട്ട് നിർമിച്ചത്.

പ്രദേശത്തെ ഒമ്പത് ഏക്കർ സ്ഥലത്ത് കുന്നിടിച്ചായിരുന്നു റിസോർട്ട് നിർമാണം. ഇ.പി ജയരാജൻ വ്യവസായ മന്ത്രിയായിരുന്ന സമയത്താണ് റിസോര്‍ട്ടിന്‍റെ ഉദ്ഘാടനം നടന്നത്. ജയരാജന്‍ തന്നെയായിരുന്നു ഉദ്ഘാടകനും.

Similar Posts