റെഡ് ആർമിയുമായി ബന്ധമില്ലെന്ന് ആവർത്തിച്ച് പി.ജയരാജന്‍
|പാർട്ടിയുടെ സമ്മേളന കാലത്ത് പല പ്രചാരണങ്ങളും നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു
പാലക്കാട്: റെഡ് ആർമിയുമായി ബന്ധമില്ലെന്ന് ആവർത്തിച്ച് സിപിഎം നേതാവ് പി. ജയരാജൻ. റെഡ് ആർമി തൻ്റെ പേരിലാണെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നു. പാർട്ടിയുടെ നവമാധ്യമങ്ങളുമായി മാത്രമാണ് ബന്ധം. പാർട്ടിയുടെ സമ്മേളന കാലത്ത് പല പ്രചാരണങ്ങളും നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റെഡ് ആര്‍മിയുമായി ബന്ധമില്ലെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുകയാണ്. നേരത്തെയുണ്ടായിരുന്നു പിജെ ആര്‍മി. പിജെ ആര്‍മിയും ഞാനും തമ്മിലുള്ള ബന്ധം ഇല്ലായെന്ന് പൊതുവില്‍ അംഗീകരിക്കപ്പെട്ടു. ഇപ്പോള്‍ പുതിയ പ്രചരണം ആരംഭിച്ചിരിക്കുകയാണ്. പാര്‍ട്ടിസമ്മേളനങ്ങള്‍ നടക്കുന്ന ഘട്ടത്തില്‍ ഇങ്ങനെ തെറ്റിദ്ധാരണ പരത്താന്‍ വേണ്ടി പല ശ്രമങ്ങളും നടക്കുന്നുണ്ട്. ഒരു മാധ്യമം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തല്ലോ? സിപിഎ സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് തെരഞ്ഞെടുക്കാന്‍ പോകുന്നു. ബ്രാഞ്ച് സമ്മേളനം തുടങ്ങിയിട്ടേയുള്ളൂ. അത്തരം വ്യാജവാര്‍ത്തകളൊന്നും കേരളത്തിലെ പ്രബുദ്ധരായ ഇടതുപക്ഷ രാഷ്ട്രീയ സംസ്കാരമുള്ള ജനങ്ങള്‍ക്കിടയില്‍ വിലപ്പോവുന്ന പ്രശ്നമില്ല.
പൊലീസ് സേനയെ സംബന്ധിച്ച് ചില പരാതികള്‍ വന്നപ്പോള്‍ മുഖ്യമന്ത്രി തന്നെ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. അതുപോലെ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയും വ്യക്തമാക്കിയിട്ടുണ്ട്. ഭരണ നേതൃത്വവും പാര്‍ട്ടിനേതൃത്വവും കൃത്യമായി നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ ഞാന്‍ പ്രത്യേകമായിട്ടൊന്നും പറയേണ്ട ആവശ്യമില്ല. സിപിഎം എന്ന പാര്‍ട്ടി ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്. പാര്‍ട്ടിയുടെ കരുത്തിനെ ശരിയായി മനസിലാക്കാതെ ചില വലതുപക്ഷ മാധ്യമങ്ങൾ പാര്‍ട്ടി അനുഭാവികള്‍ക്കിടയിലും മറ്റും ആശയക്കുഴപ്പമുണ്ടാക്കാന്‍ വേണ്ടി ബോധപൂര്‍വം വ്യാജവാര്‍ത്തകള്‍ പടച്ചുവിടുന്നു. പെയ്ഡ് ന്യൂസാണ്. ഇത്തരം വാര്‍ത്തകള്‍ ഓരോന്നിനോനും പ്രതികരിക്കേണ്ട കാര്യമില്ല...ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
പി. ജയരാജനെ പിന്തുണച്ച് രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ച പി.ജെ ആർമിയാണ് പേരുമാറ്റി റെഡ് ആർമി ആയത്. കഴിഞ്ഞ ദിവസം പി.വി അൻവർ എംഎല്‍എ വിമർശനമുന്നയിച്ച മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെ റെഡ് ആർമി രംഗത്തുവന്നിരുന്നു. 'ഒരുപാട് പ്രവർത്തകരുടെ സഹനവും ത്യാഗവും ജീവനും ജീവിതവും പ്രതീക്ഷയുമാണ് പാർട്ടി. ഇന്നും ജീവിക്കുന്ന എത്രയോ രക്തസാക്ഷികളുടേതാണ് ഈ പാർട്ടി. അവരുടെ നെഞ്ചിൽ ചവിട്ടിനിന്ന് സ്വാർത്ഥ താല്പര്യത്തിനുവേണ്ടി അതിന് കളങ്കമേൽപ്പിക്കുന്ന പ്രവൃത്തി ആരിൽനിന്ന് ഉണ്ടായാലും അത് വെച്ചു പൊറുപ്പിക്കരുത്.' എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.