Kerala
p jayarajan

കലശത്തിലുള്ള പി.ജയരാജന്‍റെ ചിത്രം

Kerala

കണ്ണൂരിലെ ക്ഷേത്രോത്സവ കലശത്തില്‍ പി.ജയരാജന്‍റെ ചിത്രം; വിമര്‍ശനവുമായി എം.വി ജയരാജന്‍

Web Desk
|
16 March 2023 5:40 AM GMT

ജയരാജന്‍റെ ചിത്രം ഉൾപ്പെടുത്തിയതിനെ സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി ജയരാജൻ തള്ളിപ്പറഞ്ഞു

കണ്ണൂര്‍: കണ്ണൂരിൽ ക്ഷേത്രോത്സവത്തിന്‍റെ ഭാഗമായുളള കലശം വരവിൽ പി ജയരാജന്‍റെ ചിത്രം പ്രദർശിപ്പിച്ചതിനെ ചൊല്ലി വിവാദം. കതിരൂർ കൂർമ്പക്കാവിലെ താലപ്പൊലി മഹോത്സവത്തിന്‍റെ ഭാഗമായി നടത്തിയ ഘോഷയാത്രക്കിടെയാണ് പി. ജയരാജന്‍റെ ചിത്രമുളള കലശം പ്രദർശിപ്പിച്ചത്. എന്നാൽ പാർട്ടിഅനുഭാവികളുടെ നടപടിയെ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ തളളിപ്പറഞ്ഞു.

കണ്ണൂരിലെ കാവുകളിലും ക്ഷേത്രങ്ങളിലും താലപ്പൊലി മഹോത്സവത്തിന്‍റെ ഭാഗമായി കലശം വരവുകൾ സാധാരണയാണ്.കഴിഞ്ഞ തിങ്കളാഴ്ച കതിരൂർ പുല്യോട് കൂർമ്പക്കാവ് താലപ്പൊലി മഹോത്സവത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച കലശം വരവിലാണ് കലശത്തിൽ പി. ജയരാജന്‍റെ ചിത്രം പ്രദർശിപ്പിച്ചത്. പാർട്ടി ചിഹ്നങ്ങളും മറ്റും കലശത്തിൽ പ്രദർശിപ്പിക്കുന്നത് പതിവാണങ്കിലും ജീവിച്ചിരിക്കുന്ന നേതാവിന്‍റെ ചിത്രം കലശത്തിൽ ഇതാദ്യമാണ്.

പി.ജയരാജന്‍റെ സ്വന്തം നാടായ പാട്യത്ത് നിന്നുളള പ്രവർത്തകരാണ് കലശമെടുത്തത്.സംഭവം സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിച്ചതോടെ നടപടിയെ തളളിപ്പറഞ്ഞ് ജില്ലാ സെക്രട്ടറി എം.വി ജയരാജൻ രംഗത്തെത്തി. വ്യക്തി പൂജയുടെ പേരിൽ നിരവധി തവണ വിവാദത്തിലായ നേതാവാണ് പി.ജയരാജൻ.പി ജെ ആർമി എന്ന സോഷ്യൽ മീഡിയ പേജും ചെന്താരകം വാഴ്ത്തുപാട്ടുമെല്ലാം വിവാദങ്ങൾക്ക് ശക്തി പകർന്നു. പാർട്ടി സംസ്ഥാന കമ്മറ്റി പരസ്യമായി ശാസിച്ചതിന് പിന്നാലെ ഇത്തരം വാഴ്ത്ത് പാട്ട് സംഘങ്ങളെയെല്ലാം പി.ജയരാജൻ തളളി പറഞ്ഞിരുന്നു.എന്തായാലും ഒരിടവേളക്ക് ശേഷം ഉയർന്ന പുതിയ വിവാദത്തോട് പി.ജയരാജൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.



Similar Posts