മുസ്‍ലിം സംഘടനാ - ആര്‍.എസ്.എസ് ചർച്ച: യു.ഡി.എഫിനെതിരായ മുഖ്യമന്ത്രിയുടെ ആരോപണം വിചിത്രമെന്ന് കുഞ്ഞാലിക്കുട്ടി
|'ജമാഅത്തുമായി ചേര്‍ന്ന് ഞങ്ങള്‍ക്കെതിരെ നിന്നിരുന്നത് സി.പി.എം ആണ്'
മലപ്പുറം: മുസ്‍ലിം സംഘടനാ - ആര്‍.എസ്.എസ് ചർച്ചയിൽ യു.ഡി.എഫിനെതിരായ മുഖ്യമന്ത്രിയുടെ ആരോപണം വിചിത്രമെന്ന് മുസ്‍ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. സർക്കാരിന്‍റെ വീഴ്ച മറയ്ക്കാൻ വിവാദമുണ്ടാക്കാൻ ശ്രമിക്കുകയാണ്. യു.ഡി.എഫിന് വെൽഫെയർ പാർട്ടിയുമായി രാഷ്ട്രീയ സഖ്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
"ജമാഅത്തുമായി ചേര്‍ന്ന് ഞങ്ങള്‍ക്കെതിരെ നിന്നിരുന്നത് സി.പി.എം ആണ്. അവര്‍ വേദി പങ്കിട്ടതല്ലേ പൊന്നാനിയിലൊക്കെ. അതു നമ്മള്‍ കണ്ടതല്ലേ? പല നേതാക്കളും പലരെയും കാണും. അതൊന്നും രാഷ്ട്രീയ സഖ്യമല്ല. യു.ഡി.എഫിന് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി രാഷ്ട്രീയ സഖ്യമില്ല "- കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമി - ആർ.എസ്.എസ് ചർച്ചയില്‍ കോൺഗ്രസ്, ലീഗ് നേതാക്കളുടെ പങ്ക് വ്യക്തമാക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്- ''ജമാഅത്തെ ഇസ്‌ലാമിക് വെൽഫെയർ പാർട്ടി എന്നൊരു രൂപമുണ്ട്. അവർ കോൺഗ്രസിന്റെയും ലീഗിന്റെയും കൂടെ അണിനിരക്കുവരാണ്. ഈ ത്രയത്തിന് ആർ.എസ്.എസുമായുള്ള ചർച്ചയിൽ എന്തെങ്കിലും പങ്കുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കെ.പി.സി.സി പ്രസിഡന്റ് തന്നെ താൻ വേണമെങ്കിൽ ബി.ജെ.പിയിൽ പോകും എന്ന് പറഞ്ഞിട്ടുണ്ട്. അങ്ങനെ താൽപര്യമുള്ള പലരും കോൺഗ്രസിലുണ്ട്. ജമാഅത്തെ ഇസ്‌ലാമി കൂടെ ഉണ്ടാകണമെന്ന് ലീഗിലെ ഒരു വിഭാഗത്തിനുണ്ട്. ജമാഅത്- ആർ.എസ്.എസ് ചർച്ചയിൽ കൊൺഗ്രസ്, ലീഗ് നേതാക്കൾക്ക് പങ്കുണ്ടോ എന്ന് വ്യക്തമാക്കണം''.