ഇടത്തേ കൈകൊണ്ട് പിഴ വാങ്ങുക, വലത്തേ കൈ കൊണ്ട് കിറ്റ് നൽകുക: സര്‍ക്കാരിനെതിരെ കുഞ്ഞാലിക്കുട്ടി
|ടാക്സ് കൊടുക്കണം, ഫീസ് നൽകണം, വാടക കൊടുക്കണം. പക്ഷേ ആരും പുറത്തിറങ്ങാന്‍ പാടില്ല. ഇതെന്ത് മാജിക്കാണ്? സര്‍ക്കാര്‍ നേരിട്ട് ജനങ്ങളുടെ കയ്യില്‍ പണമെത്തിക്കണമെന്ന് കുഞ്ഞാലിക്കുട്ടി
കേരളം ദരിദ്രമായിക്കഴിഞ്ഞെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ. ആളുകളുടെ കയ്യിൽ പണമില്ല. എല്ലാ മേഖലകളിലും ആത്മഹത്യാ പ്രവണതയുണ്ട്. സർക്കാർ നയം ശരിയല്ല. കേരളം പൊളിഞ്ഞ് പാപ്പരായിക്കൊണ്ടിരിക്കുകയാണ്. ഇടത്തേ കൈകൊണ്ട് പിഴ വാങ്ങുകയും വലത്തേ കൈ കൊണ്ട് കിറ്റ് നൽകുകയും ചെയ്തിട്ട് കാര്യമില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ പറഞ്ഞു.
"നേരിട്ട് ജനങ്ങളുടെ കയ്യില്‍ പണമെത്തിക്കണം. തമിഴ്നാടും ജാര്‍ഖണ്ഡും ഹരിയാനയുമൊക്കെ ചെയ്തു. ഫലമുണ്ട്. ആവുന്നത്ര പിഴയൊടുക്കലാണ് ഇപ്പോള്‍ ഇവിടെ നടക്കുന്നത്. വല്ലവനും ഒരു നേരത്തെ ഭക്ഷണത്തിന് വഴി കണ്ടെത്താന്‍ പായുമ്പോള്‍ ഫൈനടിപ്പിക്കുകയാണ്. കൂലിവേലക്കാരന് പണിയില്ല. പോവുമ്പോ പിടിക്കും, ഫൈനിടും. ആ ഫൈന്‍ കഴിയുന്നത്ര വര്‍ധിപ്പിക്കുക എന്ന പോളിസി പൊലീസുകാരുടെ കയ്യില്‍ കൊടുത്തിരിക്കുകയാണ്. ഇടത്തേ കൈ കൊണ്ട് പിടിച്ചുവാങ്ങുക, വലത്തേ കൈ കൊണ്ട് വല്യ സൌജന്യം കൊടുക്കുന്നുവെന്ന് കൊട്ടിഘോഷിച്ച് ഒരു കിറ്റ് അങ്ങട് കൊടുക്കും. കിറ്റ് തെരഞ്ഞെടുപ്പ് കാലത്ത്, അതിനു തൊട്ടുമുന്‍പ് ജയിക്കാന്‍ കൊള്ളാം. പക്ഷേ കാലാകാലത്തും സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തി കൊണ്ടുപോകേണ്ടേ സാര്‍? അതിനനുസരിച്ച് പോളിസി ഉണ്ടാക്കാതിരുന്നാ പറ്റുമോ?"
കോവിഡും കോവിഡിന് ശേഷമുള്ള നിയന്ത്രണങ്ങളുമെല്ലാം ഞങ്ങള്‍ നോക്കിക്കൊള്ളാം, ഞങ്ങള്‍ക്കെല്ലാമറിയാം, ഞങ്ങളാണ് ഭരണകക്ഷി എന്നുപറഞ്ഞാല്‍ പറ്റുമോ? ഈ രാജ്യത്ത് വ്യാപാരികളുണ്ട്, വ്യവസായികളുണ്ട്, കൃഷിക്കാരുണ്ട്, കൂലിപ്പണിക്കാരുണ്ട്, മത്സ്യത്തൊഴിലാളികളുണ്ട്. ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയുന്നില്ല. ആരും അനങ്ങാന്‍ പാടില്ല. പക്ഷെ ടാക്സ് കൊടുക്കണം, ഫീസ് നൽകണം, വാടക കൊടുക്കണം. പക്ഷേ ആരും പുറത്തിറങ്ങാന്‍ പാടില്ല. ഇതെന്ത് മാജിക്കാണ്? ആരെ കൊണ്ടാണ് ഇത് ചെയ്യാന്‍ കഴിയുകയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.
കോവിഡ് നയത്തിൽ എന്തോ പ്രശ്നമുണ്ട്. ആരാണ് നയം തീരുമാനിക്കുന്നത്? പഴയ ആരോഗ്യമന്ത്രിയും പുതിയ ആരോഗ്യമന്ത്രിയുമൊക്കെ ഇവിടെയുണ്ട്. ലോകം മുഴുവന്‍ പിന്തുടരുന്ന ആ കോവിഡ് നയമല്ല ഇവിടെയുള്ളത്. ട്രെയ്സ്, ടെസ്റ്റ്, ട്രീറ്റ് എന്നാണ് ലോകം പിന്തുടരുന്ന നയം. കേരള മോഡലെന്ന് കൊട്ടിഘോഷിച്ച് റൂട്ട് മാപ്പുണ്ടാക്കി. ആര്‍ക്കെങ്കിലും കോവിഡ് വന്നാല്‍ പിന്നാല ഓടി.. എന്തായിരുന്നു? ഇടുക്കിയിലെ ഉസ്മാന്‍റെ യാത്ര സ്പേസ് യാത്ര പോലെ ചരിത്രയാത്രയായിരുന്നു. ആ റൂട്ട് മാപ്പിന്‍റെ കാലം ഇപ്പോള്‍ ആലോചിച്ചുനോക്കൂ എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പ്രവാസികൾ പകുതിപേരും മടങ്ങി കേരളത്തിലെത്തും. സാമ്പത്തിക മേഖല തകരും. ഞങ്ങൾ തീരുമാനിക്കും നിങ്ങൾ മിണ്ടണ്ട എന്ന നയം മാറ്റണം. കോവിഡിന് ശേഷം വ്യവസായ, കാർഷിക, വിദ്യാഭ്യാസ, ടൂറിസം നയം വേണമെന്നും കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ പറഞ്ഞു.
''ഇടത്തേ കൈ കൊണ്ട് ഫൈൻ വാങ്ങുക, വലത്തേ കൈ കൊണ്ട് കിറ്റ് കൊടുക്കുക, അത് മാത്രം തുടർന്നാൽ ശരിയാകുമോ'' നിയമസഭയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് കുഞ്ഞാലിക്കുട്ടി
Posted by MediaoneTV on Tuesday, July 27, 2021