'കോഴ വിവാദത്തെക്കുറിച്ച് അറിയില്ല, മന്ത്രി റിയാസിനെയും പാർട്ടിയെയും കരിവാരിത്തേക്കാൻ ശ്രമം': പി മോഹനൻ
|''എന്തെങ്കിലും കോലാഹാലം ഉണ്ടാക്കി മന്ത്രി മുഹമ്മദ് റിയാസിനെയും പാര്‍ട്ടിയേയും സര്‍ക്കാരിനെയും കരിവാരിത്തേക്കാമെന്ന് വിചാരിക്കുന്നവരുണ്ടാകും. അതിനെ ശക്തമായി പ്രതിരോധിക്കും''
കോഴിക്കോട്: പി.എസ്.സി മെമ്പറാകാന്‍ പാര്‍ട്ടി നേതാവ് കോഴവാങ്ങിയെന്ന ആരോപണം സംബന്ധിച്ച് തങ്ങള്‍ക്ക് ഒരറിവും ഇല്ലെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍.
'മാധ്യമങ്ങള്‍ കോലാഹലങ്ങള്‍ ഉണ്ടാക്കുന്നതുപോലുള്ള അറിവ് ഞങ്ങള്‍ക്കില്ല. പാര്‍ട്ടി ജില്ലാ കമ്മിറ്റിക്ക് ഇതുസംബന്ധിച്ച് ഒരറിവും ഇല്ല. എന്തെങ്കിലും കോലാഹാലം ഉണ്ടാക്കി മന്ത്രി മുഹമ്മദ് റിയാസിനെയും പാര്‍ട്ടിയേയും സര്‍ക്കാരിനെയും കരിവാരിത്തേക്കാമെന്ന് വിചാരിക്കുന്നവരുണ്ടാകും. അതിനെ ശക്തമായി പ്രതിരോധിക്കും', സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം പി.മോഹനന്‍ പ്രതികരിച്ചു.
നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിലും പറഞ്ഞ സംഭവമാണ് ഇന്ന് മോഹനൻ അറിയില്ലെന്ന് പറഞ്ഞത്.
അതേസമയം പി.എസ്.സി നിയമനക്കോഴ ആരോപണത്തിൽ പ്രമോദ് കോട്ടൂളിയോട് വിശദീകരണം തേടാൻ സി.പി.എം സെക്രട്ടേറിയേറ്റ് തീരുമാനിച്ചതായാണ് വിവരം. രണ്ട് ദിവസത്തിനകം മറുപടി നൽകാനാണ് നിർദേശം. തെറ്റായ സമീപനം ആരുടെ ഭാഗത്തു നിന്നുണ്ടായാലും നടപടിയുണ്ടാകുമെന്നും പി മോഹനൻ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പാർട്ടി വിശദീകരണം ചോദിച്ചിട്ടില്ലെന്നും ആരോപണം പരിശോധിക്കട്ടെയെന്നും പ്രമോദ് കോട്ടൂളി പ്രതികരിച്ചു.