സമാനതകളില്ലാത്ത ദുരന്തം, നഷ്ടപരിഹാരവും സമ്പൂർണ പുനരധിവാസവും ഉറപ്പാക്കണം: പി. മുജീബ് റഹ്മാന്‍
|‘രക്ഷാപ്രവർത്തനങ്ങൾ ഏറെ അഭിനന്ദനാർഹം’
കൽപ്പറ്റ: സമാനതകളില്ലാത്ത ദുരന്തമാണ് മുണ്ടക്കൈയിലും ചൂരൽമലയിലും പരിസരങ്ങളിലും സംഭവിച്ചിരിക്കുന്നതെന്ന് ജമാഅത്തെ ഇസ്‍ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ. 200ഓളം കുടുംബങ്ങൾ ദുരന്തത്തിനിരയായിട്ടുണ്ട്. സർക്കാർ സംവിധാനങ്ങളും സന്നദ്ധപ്രവർത്തകരുമെല്ലാം രക്ഷാപ്രവർത്തനം തുടരുകയാണ്. ദുരന്തത്തിൽ ഇരയാകപ്പെട്ടവർക്ക് നഷ്ടപരിഹാരവും സമ്പൂർണ പുനരധിവാസവും സർക്കാർ ഉറപ്പാക്കണമെന്നും പി. മുജീബ് റഹ്മാൻ ആവശ്യപ്പെട്ടു.
സേനയും സന്നദ്ധ സംഘടനകളും നടത്തുന്ന രക്ഷാപ്രവർത്തനങ്ങൾ ഏറെ അഭിനന്ദനാർഹമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പേജിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഇന്നലെ രാത്രി ചൂരൽമലയിലെത്തി. ചൂരൽമലയും മുണ്ടക്കൈയും നേരത്തെ തന്നെ എനിക്കറിയുന്ന പ്രദേശങ്ങളാണ്. പക്ഷെ ഈ ഇരു പ്രദേശങ്ങളുമിന്ന് ഉരുൾപൊട്ടലിൽ പൂർണ്ണമായും ഒലിച്ച് പോയിരിക്കുന്നു.
ചുരുങ്ങിയത് 250 വീടുകൾ. അതിലെ കുടുംബങ്ങൾ എല്ലാം നഷ്ടപ്പെട്ടവരാണ്. ദുരന്തഭൂമിയിലെ കാഴ്ചകൾ അതി ദയനീയമാണ്. ശരീരഭാഗങ്ങൾ ഛിന്നഭിന്നമായ മൃതദേഹങ്ങൾ കരളലിയിപ്പിക്കുന്നു, മണ്ണിനടിയിലും പുഴയോരത്തും മൃതദേഹങ്ങൾ ഇനിയും കണ്ടെത്തിയെന്ന് വരാം.
പാലം ഒലിച്ചുപോയി. തീർത്തും ഒറ്റപ്പെട്ട മുണ്ടക്കൈ പ്രദേശത്തുനിന്നും ധാരാളം പേരെ രക്ഷാപ്രവർത്തകർ അതിസാഹസികമായാണ് ഹോസ്പിറ്റലുകളിലേക്കും ക്യാമ്പുകളിലേക്കുമെത്തിക്കുന്നത്.
കെട്ടിടത്തിനടിയിൽപെട്ടവർ, പാതി ശരീരം മണ്ണിനടിയിലായവർ, തകർന്ന വീടിനകത്ത് നിന്നും പുറത്ത് കടക്കാനാവാതെ കുടുങ്ങിയവർ എല്ലാം അക്കൂട്ടത്തിലുണ്ട്. ഇനിയും രക്ഷാപ്രവർത്തകരെയും കാത്ത് ജീവന്റെ തുടിപ്പ് നിലനിർത്താനായി ജീവൻമരണ പോരാട്ടം നടത്തുന്നവർ അവിടങ്ങളിലുണ്ടാവാം.
രാത്രി ഏറെ വൈകിയാണ് രക്ഷാപ്രവർത്തനം നിർത്തിയത്. ലൈറ്റുകൾ അണഞ്ഞു തുടങ്ങി, സേനയും വ്യത്യസ്ത യൂണിഫോമുകളിൽ കളം നിറഞ്ഞ് നിന്ന് പ്രവർത്തിച്ച സന്നദ്ധ സംഘടനകളും മാധ്യമങ്ങളുമെല്ലാം തിരിച്ച് പോരാൻ തുടങ്ങി.
കനത്ത മഴ അപ്പോഴും തുടരുന്നു. ഇനി രാവിലെയാണ് തിരച്ചിൽ പുനരാരംഭിക്കുക. ഇരുട്ടും മഴയും മലവെള്ളപ്പാച്ചിലും മാത്രം അവശേഷിച്ച ദുരന്ത ഭൂമിയിലേക്ക് തിരിഞ്ഞ് നോക്കിയപ്പോൾ മനസ്സ് വല്ലാതെ പിടഞ്ഞു. ഇരുട്ടിൽ നിന്നും ആരൊക്കെയോ സഹായത്തിനായി നിലവിളിക്കുന്ന പോലെ. ഇരുട്ടിൽ എവിടെയൊക്കെയോ മൃതദേഹങ്ങൾ വന്നടിഞ്ഞത് പോലെ. ഇത് വെറുമൊരു തോന്നലല്ല. പുറംലോകവുമായി ബന്ധപ്പെടാനാവാത്ത മുണ്ടക്കൈ പ്രദേശത്ത് സംഭവിക്കാനിടയുള്ള കാര്യങ്ങളാണിത്.
ഒറ്റപ്പെട്ട കെട്ടിടങ്ങളിൽ നിന്നുംമറ്റും സഹായം തേടിയുള്ള ഫോൺ കോൾ വരുന്നുണ്ട്. വിളിക്കാൻ കഴിയാതെ പോകുന്നവരുണ്ട്. ശരീരത്തിൽ ജീവനവശേഷിക്കുമ്പോഴും ഒന്ന് നിലവിളിക്കാൻ പോലും ശേഷിയില്ലാതെ മരണത്തെ മുഖാമുഖം കാണുന്നവരും ദുരന്തഭൂമിയിലുണ്ടാകും. സേനയും സന്നദ്ധ സംഘടനയും നടത്തുന്ന രക്ഷാ പ്രവർത്തനങ്ങൾ ഏറെ അഭിനന്ദനമർഹിക്കുന്നു.
നല്ല പരിശീലനം സിദ്ധിച്ച യുവാക്കൾ ഇരുട്ടും മഴയും വകവെക്കാതെ മണ്ണോട് ചേർന്ന മനുഷ്യരെ ജീവിതത്തിലേക്ക് പറിച്ചെടുക്കുന്ന കാഴ്ച, ചലനമറ്റ മനുഷ്യശരീരങ്ങളെ വാരിയെടുത്ത് സംസ്കാര നടപടികൾക്കായി ഓടുന്നത്.
മലയാളി കാത്ത് സൂക്ഷിക്കുന്ന മനുഷ്യപ്പറ്റിന്റെ നേർക്കാഴ്ചയാണിതെല്ലാം. ഐ.ആർ.ഡബ്ല്യു വളണ്ടിയേഴ്സ് എല്ലായിടത്തും സമയത്തെത്തി. ഇന്നലെ രാവിലെ അതിസാഹസികമായാണ് ഒറ്റപ്പെട്ട മുണ്ടക്കൈ പ്രദേശത്തേക്ക് എൻ.ഡി.ആർ.എഫ് എത്തുന്നത്. അവരോടൊപ്പം ഐ.ആർ.ഡബ്ല്യുവിന്റെ പരിശീലനം സിദ്ധിച്ച വളണ്ടിയർമാരുണ്ട്.
കണ്ടെത്തുന്ന മൃതദേഹങ്ങൾ കുളിപ്പിച്ച് അന്ത്യകർമ്മങ്ങൾ നിർവ്വഹിക്കുന്നിടത്ത് ഐ.ആർ.ഡബ്ല്യു വനിതാ വളണ്ടിയർമാർ രാത്രിയിലും കർമ്മനിരതരാണ്. നിലമ്പൂർ പ്രദേശത്ത് ചാലിയാറിലണഞ്ഞ മൃതദേഹങ്ങൾ മൃതദേഹത്തോട് പുലർത്തേണ്ട എല്ലാ ആദരവോടെയും ഹോസ്പിറ്റലുകളിലെത്തിക്കുന്നതിലും അവർ ജാഗ്രതയോടെ പ്രവർത്തിക്കുന്നുണ്ട്. പ്രിയ സുഹൃത്തുക്കളെ നിങ്ങൾ കാണിക്കുന്ന ഈ സാഹസികത, സന്നദ്ധത, ജീവകാരുണ്യ മാനസ്സ് ഏറെ അഭിമാനകരമാണ്.
വ്യത്യസ്ത പേരുകളിൽ ദുരന്തമുഖത്ത് പ്രവർത്തിക്കുന്ന മുഴുവൻ സന്നദ്ധ പ്രവർത്തകർക്കും ബിഗ് സെല്യൂട്ട്. സുഹൃത്തുക്കളെ നിങ്ങൾ മലയാളത്തിന്റെ അഭിമാനമാണ്.
നാഥൻ മഹാദുരന്തങ്ങളിൽ നിന്നും നമ്മെ കാത്ത് രക്ഷിക്കട്ടെ. ആമീൻ...