ഇസ്ലാമോഫോബിയ പ്രചരിപ്പിക്കപ്പെടുന്നതിൽ മുസ്ലിം സമുദായം ജാഗ്രത പാലിക്കണം: പി. മുജീബുറഹ്മാൻ
|മുനമ്പം വിഷയം മുൻനിർത്തി ഇസ്ലാമിലെ വഖഫിനെ മനുഷ്യവിരുദ്ധമായി ചിത്രീകരിക്കുകയാണെന്ന് മുജീബുറഹ്മാൻ പറഞ്ഞു.
ആലുവ: താൽക്കാലിക രാഷ്ട്രീയലാഭത്തിന് വേണ്ടി ഇസ്ലാമിനെയും മുസ്ലിംകളെയും സംബന്ധിച്ച് തെറ്റിദ്ധാരണ പരത്താനുള്ള ബോധപൂർവമായ ശ്രമം കേരളത്തിൽ നടക്കുന്നുണ്ടെന്നും അതിനെതിരെ ജാഗ്രത പാലിക്കണമെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബുറഹ്മാൻ. മുനമ്പം വിഷയം മുൻനിർത്തി ഇസ്ലാമിലെ വഖഫിനെ മനുഷ്യവിരുദ്ധമായി ചിത്രീകരിക്കുകയാണ്. തെരഞ്ഞെടുപ്പ് ലാഭത്തിന് വേണ്ടി ഇസ്ലാമിനെയും മുസലിംകളെയും പൈശാചികവൽക്കരിക്കാനുള്ള ശ്രമം നടക്കുന്നു. ഇതിനെ സമുദായം കരുതിയിരിക്കണം. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കാലത്ത് മാനുഷിക മുല്യങ്ങൾ ഉയർത്തിപ്പിടിച്ച് രാജ്യത്തിന്റെ പുരോഗതിക്കായി വിദ്യാർഥി സമൂഹം രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. 'അല്ലാഹുവിന് മാത്രം വിധേയത്വം, അധീശത്വങ്ങളോടെല്ലാം വിസമ്മതം' എന്ന തലക്കെട്ടിൽ എസ്ഐഒ സംഘടിപ്പിച്ച സംസ്ഥാന മെമ്പേഴ്സ് കോൺഫറൻസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്ഐഒ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് സഈദ് ടി.കെ അധ്യക്ഷത വഹിച്ചു. എസ്ഐഒ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. റഹ്മാൻ ഇരിക്കൂർ, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ്, എസ്ഐഒ ദേശീയ സെക്രട്ടറി അഡ്വ. അനീസ് റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.