കേരള പൊലീസിൽ ആർഎസ്എസ് ഡീപ് സ്റ്റേറ്റിന്റെ സ്വാധീനം; കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണം: പി. മുജീബുറഹ്മാന്‍
|സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് നൊട്ടോറിയസ് ക്രിമിനലെന്ന് വിളിപ്പേര് നൽകിയിരിക്കുന്നത് ഭരണപക്ഷ എംഎൽഎ തന്നെയാണെന്ന് മുജീബുറഹ്മാൻ പറഞ്ഞു.
കോഴിക്കോട്: കേരള പൊലീസ് സേനയുടെ ആർഎസ്എസ് - മാഫിയാ ടീമുമായുള്ള വഴിവിട്ട ബന്ധത്തെക്കുറിച്ച സ്ഫോടനാത്മകമായ വിവരങ്ങള്‍ പുറത്തുവന്നിട്ടും ഇതുമായെല്ലാം പേര് പരാമർശിക്കപ്പെട്ട അജിത്കുമാറിന് നേരെ ഇടതുസർക്കാർ വിരലനക്കാത്തതെന്തുകൊണ്ടാണെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അമീര്‍ പി. മുജീബുറഹ്മാന്‍. റിയാസ് മൗലവി, ഫൈസൽ വധം തുടങ്ങി ആർഎസ്എസുകാർ പ്രതികളായ കൊലപാതക കേസുകളിൽ പൊലീസ് കാണിച്ച അസാധാരണമായ അവധാനത കേരളത്തിലെ പൊലീസ് സേനയിൽ ആർഎസ്എസ് ഡീപ്പ് സ്റ്റേറ്റിന്റെ ശക്തമായ സ്വാധീനം പ്രകടമാക്കുന്നുണ്ട്. പൊലീസിൻ്റെ നിയമവിരുദ്ധമായ കെട്ടിച്ചമക്കൽ കേസുകളുടെ ഭാഗമായി പീഡനമനുഭവിക്കേണ്ടിവന്നവർക്ക് മതിയായ നഷ്ടപരിഹാരം നൽകാനും കുറ്റവാളികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കാനുമുള്ള ധാർമിക ബാധ്യത കേരളത്തിലെ ഇടത് സർക്കാരിനുണ്ടെന്നുംസംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് നൊട്ടോറിയസ് ക്രിമിനലെന്ന് വിളിപ്പേര് നൽകിയിരിക്കുന്നത് ഭരണപക്ഷ എംഎൽഎ തന്നെയാണ് മുജീബുറഹ്മാന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കേരള പൊലീസ് സേനയുടെ ആർ.എസ്.എസ് - മാഫിയാ ടീമുമായുള്ള വഴിവിട്ട ബന്ധത്തെക്കുറിച്ച സ്ഫോടനാത്മകമായ വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് നോട്ടോറിയസ് ക്രിമിനലെന്ന് വിളിപ്പേര് നൽകിയിരിക്കുന്നത് ഭരണപക്ഷ എംഎൽഎ തന്നെയാണ്. സ്വർണക്കടത്ത്, സ്ത്രീ പീഡനം, കള്ളക്കേസുകൾ, സാമ്പത്തിക തട്ടിപ്പ്, കസ്റ്റഡി മരണം തുടങ്ങി നിരവധി ക്രിമിനൽ കുറ്റങ്ങളാണ് സംസ്ഥാനത്തെ മുഖ്യമന്ത്രിയോട് ചേർന്നുനിൽക്കുന്ന ഉയർന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെ ഉയർന്നിരിക്കുന്നത്.
അതിലുപരി ആർഎസ്എസ് നേതാക്കളായ ദത്താത്രേയ ഹോസബാലെയുമായും രാംമാധവുമായും അജിത് കുമാർ ചർച്ച നടത്തി എന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നു. ആദ്യം ചർച്ചയെ തള്ളിപറഞ്ഞ പാർട്ടി സെക്രട്ടറി തന്നെ പിന്നീട് ഉത്തരവാദിത്തം സർക്കാറിന് മേൽ ചാരുന്നു. പാർട്ടി സെക്രട്ടറി ആർ.എസ്.എസ് ചർച്ച നിരാകരിച്ചപ്പോൾ എഡിജിപി ചർച്ച അത് തുറന്ന് സമ്മതിക്കുന്നു. ഇ.പി. ജയരാജനും ജാവദേക്കറും തമ്മിൽ നടന്ന ചർച്ചയും എഡിജിപി നടത്തിയ ചർച്ചയും തമ്മിൽ ബന്ധമുണ്ടോ? സുജിത് ലാൽ സസ്പെൻ്റ് ചെയ്യപ്പെട്ടിട്ടും ഇതുമായെല്ലാം പേര് പരാമർശിക്കപ്പെട്ട അജിത്കുമാറിന് നേരെ ഇടതുസർക്കാർ വിരലനക്കാത്തതെന്താണ്?
ജാവദേക്കറുമായി സംസാരിച്ച എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന് കിട്ടാത്ത പ്രിവിലേജ് ധാരാളം ക്രിമിനൽ കുറ്റങ്ങൾ ആരോപിക്കപ്പെട്ട ഒരു പൊലീസ് ഉദ്യോഗസ്ഥന് ഇടതുപക്ഷ സർക്കാറിൽനിന്ന് ലഭിക്കുന്നതെന്തുകൊണ്ട്? എഡിജിപിയുടെ കീഴുദ്യോഗസ്ഥരെ അന്വേഷണ സംഘമായി നിയോഗിക്കുകയും അന്വേഷണ സമയത്തും ആരോപണ വിധേയനായ എഡിജിപിക്ക് തന്നെ സംഘത്തിലെ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്യണമെന്ന് തീരുമാനിക്കുകയും ചെയ്തിരിക്കെ ഈ അന്വേഷണ പ്രഹസനം മലയാളികളോടുള്ള പരിഹാസമല്ലേ?
കേരളാ പൊലീസ് സേനയിലെ ആർഎസ്എസ് ചേരിയെക്കുറിച്ച് നേരത്തെ ഉയർന്നുവന്ന വിമർശനങ്ങളെയല്ലേ ഇതെല്ലാം ശരിവെക്കുന്നത്? മുകളിൽ ഉന്നയിക്കപ്പെട്ടതെല്ലാം സിപിഎമ്മിനെയോ എൽഡിഎഫിനെയോ മാത്രം ബാധിക്കുന്ന ഒന്നല്ല. കേരളം അഭിമാനപൂർവം കാത്തുസൂക്ഷിക്കുന്ന സാഹോദര്യത്തിനും സൗഹൃദാന്തരീക്ഷത്തിനുംമേൽ ഉയരുന്ന ഭീഷണിയാണിത്. ജന സൗഹൃദമാകേണ്ട പൊലീസ് സേനയെ മുഴുവൻ ഇത് സംശയത്തിന്റെ മുൾമുനയിൽ നിർത്തുന്നു. കേരളത്തിലെ മുസ്ലിം ന്യൂനപക്ഷത്തോട് പൊലീസ് സേനയുടെ ഭാഗത്തുനിന്നുണ്ടാകുന്ന നീതി നിഷേധത്തിനും വിവേചന ഭീകരതക്കും പിന്നിലെ ആർ.എസ്.എസ് രാഷ്ട്രീയത്തെക്കുറിച്ച ആശങ്ക ശക്തിപ്പെടുത്തുന്ന വെളിപ്പെടുത്തലുമാണിത്.
റിയാസ് മൗലവി, ഫൈസൽ വധം തുടങ്ങി ആർഎസ്എസുകാർ പ്രതികളായ കൊലപാതക കേസുകളിൽ പൊലീസ് കാണിച്ച അസാധാരണമായ അവധാനത കേരളത്തിലെ പൊലീസ് സേനയിൽ ആർഎസ്എസ് ഡീപ്പ് സ്റ്റേറ്റിന്റെ ശക്തമായ സ്വാധീനം പ്രകടമാക്കുന്നുണ്ട്. അതിനാൽ കേരള പോലീസ് സേനയുടെ കേന്ദ്രസ്ഥാനത്തിരിക്കുന്നവരെക്കുറിച്ച് ഗുരുതരമായ കുറ്റാരോപണങ്ങൾ ഉയർന്ന പുതിയ പശ്ചാത്തലത്തിൽ മേൽ കേസുകളിലെല്ലാം എന്ത് സംഭവിച്ചുവെന്ന് സ്വതന്ത്രവും നീതിപൂർവവുമായ ജുഡീഷ്യൽ അന്വേഷണം നടത്തേണ്ടതുണ്ട്.
പൊലീസിൻ്റെ നിയമവിരുദ്ധമായ കെട്ടിച്ചമക്കൽ കേസുകളുടെ ഭാഗമായി പീഡനമനുഭവിക്കേണ്ടിവന്നവർക്ക് മതിയായ നഷ്ടപരിഹാരം നൽകാനും കുറ്റവാളികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കാനുമുള്ള ധാർമിക ബാധ്യത കേരളത്തിലെ ഇടത് സർക്കാരിനുണ്ട്.