ഫലസ്തീൻ പ്രശ്നത്തെ 2023 ഒക്ടോബർ ഏഴിലേക്ക് ചുരുക്കിക്കെട്ടുന്നവർ സയണിസ്റ്റ് അധിനിവേശത്തെ വെള്ളപൂശുന്നു: പി. മുജീബുറഹ്മാൻ
|ഗസ്സയിൽ നിന്നും ഹമാസിനെ വെട്ടിമാറ്റുന്നവർ ഗസ്സയുടെ ചെറുത്ത് നിൽപ്പിനെത്തന്നെയാണ് കുഴിച്ചുമൂടാൻ ശ്രമിക്കുന്നതെന്നും പി. മുജീബുറഹ്മാൻ പറഞ്ഞു.
കോഴിക്കോട്: ഫലസ്തീൻ പ്രശ്നത്തെ 2023 ഒക്ടോബർ ഏഴിലേക്ക് ചുരുക്കിക്കെട്ടുന്നവർ ഒരു നൂറ്റാണ്ടുകാലത്തെ ഭീകരമായ സയണിസ്റ്റ് അധിനിവേശത്തെ വെള്ളപൂശുകയാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരളാ അമീർ പി. മുജീബുറഹ്മാൻ. സയണിസ്റ്റ് അധിനിവേശത്തെ വെള്ളപൂശുകയാണ്. ഗസ്സയിൽ നിന്നും ഹമാസിനെ വെട്ടിമാറ്റുന്നവർ ഗസ്സയുടെ ചെറുത്ത് നിൽപ്പിനെത്തന്നെയാണ് കുഴിച്ചുമൂടാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഫലസ്തീൻ പ്രശ്നത്തെ 2023 ഒക്ടോബർ ഏഴിലേക്ക് ചുരുക്കിക്കെട്ടുന്നവർ ഒരു നൂറ്റാണ്ടു കാലത്തെ ഭീകരമായ സയണിസ്റ്റ് അധിനിവേശത്തെ വെള്ളപൂശുകയാണ്. ഗസ്സയിൽ നിന്നും ഹമാസിനെ വെട്ടിമാറ്റുന്നവർ ഗസ്സയുടെ ചെറുത്ത് നിൽപ്പിനെത്തന്നെയാണ് കുഴിച്ചുമൂടാൻ ശ്രമിക്കുന്നത്. ഹമാസില്ലാത്ത ഗസ്സ ,ചെറുത്തുനിൽപ്പ് നിലച്ചുപോകുന്ന സയണിസത്തിന്റെ കുരുതിക്കളങ്ങളാണ്. സയണിസവും ഫാസിസവും സാമ്രാജ്യത്വവും സഖ്യം ചേർന്ന ഇക്കാലത്ത് നിങ്ങളെവിടെ നിൽക്കുന്നുവെന്നത് തന്നെയാണ് നിങ്ങളുടെ നിലപാട്. ഗസ്സക്കുമേൽ യാങ്കി ഭീകരരുടെ യുദ്ധവിമാനങ്ങൾ ബോംബ് വർഷിക്കുമ്പോൾ, സ്ത്രീകളും കുട്ടികളും നരഹത്യക്ക് വിധേയമാക്കപ്പെടുമ്പോൾ, വീടുകളിൽ നിന്നും സിവിലിയൻ കേന്ദ്രങ്ങളിൽ നിന്നും തീ ഗോളമുയരുമ്പോൾ നിശ്ശബ്ദമാകുന്ന ലോകമേ, കാഴ്ചക്കാരാകുന്ന ഭരണാധികാരികളേ, ബാലൻസിങ്ങ് സർക്കസ് കളിക്കുന്ന പുരോഗമനവാദികളേ, കാലവും ചരിത്രവും നിങ്ങൾക്ക് മാപ്പ് തരില്ല.
അതിജീവനത്തിന്റെ ഫലസ്തീൻ ചെറുത്തുനിൽപ്പിനെ അവഹേളിക്കുന്നവർ, പോരാട്ടത്തിന് നെടുനായകത്വം വഹിക്കുന്ന ഹമാസിന്റെ രാഷ്ട്രീയം തിരയുന്നവർ, അവർക്കുമേൽ തീവ്രവാദ ചാപ്പകുത്തി ഫലസ്തീന്റെ മർമവിഷയത്തിൽ നിന്ന് ഒളിച്ചോടുന്നവർ, പിടഞ്ഞുവീഴുന്ന ഫലസ്തീൻ കുഞ്ഞു രക്തസാക്ഷികൾക്കു നേരെ കണ്ണടച്ച് സമീകരണത്തിന്റേയും തൂക്കൊപ്പിക്കലിന്റേയും മൊഴിവൈദഗ്ധ്യം തെളിയിക്കുന്നവർ, അവരാരായാലും തള്ളിപ്പറയുന്നത് ഫലസ്തീന്റെ വിമോചനപോരാട്ടത്തെയാണ്. ഒരു ജനതയുടെ സ്വാതന്ത്ര്യ സമരത്തെയാണ്. അതുവഴി വിശുദ്ധീകരിച്ചെടുക്കുന്നതും ശാക്തീകരിക്കുന്നതും ലോക ഭൂപടത്തിലെ പൈശാചികാക്ഷരമായി മാനവലോകം അംഗീകരിക്കുന്ന ഇസ്രയേൽ രാഷ്ട്രത്തെയും ജൂത സയണിസത്തെയുമാണ്.