'മുദ്രാവാക്യം മാത്രം നോക്കി വകുപ്പ് ചുമത്താനാവില്ല'; സി.എ.എ വിരുദ്ധ സമരക്കാർക്കെതിരായ നടപടി ന്യായീകരിച്ച് മന്ത്രി പി. രാജീവ്
|സി.എ.എ വിരുദ്ധ സമരത്തിൽ സംഘർഷമുണ്ടാക്കാൻ ചില സംഘടനകൾ മനപ്പൂർവം ശ്രമിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.
തിരുവനന്തപുരം: കോഴിക്കോട്ട് സി.എ.എ വിരുദ്ധ സമരം നടത്തിയ ഫ്രറ്റേണിറ്റി പ്രവർത്തകർക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തിയതിനെ ന്യായീകരിച്ച് മന്ത്രി പി. രാജീവ്. മുദ്രാവാക്യം മാത്രം നോക്കി വകുപ്പ് ചുമത്താനാവില്ലെന്ന് മന്ത്രി പറഞ്ഞു. കോഴിക്കോട്ടെ കേസുകളെക്കുറിച്ച് പരിശോധിച്ച ശേഷമേ പറയാനാകൂ. സമരത്തിൽ സംഘർഷമുണ്ടാക്കാൻ ചില സംഘടനകൾ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
സി.എ.എ വിരുദ്ധ സമരത്തിന്റെ ഭാഗമായി തിങ്കളാഴ്ച കോഴിക്കോട് ആകാശവാണി നിലയത്തിലേക്ക് മാർച്ച് നടത്തിയ എട്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രവർത്തകർ റിമാൻഡിലാണ്. വിദ്യാർഥികളെ ജയിലിലടയ്ക്കാൻ പോലീസ് മനപ്പൂർവം ശ്രമിച്ചെന്നും ആകാശവാണിയിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകർ ട്രെയിൻ തടഞ്ഞു എന്ന് തെറ്റായി കുറ്റം ചുമത്തിയെന്നും ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്രിൻ പറഞ്ഞു. കള്ളം എഴുതിവച്ച റിമാൻഡ് റിപ്പോർട്ട് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോഴിക്കോട് ടൗൺ അസിസ്റ്റന്റ് കമ്മീഷണർ കെ.ജി സുരേഷ് ആർ.എസ്.എസിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് ഷെഫ്രിൻ ആരോപിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടന്ന ഫ്രറ്റേണിറ്റി മാർച്ചിന് നേരെ പൊലീസ് നടത്തിയ ആക്രമണത്തിന് നേതൃത്വം നൽകിയതിന് കെ.ജി സുരേഷിനെതിരെ ഡി.ജി.പിക്ക് പരാതി നൽകുമെന്നും ഷെഫ്രിൻ പറഞ്ഞു.