'സ്വന്തം മുന്നണിക്കെതിരെയുള്ള വെടി'; മാത്യു കുഴൽനാടന് പി.രാജീവിന്റെ മറുപടി
|മൈനിങ് സ്വകാര്യ കമ്പനികൾക്ക് നൽകാം എന്ന ഉത്തരവ് യു.ഡി.എഫ് സർക്കാറിന്റെ കാലത്താണ് ഇറക്കിയതെന്ന് പി.രാജീവ് പറഞ്ഞു.
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ മാത്യു കുഴൽനാടന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി പി. രാജീവ്. സ്വന്തം മുന്നണിക്കെതിരെയുള്ള ഉണ്ടയുള്ള വെടിയാണ് മാത്യു ഉന്നയിച്ചത്. മൈനിങ് സ്വകാര്യ കമ്പനികൾക്ക് നൽകാം എന്ന ഉത്തരവ് 2002- ൽ യു.ഡി.എഫ് സർക്കാറിന്റെ കാലത്താണ് ഇറക്കിയത്. കേന്ദ്ര അനുമതി ഉണ്ടെങ്കിൽ സ്വകാര്യ കമ്പനിക്ക് കൊടുക്കാം എന്ന് ആ ഉത്തരവിൽ ഉണ്ടായിരുന്നെന്നും രാജീവ് പറഞ്ഞു. സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും സുപ്രിംകോടതിയും ലീസ് നൽകാനുള്ള അനുമതിയാണ് നൽകിയത്. അത് നടപ്പാക്കാതിരിക്കുകയാണ് പിണറായി സർക്കാർ ചെയ്തതെന്നും പി.രാജീവ് ചൂണ്ടിക്കാട്ടി.
മാസപ്പടിയിൽ നടന്നത് അഴിമതിയാണെന്നും വീണാ വിജയനല്ല, മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതിൽ കുറ്റവാളിയെന്നുമാണ് മാത്യു കുഴൽനാടന്റെ ആരോപണം. സി.എം.ആർ.എൽ കമ്പനിക്ക് മുഖ്യമന്ത്രി നൽകിയ സേവനത്തിനാണ് വീണാ വിജയനും എക്സാലോജിക്കിനും മാസപ്പടി ലഭിച്ചതെന്നും മാത്യു ആരോപിച്ചു. മുഖ്യമന്ത്രിക്കെതിരെ അഴിമതിയാരോപണം ഉന്നയിക്കാൻ അനുമതി നൽകാതിരുന്നതിനെയും പ്രതിപക്ഷം രൂക്ഷമായി വിമർശിച്ചു.
സി.എം.ആർ.എൽ കമ്പനിക്ക് കരിമണൽ ഖനനത്തിന് വേണ്ട സഹായങ്ങൾ ചെയ്തുനൽകിയത് മുഖ്യമന്ത്രി നേരിട്ടാണ്. ഇതിന് മാസപ്പടിയായി വീണാ വിജയന്റെ അക്കൗണ്ടിലേക്ക് അഞ്ചുലക്ഷം രൂപ വീതവും എക്സാലോജിക്കിന്റെ അക്കൗണ്ടിലേക്ക് മൂന്ന് ലക്ഷം രൂപ വീതവും ലഭിച്ചു. ഖനനാനുമതിക്കായി 2018-ൽ വ്യവസായ നിയമത്തിൽ ഭേദഗതി പോലും വരുത്തി. 2019-ൽ വ്യവസായ വകുപ്പിന്റെ കീഴിലുണ്ടായിരുന്ന ഫയൽ മുഖ്യമന്ത്രി നേരിട്ട് വിളിച്ചുവരുത്തിയെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ അഴിമതിയാരോപണം ഉന്നയിക്കാൻ തനിക്ക് അനുമതി നിഷേധിച്ച സ്പീക്കർ മുഖ്യമന്ത്രിക്ക് പരിച തീർക്കുകയായിരുന്നെന്ന് മാത്യു ആരോപിച്ചു. രേഖകളുടെ പകർപ്പുണ്ടായിട്ടും അനുമതി നിഷേധിച്ചെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ആരോപണം. രേഖയുടെ പകർപ്പ് അവ്യക്തമായ നിലയിലായിരുന്നുവെന്നാണ് സ്പീക്കർ നൽകിയ മറുപടി. ആരോപണങ്ങൾ ഇവിടെ അവസാനിക്കുന്നില്ലെന്നും പാർട്ട് ബിയും സിയുമൊക്കെ തന്റെ കൈവശം ഉണ്ടെന്നും പറഞ്ഞാണ് മാത്യു കുഴൽനാടൻ വാർത്താസമ്മേളനം അവസാനിപ്പിച്ചത്.