Kerala
P Sarin shares hope in Palakkad bypoll
Kerala

'ജനങ്ങളുടെ തീരുമാനം അട്ടിമറിക്കാനാവില്ല, ശരിയുടെ തീരുമാനമായിരിക്കും പാലക്കാട്ടേത്'- പി സരിൻ

Web Desk
|
20 Nov 2024 4:05 AM GMT

"തെരഞ്ഞെടുപ്പ് കഴിയും വരെ രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നതൊന്നും വിശ്വസിക്കാൻ കൊള്ളില്ല"

പാലക്കാട്: പാലക്കാട്ടെ ജനങ്ങളുടെ തീരുമാനം അട്ടിമറിക്കാനാവില്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി പി സരിൻ. പക്ഷം പറഞ്ഞ് വോട്ടുകളെ തിരിച്ചിരുന്ന യുഗം അവസാനിച്ചെന്നും പാലക്കാട്ടേത് സത്യത്തിന്റെ തീരുമാനമായിരിക്കുമെന്നും സരിൻ പറഞ്ഞു.

സരിന്റെ വാക്കുകൾ:

"ജനങ്ങളെ വെല്ലുവിളിക്കുന്ന എല്ലാ ശീലങ്ങൾക്കും ഇത്തവണത്തെ തെരഞ്ഞെടുപ്പ് മറുപടി നൽകും. പാലക്കാടിന്റേത് ശരിയുടെയും സത്യത്തിന്റെയും തീരുമാനമായിരിക്കും. ജനങ്ങളുടെ തീരുമാനത്തെ അട്ടിമറിക്കാൻ ആർക്കും സാധ്യമല്ല. പാലക്കാടിന് നല്ലത് തോന്നും.

തെരഞ്ഞെടുപ്പ് കഴിയും വരെ രാഹുൽ പറയുന്നതൊന്നും വിശ്വസിക്കാൻ കൊള്ളില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞ് റിസൾട്ടും വന്ന് കഴിയുമ്പോൾ ആ മനുഷ്യൻ പറയുന്ന എന്ത് കാര്യവും വിശ്വാസത്തിലെടുക്കാം. അപ്പോഴേക്കും സ്ഥിരബോധം തിരിച്ചു കിട്ടും.

പാലക്കാടിന്റെ ജനാധിപത്യബോധവും മതേതര കാഴ്ചപ്പാടുമൊക്കെ ഉയർത്തിപ്പിടിക്കുന്ന തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. ഒന്നര ലക്ഷത്തിന് മുകളിൽ വോട്ട് പോൾ ചെയ്യപ്പെടും. വിദേശത്ത് നിന്നടക്കമുള്ളവർ വോട്ട് ചെയ്യാനെത്തുന്നുണ്ട്. വോട്ടിങ് ശതാനം കുറയാൻ സാധ്യതയില്ല.

ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കേന്ദ്രീകരിച്ചാണ് പ്രചാരണം. കള്ളവോട്ട് ആരോപണത്തിൽ പരാതിയുണ്ടെങ്കിൽ കാര്യമാക്കുന്നില്ല. ഇരട്ട വോട്ടുള്ള ആരും തന്നെ വോട്ട് ചെയ്യാനെത്തില്ല എന്ന ആത്മവിശ്വാസമുണ്ട്. കലക്ടർ സ്വീകരിച്ച നടപടി സ്വാഗതാർഹമാണ്. 70,000ത്തിൽ കുറയാതെ ഇടതുപക്ഷത്തിന് വോട്ട് കിട്ടുമെന്നാണ് പ്രതീക്ഷ".

പാലക്കാട് മണപ്പുള്ളിക്കാവ് ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് സരിനും ഭാര്യ സൗമ്യയും വോട്ട് ചെയ്യാനെത്തിയത്. ട്രൂ ലാൻഡ് പബ്ലിക് സ്‌കൂളിലെ 88ാം നമ്പർ ബൂത്തിലായിരുന്നു സരിന് വോട്ട്. ബൂത്തിൽ വിവിപാറ്റിന്റെ സാങ്കേതിക പ്രശ്‌നത്തെ തുടർന്ന് വോട്ടിംഗ് കുറച്ച് സമയം വൈകിയിരുന്നു.

Similar Posts