'കള്ളന്മാർക്ക് മറുപടിയില്ല, വൈകിട്ട് മാധ്യമങ്ങൾക്ക് മുന്നിൽ മറുപടി പറയും'- വ്യാജ വോട്ട് ആരോപണത്തിൽ സരിൻ
|"പറഞ്ഞു പറഞ്ഞ് യുഡിഎഫ് മുറത്തിൽ കയറി കൊത്തി, മുറം ചേറിത്തന്നെ കരടൊക്കെ കളയണമല്ലോ"
പാലക്കാട്: വ്യാജ വോട്ട് ആരോപണത്തിൽ വൈകീട്ട് മാധ്യമങ്ങൾക്ക് മുന്നിൽ മറുപടി നൽകുമെന്ന് എൽഡിഎഫ് സ്ഥാനാർഥി പി സരിൻ. കള്ളന്മാരോട് മറുപടി പറയേണ്ട ആവശ്യമില്ലെന്നും സത്യം ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും സരിൻ മീഡിയവണിനോട് പറഞ്ഞു.
സരിന്റെ വാക്കുകൾ:
"കള്ളന്മാരുടെ ചോദ്യത്തിന് സാധാരണ ഞാൻ മറുപടി പറയാറില്ല. പക്ഷേ ജനങ്ങളുടെ ചോദ്യത്തിന് മറുപടി പറയണമല്ലോ. അതുകൊണ്ട് എന്റെ സ്വന്തം വീട്ടിൽ വെച്ച് മാധ്യമങ്ങൾക്ക് മുന്നിൽ വ്യാജവോട്ട് ആരോപണത്തിന് മറുപടി പറയും. 4 മണിക്ക് മഹാപത്രസമ്മേളനം ഉണ്ടാകും. ആര് പറയുന്നതാണ് ശരി എന്ന് ജനമാണ് വിലയിരുത്തേണ്ടത്. യുഡിഎഫ് അല്ല. പറഞ്ഞു പറഞ്ഞ് യുഡിഎഫ് മുറത്തിൽ കയറി കൊത്തി. മുറം ചേറിത്തന്നെ കരടൊക്കെ കളയണമല്ലോ. അത് തന്നെയാണ് ഉദ്ദേശം. വയനാട്ടിലെപ്പോലെയാവില്ല പാലക്കാട്. ജനം മുഴുവൻ വോട്ട് ചെയ്യാനുണ്ടാവും. കണക്ക് തീർക്കാനുണ്ടവർക്ക്".
3 മാസം മാത്രം പാലക്കാട് താമസിച്ച സരിന് എങ്ങനെ മണ്ഡലത്തിൽ വോട്ടുണ്ടായി എന്നായിരുന്നു കഴിഞ്ഞ ദിവസം യുഡിഎഫ് ഉയർത്തിയ ചോദ്യം. ആറ് മാസം തുടർച്ചയായി താമസിച്ചതിന്റെ റെസിഡൻസ് സർട്ടിഫിക്കറ്റ് നൽകിയാലേ വോട്ട് ചേർക്കാനാവൂ എന്നിരിക്കെ സരിൻ എങ്ങനെ വോട്ട് ചേർത്തു എന്ന ചോദ്യം പ്രതിപക്ഷനേതാവ് വി.ഡി സതീശനാണ് ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് നടക്കുമെന്ന് കണ്ടപ്പോഴാണ് സ്ഥാനാർഥിയാകുന്നതിന് വേണ്ടി പാലക്കാട് വാടക വീടെടുത്തതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.