എ.കെ ഷാനിബ് സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറണമെന്ന് പി.സരിന്‍
|ഷാനിബ് ഉയർത്തിയ രാഷ്ട്രീയം എല്ലാവരും സ്വീകരിച്ചു. ഷാനിബ് തന്നെ പിന്തുണക്കണം
പാലക്കാട്: കോൺഗ്രസ് വിമതൻ എ.കെ ഷാനിബ് സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറണമെന്ന് പാലക്കാട് എൽഡിഎഫ് സ്ഥാനാർഥി പി. സരിൻ. ഷാനിബ് ഉയർത്തിയ രാഷ്ട്രീയം എല്ലാവരും സ്വീകരിച്ചു. ഷാനിബ് തന്നെ പിന്തുണക്കണം. ഷാനിബ് പത്രിക നൽകുന്നില്ലെങ്കിൽ നേരിട്ട് കാണാൻ തയ്യാറാണെന്നും സരിൻ പറഞ്ഞു.
പത്രിക നൽകരുതെന്ന് സരിൻ അഭ്യർത്ഥിച്ചു. ഷാനുബിന്‍റേത് ഒറ്റപ്പെട്ട ശബ്ദമാകരുത്. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയെ പിന്തുണയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാല്‍ തന്‍റെ സ്ഥാനാർഥിത്വത്തിൽ മാറ്റമില്ലെന്ന് ഷാനിബ് വ്യക്തമാക്കി. പിൻമാറണമെന്ന സരിന്‍റെ അഭ്യർത്ഥന മാനിക്കുന്നു. തന്‍റേത് ഒറ്റപ്പെട്ട ശബ്ദമല്ല. കോൺഗ്രസിലെ വലിയ നേതാക്കൾ മുതൽ പ്രവർത്തകർ വരെ തന്നോട് മത്സരിക്കാൻ ആവശ്യപ്പെട്ട. ആവശ്യപ്പെട്ടാൽ സരിനുമായി കൂടിക്കാഴ്ച നടത്തും. സരിൻ സ്ഥാനാർഥിയായത് പാലക്കാട് ആവേശം സൃഷ്ടിച്ചു. സരിൻ്റെ സ്ഥാനാർഥിത്വം ജനങ്ങൾ സ്വീകരിച്ചു. താൻ സ്ഥാനാർഥിയായതിൻ്റെ സാഹചര്യം മറ്റൊന്ന്. വി.ഡി സതീശൻ ബിജെപി ജയിക്കാൻ നടത്തുന്ന പോരാട്ടമാണ്. പിന്മാറ്റം എന്ന ആശയം LDF തുടക്കം മുതൽ തനിക്ക് കൈമാറുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യൂത്ത് കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറിയാണ് ഷാനിബ്. തന്‍റെ സ്ഥാനാര്‍ഥിത്വം ഒരിക്കലും ബി.ജെ.പിക്ക് അനുകൂലമായിരിക്കില്ലെന്നും പകരം ഷാഫി പറമ്പിലിനും രാഹുല്‍ മാങ്കൂട്ടത്തിലിനുമുള്ള മറുപടിയായിരിക്കുമെന്നുമാണ് ഷാനിബ് പറഞ്ഞത്. '' കുറെക്കാലമായി പാര്‍ട്ടിക്കുവേണ്ടി പോസ്റ്റര്‍ ഒട്ടിക്കുന്ന പുഴുക്കളും പ്രാണികളുമായുള്ള ആളുകളാണ് എന്നെ വിളിച്ചത്. സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുണ്ടെങ്കില്‍ അവര്‍ എന്‍റെയൊപ്പം വരാന്‍ ഒരുക്കമാണെന്നാണ് അറിയിച്ചത്. എന്നാല്‍, മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയുമായി ഇതുവരെ ഒരുതരത്തിലുള്ള ചര്‍ച്ചയും നടത്തിയിട്ടില്ലാത്തത് കൊണ്ട് രാഷ്ട്രീയ സംരക്ഷണം കൊടുക്കാനുള്ള സംവിധാനം ഇപ്പോള്‍ എനിക്കില്ല. കോണ്‍ഗ്രസിനുള്ളിലെ പ്രവര്‍ത്തകര്‍ക്ക് അതൃപ്തിയുണ്ട്, പ്രതിഷേധമുണ്ട്, ഈ അഹങ്കാരത്തിനും ധാര്‍ഷ്ട്യത്തിനുമെതിരേ പ്രതികരിക്കണമെന്ന് നിലപാടുമുണ്ടെന്നും'' ഷാനിബ് വ്യക്തമാക്കിയിരുന്നു.ഷാനിബ് ഇന്ന് പത്രിക സമർപ്പിക്കും.
അതേസമയം പാലക്കട്ടെ എൽഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷനുകൾക്ക് ഇന്ന് തുടക്കമാകും. വൈകിട്ട് 4 മണിക്ക് നടക്കുന്ന കൺവെൻഷനിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. സരിൻ ക്ഷേത്ര ദർശനത്തിന് ശേഷം മാധ്യമങ്ങളെ കാണും. ശേഷം വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തും. അതിനാൽ ഇന്ന് മണ്ഡലത്തിൽ പര്യടനം ഉണ്ടാകില്ല. യുഡിഎഫ്, ബിജെപി സ്ഥാനാർഥികൾ വിവിധയിടങ്ങളിൽ പര്യടനം തുടരും.