രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാലക്കാട് സരിൻ മത്സരിക്കും; എൽഡിഎഫ് പിന്തുണക്കും
|രാവിലെ പത്ത് മണിക്ക് സരിൻ വാർത്തസമ്മേളനം നടത്തും
പാലക്കാട്: പാലക്കാട് സ്ഥാനാർഥിയായി രാഹുൽ മാങ്കൂട്ടത്തിലിനെ നിർത്തിയതിൽ കോൺഗ്രസുമായി ഇടഞ്ഞ പി.സരിൻ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയാകും. സരിൻ സിപിഎം നേതാക്കളുമായി ചർച്ച നടത്തി. മത്സരിക്കാൻ സന്നദ്ധമാണെന്ന് നേതാക്കളെ സരിൻ അറിയിച്ചു. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന സരിനെ ഇടതുപക്ഷം പിന്തുണക്കുകയാണ് ചെയ്യുക . ഇന്ന് രാവിലെ പത്ത് മണിയോടെ സരിൻ വാർത്തസമ്മേളനം നടത്തും.
സരിനെ സ്ഥാനാർഥിയാക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നു. സരിൻ വരുന്നത് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ. നിലവിൽ എൽഡിഎഫ് പാലക്കാട്ട് മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ തവണ ഇ. ശ്രീധരൻ നേട്ടമുണ്ടാക്കിയത് ബിജെപി വോട്ടുകൾകൊണ്ട് മാത്രമല്ല. സവർണ വോട്ടുകൾ ശ്രീധരനെ സഹായിച്ചിട്ടുണ്ട്. സരിന്റെ സിവിൽ സർവീസ് പ്രൊഫൈൽ തെരഞ്ഞെടുപ്പിൽ സഹായകരമാവുമെന്ന വിലയിരുത്തൽ സിപിഎമ്മിനുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർഥിത്വത്തിനെതിരെ നിൽക്കുന്ന കോൺഗ്രസുകാരുടെ വോട്ടുകളും സരിനിലൂടെ എൽഡിഎഫിലെത്തിക്കാനാവുമെന്നാണ് വിലയിരുത്തൽ. രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കിയതിൽ ഇടഞ്ഞ സരിൻ വാർത്താസമ്മേളനം വിളിച്ച് പ്രതിഷേധം അറിയിച്ചിരുന്നു. ആരുടെയെങ്കിലും വ്യക്തിതാൽപര്യമല്ല കൂട്ടായ തീരുമാനമാണ് സ്ഥാനാർഥി നിർണയത്തിലുണ്ടാകേണ്ടതെന്നും സരിൻ പറഞ്ഞിരുന്നു.
അതെ സമയം അൻവറിൻ്റെ സംഘടനയായ ഡി എം കെയുടെ സ്ഥാനാർഥികളെയും ഇന്ന് പ്രഖ്യാപിക്കും. ജീവകാരുണ്യ പ്രവർത്തകൻ മിൻഹാജാണ് പാലക്കാട്ടെ സ്ഥാനാർത്ഥി . കോൺഗ്രസ് നേതാവ് എൻ. കെ സുധീർ ചേലക്കരയിൽ മത്സരിക്കും.