സരിനായി പരസ്യം നൽകിയത് അനുമതി വാങ്ങാതെ; നോട്ടീസ് അയയ്ക്കും
|സന്ദീപ് വാര്യരുടെ പഴയ പരാമർശങ്ങൾ അടങ്ങിയ പരസ്യത്തിന് അപേക്ഷ ലഭിച്ചിട്ടില്ലെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസർ
പാലക്കാട്: പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി പി.സരിനായി പത്രപ്പരസ്യം നൽകിയത് അനുമതി വാങ്ങാതെ. സന്ദീപ് വാര്യരുടെ പഴയ പരാമർശങ്ങൾ അടങ്ങിയ പരസ്യത്തിന് അപേക്ഷ ലഭിച്ചിട്ടില്ലെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസർ കലക്ടർക്ക് റിപ്പോർട്ട് നൽകി. വിഷയത്തിൽ സരിനും ചീഫ് ഇലക്ഷൻ ഏജന്റിനും കലക്ടർ നോട്ടീസ് അയയ്ക്കും. തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് നൽകുന്ന പരസ്യത്തിന് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ അനുമതി വാങ്ങേണ്ടതുണ്ട്.
സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനം ആസ്പദമാക്കി മുസ്‌ലിം മാനേജ്‌മെന്റ് പത്രങ്ങളിലാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. സമസ്തയുടെ സുപ്രഭാതത്തിലും എ.പി വിഭാഗത്തിന്റെ സിറാജിലും, 'ഈ വിഷനാവിനെ സ്വീകരിക്കുകയോ, കഷ്ടം' എന്ന തലക്കെട്ടോടെ ആയിരുന്നു പരസ്യം. പാലക്കാട് ഉപതെരഞ്ഞെടുപ്പിന് തൊട്ടുതലേന്ന് വന്ന പരസ്യം ഏറെ വിവാദം സൃഷ്ടിക്കുകയും ചെയ്തു. ഈ വിഷയത്തിലാണ് ഇപ്പോൾ പുതിയ വെളിപ്പെടുത്തലുകൾ ഉണ്ടാകുന്നത്.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിയമപ്രകാരം, പരസ്യത്തിന്റെ ഡിസൈനടക്കം നൽകിയാണ് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിക്ക് അപേക്ഷ നൽകേണ്ടത്. ജില്ലാ കലക്ടർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ഒരു മാധ്യമപ്രവർത്തകൻ, കേന്ദ്രസർക്കാർ ഉദ്യോഗസ്ഥൻ എന്നിവരാണ് കമ്മിറ്റിയിലുണ്ടാവുക. ഈ കമ്മിറ്റിയുടെ അനുമതി പോലും തേടാതെയാണ് പരസ്യം പ്രസിദ്ധീകരിച്ചത് എന്നതിനാൽ സ്ഥാനാർഥിയടക്കം നടപടി നേരിടേണ്ടി വരും. സരിൻ ജയിക്കുകയാണെങ്കിൽ സ്ഥാനാർഥിക്കെതിരെ എതിർസ്ഥാനാർഥികൾക്ക് കോടതിയെ സമീപിക്കാം. തുടർനടപടിയായി അയോഗ്യത പോലും നേരിടേണ്ടിയും വന്നേക്കാം.
രണ്ട് പത്രങ്ങളിൽ മാത്രം പരസ്യം നൽകിയത് കൃത്യമായ ലക്ഷ്യം വെച്ചുകൊണ്ടാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മുസ്‌ലിം സമുദായത്തിനിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ പരസ്യം നൽകി എന്നാണ് പ്രധാനമായും ഉയരുന്ന ആരോപണം.
യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ പരസ്യത്തിനായി സമർപ്പിച്ച അപേക്ഷ ഇതിനിടെ പുറത്ത് വന്നിരുന്നു. പരസ്യത്തിനായുള്ള അപേക്ഷയും ഇതിന്റെ ഡിസൈനുമടങ്ങുന്ന രണ്ട് കത്തുകളാണ് ഉണ്ടായിരുന്നത്. വിഷയത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് യുഡിഎഫിന്റെ തീരുമാനം.